Connect with us

Kerala

ദളിത്, ന്യൂനപക്ഷങ്ങളുടെ എതിര്‍പ്പ് കുറക്കാന്‍ ബി ജെ പി കരുനീക്കം

Published

|

Last Updated

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് രാജ്യത്ത് വര്‍ധിച്ചുവരുന്ന ദളിത്, ന്യൂനപക്ഷ പ്രക്ഷോഭങ്ങളുടെ മുനയൊടിക്കാന്‍ ബി ജെ പി പൊടിക്കൈകള്‍ ആലോചിക്കുന്നു. ബി ജെ പി ശക്തികേന്ദ്രമായ ഗുജറാത്ത് അടക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പല സംസ്ഥാനങ്ങളിലും ദളിതുകള്‍ക്കിടയില്‍ പാര്‍ട്ടിക്കെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ വെല്ലുവിളി എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ച് നേതൃത്വം ആലോചന തുടങ്ങി. 23 മുതല്‍ മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച വിശദ ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരമേറിയ ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ നിരവധി ആക്രമണങ്ങളാണ് അരങ്ങേറുന്നത്. ഗോവധത്തിന്റെയും മറ്റും പേരില്‍ നിരവധി കൊലപാതകങ്ങളും ആക്രമണങ്ങളും നടന്നു. ഗോമാംസം കൈവശം വെച്ചെന്നാരോപിച്ച് ന്യൂനപക്ഷ യുവാക്കള്‍ പൊതുയിടങ്ങില്‍ ക്രൂരമായി വേട്ടയാടപ്പെട്ടു. ദളിത് മോചനത്തിനായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളും സര്‍വകലാശാലാ വിദ്യാര്‍ഥികളും പീഡനങ്ങള്‍ നേരിട്ടു. ബി ജെ പിയിലെ ചില നേതാക്കള്‍ പരസ്യമായി ദളിത്- ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി പ്രകോപനങ്ങളുണ്ടാക്കി. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലും ദളിത് പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു.
ഗുജറാത്തില്‍ ഉനയില്‍ അഞ്ച് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് ജിഗ്‌നേഷ് മെവാനിയുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭമാണ് അരങ്ങേറിയത്. ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. പഞ്ചാബില്‍ ബി ജെ പി- ശിരോമണി അകാലിദള്‍ സര്‍ക്കാറിനെതിരെ ജനവിരുദ്ധ വികാരം ശക്തമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച അപ്രതീക്ഷിത മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് അടുത്ത ഉത്തര്‍പ്രദേശില്‍ ബി ജെ പി വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ദാദ്രി സംഭവമടക്കം ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ അരങ്ങേറിയത്. ഈ സാഹചര്യത്തിലാണ് പ്രതിച്ഛായ മെച്ചപ്പെടുത്താനും ദളിതുകള്‍ക്കിടയിലെ എതിര്‍പ്പ് കുറക്കാനും പാര്‍ട്ടി പദ്ധതി ആസൂത്രണം ചെയ്യുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കി കര്‍ഷകരെയും തൊഴിലാളികളെയും സ്വാധീനിക്കുകയാണ് ലക്ഷ്യം.
കോഴിക്കോട്ട് നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ഉപസമിതിയെ മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ജനപ്രിയ പദ്ധതികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അമിത് ഷാ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവരാണ് സമിതി അംഗങ്ങള്‍. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ചര്‍ച്ച നടക്കുക.
കൂടാതെ രണ്ട് മാസമായി തുടരുന്ന പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തില്‍ കാശ്മീര്‍ വിഷയത്തില്‍ ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രത്യേക പ്രമേയം അവതരിപ്പിച്ചേക്കും. 23 മുതല്‍ 25വരെ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ദേശീയ ഭാരവാഹികളും സംസ്ഥാന മുഖ്യമന്ത്രിമാരും അടക്കം രണ്ടായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 1967ല്‍ കോഴിക്കോട് നടന്ന ജനസംഘിന്റെ (ബി ജെ പിയുടെ മുമ്പത്തെ രൂപം) സമ്മേളനത്തിലാണ് പ്രസിഡന്റായി ദീന്‍ദയാല്‍ ഉപാധ്യായ തിരഞ്ഞെടുക്കപ്പെട്ടത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് കോഴിക്കോട് ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നത്.