Connect with us

Articles

എപ്പോഴാണ് കേരളീയര്‍ 'സദ്യ' കഴിച്ചു തുടങ്ങിയത്?

Published

|

Last Updated

ഒരു ജനതയുടെ സംസ്‌കാരത്തിന്റെ പ്രധാന സവിശേഷതകള്‍ പ്രതിഫലിക്കുന്നത് അവരുടെ ഭാഷയിലും വസ്ത്രത്തിലും ഭക്ഷണത്തിലുമാണെന്ന് പറയാറുണ്ട്. എല്ലാ ജനതക്കും അവരുടേതായ ഭക്ഷണ ശൈലിയും സ്വന്തം വിഭവങ്ങളുമുണ്ടാകും. അത് അവരുടെ ഭാഷയുമായും ശബ്ദരീതിയുമായും ബന്ധപ്പെട്ട് കിടക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഒരു പ്രദേശത്തെ ഭക്ഷണശൈലി ആ പ്രദേശത്തെ പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചായിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതുമില്ല. കാലാവസ്ഥയുടെയും പ്രകൃതി സന്തുലനത്തിന്റെയും പ്രതിഫലനം അവരവരുടെ ഭക്ഷണശീലത്തില്‍ വ്യക്തമായി കാണാനും സാധിക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഭക്ഷണ രീതിയില്‍ മറ്റു സ്വാധീനങ്ങള്‍ വരികയും തനത് വിഭവങ്ങളില്‍ ചിലത് അപ്രത്യക്ഷമാവുകയും മറ്റു ചിലത് വന്നുചേരുകയും ചെയ്യും. ഇത് എല്ലാ സമൂഹങ്ങളിലും സ്വാഭാവികവുമാണ്. കേരളത്തിന്റെ ഭക്ഷണ രീതിയും ഏതാണ്ട് ഇത്തരത്തില്‍ പലതവണ പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുളളതാണ്. എന്നാല്‍ കേരളത്തിന്റെ തനത് ഭക്ഷണം സസ്യാഹാരമാണെന്നും പപ്പടവും പഴവും പായസവുമൊക്കെയടങ്ങിയ സദ്യയാണതെന്നും അടുത്ത കാലത്തായി ആരോ പറഞ്ഞു പഠിപ്പിച്ചതുപോലെ നാം തെറ്റിദ്ധരിച്ചു തുടങ്ങിയിരിക്കുന്നു. കുത്തരിയുടെ ചോറ്, സാമ്പാര്‍, കാളന്‍, പുളിശ്ശേരി, എരിശ്ശേരി, ഓലന്‍, അവിയല്‍, കൂട്ടുകറി, ഉപ്പേരി, അച്ചാര്‍, പുളി, പപ്പടം, പച്ചടി, കിച്ചടി, രസം, പഴം, വറുത്തുപ്പേരി, ശര്‍ക്കര ഉപ്പേരി തുടങ്ങിയ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സദ്യ കേരളത്തിന്റെ ദേശീയ ഭക്ഷണമെന്ന നിലയിലാണ് നാം പലപ്പോഴും പരിചയപ്പെടുത്തുന്നത്.
കേരളത്തില്‍ ബ്രാഹ്മണന്മാര്‍ മാത്രം ഒരു കാലത്ത് ശീലിച്ചു പോന്നിരുന്ന ഈ സദ്യവട്ടം എങ്ങനെയാണ് മലയാളിയുടെ ഭക്ഷണശീലത്തെ അടയാളപ്പെടുത്തുന്ന ഒന്നായി മാറിയതെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. പച്ചക്കറി മാത്രം കഴിച്ചാല്‍ അവന്‍ കര്‍മശുദ്ധിയുള്ള ആരോഗ്യവാനുമാകുമെന്ന് അടുത്ത കാലം വരെയുണ്ടായ പ്രചാരണത്തിന് ആരാണ് രഹസ്യമായി ചുക്കാന്‍ പിടിച്ചത്?. അവനവന്റെ ഇഷ്ടത്തിനനുസരിച്ച ഭക്ഷണക്രമങ്ങളില്‍ പോലും മറ്റൊരു വ്യക്തിക്കും ആള്‍ക്കൂട്ടത്തിനും ഇടപെടാന്‍ തക്കസൗകര്യവും സന്ദര്‍ഭവുമുള്ള നിലവിലെ സാഹചര്യത്തില്‍ “സദ്യ”യുടെ പശ്ചാത്തലം വെറുതെയെങ്കിലും ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.
ഇപ്പോഴുള്ളത് പോലെ മുമ്പ് എപ്പോഴെങ്കിലും ഭക്ഷണത്തിന്മേല്‍ ഫാസിസ്റ്റ് ശക്തികളുടെ ഇടപെടല്‍ ഉണ്ടായതുകൊണ്ടായിരിക്കാം, സദ്യയെന്നത് സസ്യാഹാരം മാത്രം എന്ന നിലയിലേക്ക് ഇവിടത്തെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ഭക്ഷണ ക്രമം മാറിപ്പോയിട്ടുണ്ടാകുക. കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് മനുഷ്യരുടെ ഭക്ഷണരീതിയെ ആദ്യകാലത്ത് നിര്‍ണയിച്ചിരുന്നതെങ്കില്‍ പില്‍ക്കാലത്ത് ജാതി അധികാരവുമായി ബന്ധപ്പെട്ട് ഇത് മാറിമറിയുകയായിരുന്നു. കഴിക്കുന്ന, അല്ലെങ്കില്‍ കഴിക്കാത്ത ആഹാരത്തിന്റെ പേരില്‍ ജാതി മേന്മയും മതമേന്മയും സ്ഥാപിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്. സമൂഹത്തില്‍ ആധിപത്യം നേടുന്ന ജാതിമത വിഭാഗങ്ങളുടെ ഭക്ഷണശീലം കാലക്രമത്തില്‍ ഒരു ദേശത്തിന്റെ സംസ്‌കാരവും തനിമയുമായി ആഘോഷിക്കപ്പെടുകയോ അല്ലെങ്കില്‍ ആചാരം പോലെ അനുഷ്ഠിക്കപ്പെടുകയോ ആയിരുന്നു. വിവിധ കാലഘട്ടങ്ങളില്‍ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും കാര്‍ഷികവുമായ ഘടകങ്ങളുടെ സ്വാധീനത്താല്‍ രൂപപ്പെട്ടതാണ് കേരളീയ ഭക്ഷണ സംസ്‌കാരമെന്ന് പൊതുവില്‍ പറയുമ്പോഴും ഭക്ഷണത്തിന്മേലുള്ള ബ്രാഹ്മണാധിപത്യമെത്രയെന്ന് വ്യക്തമാക്കാന്‍ ആരും തുനിയാറില്ല. കേരളത്തില്‍ നെല്‍കൃഷി ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായെങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെയും പ്രധാന ഭക്ഷണം അരിയായി മാറിയിട്ട് അധികം കാലമായിട്ടില്ല. ജാതിവ്യവസ്ഥയായിരുന്നു ഇതിനു കാരണമെന്നാണ് ഗവേഷകമതം. ഉയര്‍ന്ന ജാതിയില്‍പ്പെട്ട നമ്പൂതിരി, അമ്പലവാസികള്‍, നായര്‍ തുടങ്ങിയവര്‍ക്കിടയിലായിരുന്നു അരിഭക്ഷണം പതിവായിരുന്നത്. നമ്പൂതിരിമാരും അമ്പലവാസികളും സസ്യഭുക്കുകളായിരുന്നു. നായന്മാരും അവര്‍ണ ജാതികളും മാംസഭുക്കുകളായിരുന്നു. 19ാം നൂറ്റാണ്ടില്‍ രണ്ട് നേരത്തെ ഭക്ഷണം മാത്രമായിരുന്നു കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ പതിവ്. സാമ്പത്തിക ശേഷിയില്ലാത്ത നായന്മാര്‍ക്കിടയിലും അവര്‍ണ ജാതികളിലും ചോറ് അപൂര്‍വമായിരുന്നുവെന്നാണ് ഗവേഷകപക്ഷം. ഓരോ ജാതിക്കും മതത്തിനും തനതായ ഭക്ഷണങ്ങളും പാചക രീതികളുമുണ്ടായിരുന്നു.
പുഴയില്‍ നിന്ന് പിടിച്ചെടുത്ത് പാറപ്പുറത്തിട്ടുണക്കിയ മീന്‍ തേങ്ങാപ്പൂളിനൊപ്പം കടിച്ചു തിന്ന് തെങ്ങിന്‍ കള്ള് കുടിച്ച് ഉറഞ്ഞു തുള്ളി ഗ്രാമീണരുടെ സങ്കടങ്ങള്‍ കേള്‍ക്കുന്ന പറശിനിക്കടവ് മുത്തപ്പന്‍ എന്ന സങ്കല്‍പം ആദി ദ്രാവിഡരുടെയിടയില്‍ നിലനിന്നിരുന്ന പൂര്‍വിക ആരാധയില്‍ നിന്ന് രൂപം കൊണ്ടതാണെന്ന് പറയുമ്പോള്‍, ദൈവം ഭുജിച്ച “നോണ്‍വെജിറ്റേറിയന്‍” തന്നെയായിരിക്കും അന്നാട്ടുകാരുടെ ഭക്ഷണ സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്ന് നിസ്സംശയം പറയാം. അന്നത്തെ ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമുള്ള അവരുടെ സദ്യ ഇത്തരത്തിലുള്ളതു തന്നെയായിരിക്കും. ദ്രാവിഡ കേരളത്തിലെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു ഉണക്കമീനെന്ന് ഇതില്‍ നിന്ന് വായിച്ചെടുക്കാനാകും. ഉദാഹരണങ്ങള്‍ ഇനിയും വടക്കന്‍ കേരളത്തില്‍ നിന്നു തന്നെ ദൃശ്യമാണ്. പയ്യന്നൂരിലെ അഷ്ടമിച്ചിറ ഭഗവതി ക്ഷേത്രത്തില്‍ മേടമാസത്തിലെ കലശത്തോടനുബന്ധിച്ച് നടത്തുന്ന മീനമൃത് ഉത്സവം സമൂഹമായി മീന്‍ പിടിക്കുകയും സമൂഹമായി കറിവച്ച് കഴിക്കുകയും ചെയ്യുന്നതിന്റെ ആഘോഷമാണ്. പരല്‍ മീനുകളാണ് മീനമൃതിനായി ഇവിടെ പിടിച്ചെടുത്ത് ഉപയോഗിച്ചു വരുന്നത്. വടക്കന്‍ കേരളത്തിലെ നൂറുകണക്കിന് കാവുകളില്‍ തെയ്യാട്ടക്കാലത്തിന് തുടക്കമിട്ടുള്ള പത്താമുദയം ആഘോഷിക്കുന്നത് ഉണക്കലരി ചോറും മീനും കോഴിയിറച്ചിയുമൊക്കെ പാകം ചെയ്താണ്. സസ്യഭക്ഷണം മാത്രം കഴിക്കുന്നവരുടെ എത്രയോ പതിന്‍മടങ്ങ് ആളുകള്‍ ഇത്തരം ക്ഷേത്രങ്ങളിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നത് ഏറെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. തെയ്യം കഴിഞ്ഞ ശേഷമുള്ള “കരിയിടിക്കല്‍” ചടങ്ങിലും ഏറെ ഭഗവതിക്കാവുകളിലും കോഴിമാംസം നിര്‍ബന്ധമാണ്. തെയ്യാട്ടക്കാലത്ത് കോഴിയെയും ആടിനെയും അറുക്കുന്ന ചടങ്ങുകളുള്ള എത്രയോ കാവുകള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ബ്രാഹ്മണന്‍മാര്‍ താന്ത്രികപദവി ഏറ്റെടുത്തു നടത്തുന്ന ക്ഷേത്രങ്ങളാണ് ഇവയിലധികവുമെന്നതാണ് രസകരമായ വസ്തുത. കള്ളും മീനും ഇറച്ചിയും ആഹരിക്കുന്ന ദൈവങ്ങളുള്ള കാവുകളുടെ അധികാരസ്ഥാനങ്ങളിലെത്താനായെങ്കിലും ദ്രാവിഡന്റെ പഴയ ഭക്ഷണവുമായി ചേര്‍ന്ന ആരാധനാക്രമങ്ങളില്‍ മാറ്റം വരുത്താന്‍ (കാലക്രമേണ ഇതു മാറിയേക്കാമെങ്കിലും) ചിലയിടത്തെങ്കിലും ഇപ്പോഴും സവര്‍ണാധിപത്യത്തിനു കഴിഞ്ഞിട്ടില്ല.
ഓണത്തിന് മീന്‍ വിളമ്പുന്ന രീതി കേരളത്തിലെ തീരപ്രദേശങ്ങളിലുണ്ട്. ഓണക്കാലത്ത് പെയ്യുന്ന അതിശക്തമായ മഴയില്‍ പാടത്തേക്കും തോട്ടിലേക്കും പുഴയില്‍ നിന്ന് വെള്ളം കയറുന്നതും അതിലൂടെ മീന്‍ തള്ളിക്കയറിവരുന്നതും കീഴ്ജാതിയില്‍പ്പെട്ട മനുഷ്യര്‍ കൂട്ടത്തോടെ മീന്‍ പിടിക്കുന്നതും മീന്‍ പാകം ചെയ്യുന്നതും അങ്ങനെ ഓണം അവര്‍ ഉത്സവമാക്കി മാറ്റുന്നതും ചില നാടന്‍ പാട്ടുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേരളീയരുടെ ഭക്ഷണ ക്രമവും പാചക രീതികളും വികസിച്ചത് ഇങ്ങനെയൊക്കെയാണെന്ന് ഇത്തരം നിരവധി സംഭവങ്ങളില്‍ നിന്ന് വ്യക്തമാകും.
ഭക്ഷണവുമായി ബന്ധപ്പെട്ട വിലക്കുകളും ആചാരങ്ങളും കേരളത്തിലുണ്ടായിരുന്നു. 20ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ഇവ തുടര്‍ന്നു വന്നു. ഭക്ഷണം കഴിക്കാനുള്ള രീതികള്‍, ഭക്ഷണവുമായി ബന്ധപ്പെട്ട വ്രതങ്ങള്‍, ഭക്ഷണവിവേചനങ്ങള്‍ തുടങ്ങിയവയെല്ലാം നമ്മുടെ ഭക്ഷണസംസ്‌കാര ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. നാല്‍പത്തിനാല് നദികളും കായലുകളും ഒരുഭാഗം മുഴുവന്‍ കടലും അസംഖ്യം കുളങ്ങളും തോടുകളും നിറഞ്ഞ കേരളം മത്സ്യസമൃദ്ധമായിരുന്നു. മത്സ്യമാംസ ഭക്ഷണ ശീലങ്ങളുടെ വലിയ പാരമ്പര്യവും ഇങ്ങനെ കേരളത്തിനുണ്ട്.
പക്ഷെ, എപ്പോഴാണ് നമ്മുടെ ഭക്ഷണ ശീലങ്ങള്‍ക്കുമേല്‍ ആധിപത്യം വന്നു തുടങ്ങിയത്. ദ്രാവിഡ ദൈവങ്ങളെയും ക്ഷേത്രങ്ങളെയുമൊക്കെ ആര്യന്മാര്‍ സ്വന്തമാക്കിയപ്പോഴും അവരുടെ മേല്‍കോയ്മ സ്ഥാപിച്ചെടുക്കാനായി ഇതിഹാസങ്ങളും പുരാണങ്ങളും വേദങ്ങളും രചിച്ചപ്പോഴും ഉണ്ടായിരുന്ന പലതിനും രൂപ പരിണാമം വരുത്തിയപ്പോഴുമെല്ലാം നമ്മുടെ ഭക്ഷണ ശീലങ്ങളും ക്രമേണ മാറിമറിയുകയായിരുന്നു.
പൗരോഹിത്യത്തിന്റെയും വൈദികസംസ്‌കാരത്തിന്റെയും വിശ്വാസപ്രമാണങ്ങളെ അന്ധമായി അംഗീകരിക്കാത്ത അധികാരകേന്ദ്രങ്ങളെ ഇല്ലാതാക്കിയതു പോലെ തന്നെയായിരിക്കണം ഫലത്തില്‍ ബ്രാഹ്മണാധിപത്യം പ്രാദേശിക ജനസമൂഹത്തിനുമേല്‍ അവരുടെ ഭക്ഷണ ശീലങ്ങളെയും അടിച്ചേല്‍പ്പിച്ചത്. ചാമയും തിനയും കൂവരകും മുതിരയുമെല്ലാം കൊണ്ടുള്ള കഞ്ഞിയോ പുഴുക്കോ ആയിരുന്നു എറ്റവുമടുത്ത കാലത്തുവരെ കേരളത്തിലെ സാധാരണ ജനങ്ങളുടെ ഭക്ഷണം. സമ്പന്ന വീടുകളില്‍ നിന്ന് കഞ്ഞിവെള്ളവും തവിടും വാങ്ങിയുണ്ടാക്കിയ പുക്കനും മലയാളിയുടെ ഭക്ഷണശീലങ്ങളില്‍ പ്രധാനമായിരുന്നു. മണ്‍പാത്രത്തില്‍ പഴങ്കഞ്ഞിവെള്ളത്തിനൊപ്പം അരികഴുകിയ വെള്ളം ഒഴിച്ചു വെച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഞ്ഞിവെള്ളം വീണ്ടുമൊഴിച്ച് വച്ച് നാലഞ്ച് ദിവസം കഴിഞ്ഞാല്‍, തുടര്‍ച്ചയായി ഒഴിച്ച് വെക്കുന്ന വെള്ളത്തിന്റെ മേല്‍ത്തെളി ഊറ്റിക്കളഞ്ഞ് അടിയില്‍ ഊറിക്കിടക്കുന്ന കൊഴുപ്പില്‍ തവിടും നുറുക്കരിയും ചേര്‍ത്ത് പായസം പോലെ പാകം ചെയ്‌തെടുക്കുന്ന പുക്കന്‍ ഒരു കാലത്ത് വടക്കെ മലബാറിലെ പാവങ്ങളുടെ പതിവ് ഭക്ഷണശീലമായിരുന്നു. പുളിയുള്ള പുക്കന്‍ മീന്‍ കറിയോ ശര്‍ക്കരത്തുണ്ടോ കൂട്ടിയാണു കഴിച്ചിരുന്നത്. എന്നാല്‍ ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ജാതികള്‍ക്ക് ഇക്കാലത്ത് സദ്യകള്‍ പതിവായിരുന്നു. അമ്പലങ്ങളിലെ നിവേദ്യങ്ങളും രാജാക്കന്മാരും പ്രഭുക്കന്മാരും നടത്തിയിരുന്ന ഊട്ടുകളും ബ്രാഹ്മണര്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. എത്ര കഷ്ടപ്പെട്ടാലും ഒരു ദിവസം ഉന്നതര്‍ കഴിക്കുന്ന ഊട്ടുപോലെയൊന്ന് വേണമെന്ന് ആരോ പറഞ്ഞ് പഠിപ്പിച്ച വിശ്വാസം കൊല്ലത്തിലൊരിക്കലെങ്കിലും സദ്യ വേണമെന്ന തലത്തിലേക്ക് പിന്നീട് മാറ്റിയെടുക്കപ്പെട്ടു. അങ്ങനെ കാണം വിറ്റും സദ്യയൊരുക്കിയ മലയാളി എപ്പോഴോ അവന്റെ തനത് ഭക്ഷണരീതിയെ മറന്നു കളയുകയായിരുന്നു. വടക്കന്‍ ജില്ലകളില്‍ ആഘോഷങ്ങളിലും മറ്റും പലയിടത്തും സദ്യ “നോണ്‍വെജ്” ആണെങ്കിലും ഇപ്പോഴും മലയാളിയുടെ ഔദ്യഗിക സദ്യ മീനും ഇറച്ചിയുമില്ലാത്ത സസ്യസമൃദ്ധം തന്നെ.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest