Connect with us

National

കാവേരി റിവര്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം കര്‍ണാടകക്ക് തിരിച്ചടിയാകും

Published

|

Last Updated

ബെംഗളൂരു:കാവേരി നദീജല തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണാന്‍ കാവേരി റിവര്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം കര്‍ണാടകക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. പ്രശ്‌നം ആളിക്കത്തിക്കാന്‍ മാത്രമേ ബോര്‍ഡിന്റെ രൂപവത്കരണം വഴിവെക്കുകയുള്ളൂവെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
കേന്ദ്ര ജലവിഭവ, കൃഷി മന്ത്രാലയങ്ങളില്‍ നിന്ന് ഓരോ പാര്‍ട്ട് ടൈം അംഗങ്ങളും തമിഴ്‌നാട്, കര്‍ണാടക, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ചീഫ് എന്‍ജിനീയര്‍ റാങ്കിലുള്ള ഓരോ അംഗങ്ങളും നിര്‍ദിഷ്ട ബോര്‍ഡില്‍ ഉണ്ടാകും. നാല് സംസ്ഥാനങ്ങള്‍ക്കും പുറത്തുനിന്നുള്ള വ്യക്തിയായിരിക്കും ബോര്‍ഡിന്റെ സെക്രട്ടറി പദത്തിലുണ്ടായിരിക്കുക. ഇതാകട്ടെ കര്‍ണാടകക്ക് കൂടുതല്‍ തലവേദനയാണ് ഭാവിയില്‍ സൃഷ്ടിക്കുക.
വെള്ളം പങ്കിടുന്നതമായി ബന്ധപ്പെട്ട് ഭാവിയില്‍ തര്‍ക്കം ഉടലെടുത്താല്‍ ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന മറ്റു സംസ്ഥാനങ്ങളുടെ താത്പര്യങ്ങളും അഭിപ്രായങ്ങളും സംരക്ഷിക്കാന്‍ കര്‍ണാടക നിര്‍ബന്ധിതമാകും. കൂടുതല്‍ അളവില്‍ വെള്ളം വേണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടാല്‍ അത് നല്‍കുകയല്ലാതെ കര്‍ണാടകക്ക് മറ്റു മാര്‍ഗമില്ലാത്ത അവസ്ഥയുണ്ടാകും.
ബോര്‍ഡ് രൂപവത്കരിച്ച് നദീജല തര്‍ക്കത്തിന് പരിഹാരം കാണാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ കര്‍ണാടക ഭരണകൂടം ഒരു തരത്തിലും അനുകൂലിക്കുന്നില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ നിലപാടും ഇതുതന്നെയാണ്. ബോര്‍ഡ് രൂപവത്കരണം പ്രശ്‌നം രൂക്ഷമാക്കാനേ സഹായിക്കുകയുള്ളുവെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പ്രതികരിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് എം പിമാര്‍ ഇന്നലെ വിധാന്‍സൗധത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണയും നടത്തി.
കാവേരി ജലം പങ്കിട്ടെടുക്കുന്ന വിഷയത്തില്‍ തമിഴ്‌നാടും കര്‍ണാടകയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ബോര്‍ഡ് രൂപവത്കരിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്നതില്‍ കാവേരി മേല്‍നോട്ട സമിതി മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിക്കാന്‍ ഇരു സംസ്ഥാനങ്ങളും തയ്യാറായിരുന്നില്ല. ഇതോടെയാണ് സമിതിയുടെ അധ്യക്ഷനായ കേന്ദ്ര ജലവിഭവ മന്ത്രാലയ സെക്രട്ടറി ശശിശേഖര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് തമിഴ്‌നാടിന് 3000 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ നിര്‍ദേശിച്ചത്. ഈ നിര്‍ദേശം എതിര്‍ത്ത സുപ്രീം കോടതിയാണ് ഏറ്റവുമൊടുവില്‍ തമിഴ്‌നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍, വെള്ളം നല്‍കാനാകില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്. നാലാഴ്ചക്കുള്ളില്‍ കാവേരി റിവര്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കാനാണ് സുപ്രീം കോടതി നിര്‍ദേശം.

Latest