Connect with us

Gulf

ഷാര്‍ജയില്‍ സിവില്‍ ഡിഫന്‍സ് പട്രോളിംഗും രംഗത്ത്

Published

|

Last Updated

ഷാര്‍ജ: എമിറേറ്റിലെ താമസക്കാരുടെ സുരക്ഷിതത്വത്തിനും തീപിടുത്ത അപകടങ്ങളില്‍ യഥാസമയം കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നതിനുമായി ഷാര്‍ജയില്‍ സിവില്‍ ഡിഫന്‍സ് സംഘം പട്രോളിംഗ് നടത്തും. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരടങ്ങിയ സംഘം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പട്രോളിംഗ് വാഹനങ്ങളില്‍ സഞ്ചരിക്കും. 11 വാഹനങ്ങളാണ് ഇതിനായി സിവില്‍ ഡിഫന്‍സ് രംഗത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ അല്‍ ഗഫിയ മേഖലയിലെ താമസ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ താമസക്കാരുടെ ജീവന്‍ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തിയെങ്കിലും മാതാവും രണ്ട് പെണ്‍മക്കളും പുക ശ്വസിച്ച് മരണപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ കുടുംബങ്ങള്‍ കൂടുതലായി താമസിക്കുന്ന മേഖലകളില്‍ സംഘത്തിന്റെ നിരീക്ഷണം കൂടുതലായുണ്ടാകും.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ പട്രോളിംഗ് ആരംഭിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ ജനറല്‍ ലെഫ്. കേണല്‍ സാമി ഖമീസ് അല്‍ നഖ്ബി പറഞ്ഞു.
അപകടസ്ഥലങ്ങളിലെത്തുന്ന പട്രോളിംഗ് സംഘം അപകടം സംഭവിച്ച കെട്ടിടങ്ങളുടെ സുരക്ഷക്കൊപ്പം തൊട്ടടുത്ത കെട്ടിടങ്ങളുടെ സുരക്ഷ കൂടി പരിശോധിക്കുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കെട്ടിടങ്ങളിലും സംഘം പരിശോധന നടത്തും. തൊഴിലാളികള്‍ക്ക് വേണ്ടത്ര സുരക്ഷയൊരുക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണിത്.
പുതിയ പട്രോളിംഗ് സംഘത്തിന് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഏത് അടിയന്തര ഘട്ടത്തെയും തരണം ചെയ്യാന്‍ ഇവര്‍ സജ്ജരാണെന്നും സാമി ഖമീസ് അല്‍ നഖ്ബി വ്യക്തമാക്കി.
ഓരോ പട്രോളിംഗ് വാഹനത്തിലും ആധുനിക ഉപകരണങ്ങളും രണ്ട് വിദഗ്ധരുമുണ്ടാകും.
അതേസമയം പട്രോളിംഗിനിടയില്‍ കെട്ടിടങ്ങളില്‍ അപകടകരമാം വിധം തീ പിടിക്കാനുള്ള വസ്തുക്കള്‍ കണ്ടെത്തിയാല്‍ കെട്ടിട ഉടമക്ക് താക്കീത് നല്‍കുകയും പിഴയീടാക്കുകയും ചെയ്യും.

Latest