Connect with us

Kerala

ഖനന മാഫിയകളെ കുരുക്കാന്‍ വിജിലന്‍സ്

Published

|

Last Updated

തിരുവനന്തപുരം: ഖനന മാഫിയകള്‍ക്കും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കുമെതിരെ വിജിലന്‍സ് കര്‍ശന നടപടിക്ക്. പ്രകൃതി വിഭവങ്ങള്‍ അനധികൃതമായി ചൂഷണം ചെയ്യുന്നവരെ പ്രത്യേകം നിരീക്ഷിക്കും. നിയമവിരുദ്ധമായ പാറഖനനം, മണല്‍ ഖനനം, ജലചൂഷണം, അനധികൃത കൈയേറ്റങ്ങള്‍ എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എല്ലാ യൂനിറ്റുകള്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി കഴിഞ്ഞു. ഓരോ മാസവും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. നിയമവിരുദ്ധ നടപടികള്‍ക്കെതിരെ മുഖം നോക്കാതെ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുന്നവര്‍ ചെയ്യുന്നത് സംഘടിതമായ കുറ്റകൃത്യമായി കണക്കാക്കും. ഖനനാനുമതി നല്‍കുന്നതിലൂടെ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. നിലം നികത്തുന്നവര്‍ക്കെതിരെയും അതിന് ഒത്താശ ചെയ്യുന്നവര്‍ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കും. പൊതു സ്വത്ത് കൈയേറുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ട്.
അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അത്തരക്കാര്‍ക്ക് നോട്ടീസ് നല്‍കും. വന്‍കിട നിര്‍മാണ കമ്പനികളെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാനാണ് വിജിലന്‍സ് തീരുമാനം. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് ശേഖരിച്ചു കഴിഞ്ഞു. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കുന്നതിനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയവര്‍ക്കാണ് നോട്ടീസ് നല്‍കുന്നത്.

Latest