Connect with us

National

മുംബൈയില്‍ ആയുധധാരികളെ കണ്ടെന്ന് റിപ്പോര്‍ട്ട്;നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

മുംബൈ: തെക്കന്‍ മുംബൈയിലെ ഉറാനിയില്‍ സംശയകരമായ സാഹചര്യത്തില്‍ ആയുധധാരികളെ കണ്ടതായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കറുത്ത വേഷം ധരിച്ച ആളുകളെ കണ്ടതായാണ് വിദ്യാര്‍ഥികള്‍ അറിയിച്ചത്.

മുംബൈ തുറമുഖത്തിനു സമീപമുള്ള നാവികസേനയുടെ ആയുധസംഭരണശാലക്കു സമീപം ആയുധധാരികളായ അഞ്ചോ ആറോ പേരടങ്ങിയ സംഘത്തെ കണ്ടതായാണ് അവര്‍ പൊലീസിനു നല്‍കിയ വിവരം. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും ഇതരഭാഷയാണ് സംസാരിച്ചിരുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഒ.എന്‍.ജി.സി, സ്‌കൂള്‍ എന്നീ വാക്കുകള്‍ ഇവര്‍ ഉച്ചരിക്കുന്നത് വ്യക്തമായതായും കുട്ടികള്‍ അറിയിച്ചു.

ഇതിന്റെ പശ്ചാത്തലത്തില്‍ നാവികസേനയും തീവ്രവാദവിരുദ്ധസേനയും മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൊലീസ്, മഹാരാഷ്ട്ര ആന്റി ടെററര്‍ സ്‌ക്വാഡ്, നാവിക സേന എന്നിവര്‍ സംയുക്തമായി മുംബൈ തീരത്ത് പരിശോധന നടത്തുകയാണ്.

ഉറാനിലെ നാവിക ആസ്ഥാനത്ത് മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചു. അതേസമയം, സംശയകരമായ ഒന്നും തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Latest