Connect with us

National

റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചു; ബജറ്റ് അവതരണം ഇനി ഫെബ്രുവരി ഒന്നിന്

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്ത വര്‍ഷം മുതല്‍ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് നടത്താനും തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീര്‍ുമാനങ്ങള്‍ എടുത്തത്. പൊതു- റെയില്‍വേ ബജറ്റുകള്‍ ഒന്നിപ്പിക്കുന്നതോടെ 92 വര്‍ഷം പഴക്കമുള്ള കീഴ് വഴക്കമാണ് ചരിത്രമാകുന്നത്.

റെയില്‍വേ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിക്കണമെന്ന് ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി കേന്ദ്ര സമിതി ശിപാര്‍ശ ചെയ്തിരുന്നു. റെയില്‍വേ മന്ത്രാലയവും ഇതിന് പച്ചക്കൊടി കാട്ടിയതോടെയാണ് തീരുമാനം എളുപ്പത്തിലായത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നേരത്തെ തന്നെ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു.

ബജറ്റ് അവതരണം സാമ്പത്തിക വര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയായാല്‍ മാര്‍ച്ച് ഒന്നിന് തന്നെ ഫണ്ടുകള്‍ അനുവദിക്കാനാകും. ഇത് കണക്കിലെടുത്താണ് ഫെബ്രുവരിയിലെ അവസാന പ്രവര്‍ത്തിദിവസം അവതരിപ്പിക്കുന്ന കീഴ് വഴക്കം മാറ്റി ഫെബ്രുവരി ആദ്യ ദിനം ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

192021ല്‍ ബ്രിട്ടീഷ് റെയില്‍വേ സാമ്പത്തിക വിദഗ്ധന്‍ വില്യം അക് വര്‍ത് അധ്യക്ഷനായ പത്തംഗ സമിതിയാണ് റെയില്‍വേക്കായി പ്രത്യേക ബജറ്റ് തയാറാക്കാനുള്ള ശിപാര്‍ശ നല്‍കിയത്. 1924ല്‍ പ്രാബല്യത്തില്‍ വന്ന ഈ ശിപാര്‍ശ സ്വാതന്ത്രാനന്തരവും ഇന്ത്യ പിന്തുടരുകയായിരുന്നു. അക് വര്‍ത് സമിതി ശിപാര്‍ശ പ്രകാരം ആദ്യ റെയില്‍വേ ബജറ്റ് 1924 മാര്‍ച്ച് 24ന് അവതരിപ്പിക്കപ്പെട്ടു.

---- facebook comment plugin here -----

Latest