Connect with us

Articles

ന്യൂസ് റൂമുകളിലെ 'യുദ്ധ'പ്രഖ്യാപനങ്ങള്‍

Published

|

Last Updated

വാര്‍ത്തകളുടെ ഉള്ളടക്കത്തില്‍ ഇന്ത്യയിലെ വാര്‍ത്താ ചാനലുകളും അച്ചടിമാധ്യമങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചില പ്രത്യേക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും വിശകലനം ചെയ്യുമ്പോഴും സമാനതകളില്ലാത്ത ഐക്യം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നു. ജമ്മു കശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത രീതി ഈ ഐക്യത്തിന്റെ പുതിയ ഉദാഹരണമാണ്.
ഈ മാസം 18ന് പുലര്‍ച്ചെ ഉറിയിലെ സൈനിക ക്യാമ്പില്‍ നാല് ഭീകരര്‍ കടന്നു കയറി ആക്രമിക്കുകയായിരുന്നു വെന്നും അവര്‍ പാക്കിസ്ഥാനിലെ ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരാകാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ സൈന്യം വാര്‍ത്താകുറിപ്പ് പുറത്തുവിടുമ്പോഴേക്കും വാര്‍ത്താ ചാനലുകള്‍ ഇന്ത്യ-പാക് “യുദ്ധം” പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ഞായറാഴ്ച പകലും രാത്രിയും ചാനലുകള്‍ ഭാഷാവ്യത്യാസമില്ലാതെ കവര്‍ ചെയ്തത് ഉറിയിലെ ആക്രമണമായിരുന്നു. തിങ്കളാഴ്ച അത് തീവ്രസ്വഭാവം കൈവരിച്ചു. ഇന്ത്യ പാക്കിസ്ഥാനെ കടന്നാക്രമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അതിനുള്ള തയ്യാറെടുപ്പിലാണ് എന്നും സ്‌ക്രോളുകള്‍ പാഞ്ഞു. ഇത് തിരിച്ചടിക്കേണ്ട സമയം, സമാധാനം വേണ്ട; യുദ്ധം മതി, പാക്കിസ്ഥാനെ പാഠം പഠിപ്പിക്കേണ്ട സമയം, പാക്കിസ്ഥാന്റെ കളി അവസാനിക്കുന്നു, സ്വന്തം കൈകള്‍ ബന്ധിച്ച ഇന്ത്യ ഒരു ന്യൂക്ലിയര്‍ രാജ്യം തന്നെയോ തുടങ്ങിയ തലക്കെട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞുനിന്നു. ഇങ്ങനെ ചാനലുകളുടെ സ്റ്റുഡിയോ റൂമുകളില്‍ എടുത്ത “നയതന്ത്ര” തീരുമാനങ്ങളാണ് ടൈംസ് നൗ, ഇന്ത്യാ ടുഡേ ടിവി, സി എന്‍ എ ന്‍ ന്യൂസ് 18, സീ ന്യൂസ് തുടങ്ങിയ ചാനലുകള്‍ എയര്‍ ചെയ്തത്.
രാഷ്ട്രീയ നേതാക്കളും മോശമാക്കിയില്ല. പല്ലിനു പകരം താടിയെല്ല് തന്നെയെന്ന് ബി ജെ പി നേതാവ് രാം മാധവ് പ്രഖ്യാപിച്ചു. ഉഗ്രശേഷിയുള്ള ഒരു പ്രതികരണമായി അതിനെ കൊണ്ടാടി. രാവേറെ ചെന്നിട്ടും ചാനലുകളായ ചാനലുകളെല്ലാം ഈ പ്രസ്താവന ആവര്‍ത്തിച്ചു പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. ഒപ്പം യുദ്ധത്തിനായി ഇന്ത്യയെ ഒരുക്കാനുള്ള കൊണ്ടുപിടിച്ച ചര്‍ച്ചകളും തകര്‍ത്താടി. പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാന്‍ ധൈര്യപ്പെടില്ലെന്നും നാം അണുവായുധം പ്രയോഗിച്ച് തിരിച്ചടിച്ചാല്‍ അടുത്ത 800 വര്‍ഷത്തേക്ക് പാക്കിസ്ഥാനിലെ പഞ്ചാബില്‍ അരി മുളക്കില്ലെന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും മുതിര്‍ന്ന പട്ടാള മേധാവി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ലൈന്‍ ഓഫ് കണ്‍ട്രോളിലുള്ള തീവ്രവാദി ട്രെയിനിംഗ് ക്യാമ്പുകള്‍ ആക്രമിക്കുക എന്നതുള്‍പ്പെടെയുള്ള സൈനിക നീക്കങ്ങള്‍ ഇന്ത്യ ആസൂത്രണം ചെയ്യുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ഹിന്ദു തുടങ്ങിയ പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഉറപ്പിക്കാനെന്ന പോലെ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ രംഭീര്‍ സിംഗിന്റെ വാക്കുകളും വിവധ പത്രങ്ങള്‍ ഉദ്ധരിച്ചിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയാണ് ഉറി വാര്‍ത്തക്ക് ഏറ്റവും കൂടുതല്‍ സ്ഥലം അനുവദിച്ച പത്രം. സംഭവം നടന്ന രണ്ടാം നാള്‍ ചൊവ്വാഴ്ച “പ്രധാനമന്ത്രിക്ക് സമ്മതം, തിരിച്ചടിക്കാന്‍ തയ്യാറാണെന്ന് സൈന്യം” എന്ന തലക്കെട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ ആദ്യ പേജില്‍ ലീഡ് സ്‌റ്റോറി പ്രസിദ്ധീകരിച്ചു. പത്രത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇന്ത്യന്‍ ജനതയുടെ അഭിപ്രായ സര്‍വേ ഫലവും അവര്‍ പുറത്തുവിട്ടു. സര്‍വശക്തിയുമെടുത്ത് പാക്കിസ്ഥാനെ തിരിച്ചടിക്കണമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 67 ശതമാനവും അഭിപ്രായപ്പെടുന്നു എന്നും ടൈംസ് അവകാശപ്പെട്ടു. അണുവായുധാക്രമണ സാധ്യതകളും സൗത്ത് ഏഷ്യയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര നീക്കങ്ങളും വിശദീകരിക്കുന്ന ജി പാര്‍ത്ഥ സാരഥിയുടെ വിശകലന ലേഖനവും ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലും സര്‍ക്കാര്‍ നീക്കങ്ങള്‍ തന്നെയാണ് വിശദീകരിച്ചത്.
അതേസമയം, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ഹിന്ദു തുടങ്ങിയ പത്രങ്ങള്‍ അല്‍പം കരുതലോടെയാണ് ഉറി ആക്രമണത്തെ വിശകലനം ചെയ്തത്. പെട്ടെന്നുള്ള സൈനിക തിരിച്ചടി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ കാരണമാകൂ എന്നും മികച്ച നയതന്ത്ര നീക്കങ്ങളാണ് ഇപ്പോള്‍ വേണ്ടതെന്നും ഈ പത്രങ്ങള്‍ എഴുതി. പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തിന് കൂടുതല്‍ ശക്തിപകരാന്‍ മാത്രമേ സൈനിക നീക്കത്തിനാവൂ എന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രേം ശങ്കര്‍ ഝഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയത്. ഈ അവസരം മുതലെടുത്ത് നിലവിലുള്ള കശ്മീര്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാനും കൂടുതല്‍ സൈന്യത്തെ ഇറക്കി ആക്രമണങ്ങള്‍ നടത്താനും പാക്കിസ്ഥാന്‍ ശ്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അണുവായുധം പ്രയോഗിക്കുന്നത് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വലിയ പരാജയം തന്നെയാകുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ എഴുതി.
“ദി വയര്‍” വാര്‍ത്താ പോര്‍ട്ടലില്‍ സിദ്ധാര്‍ത്ഥ വരദരാജന്‍ എഴുതുന്നു: ഒരു സൈനിക നേതാവ് പറഞ്ഞത്, ഇന്ത്യക്ക് സ്വന്തമായി ചാവേര്‍ സൈന്യം തന്നെ വേണമെന്നാണ്. പാക് ക്യാമ്പുകള്‍ ആക്രമിക്കുക എന്നതുള്‍പ്പെടെ നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന യുദ്ധസന്നാഹങ്ങള്‍ക്ക് അതിര്‍ത്തിയില്‍ ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് സാധിക്കുക. പാക്കിസ്ഥാന്‍ ഒരുപക്ഷേ പ്രതീക്ഷിക്കുന്നതും അതാണ്.”
ഇതിനിടയില്‍ പാക്കിസ്ഥാന്‍ പ്രതിരോധ വകുപ്പ് മന്ത്രി ഖ്വാജ എം ആസിഫ് പ്രകോപനപരമായി പ്രതികരിച്ച് രംഗത്തെത്തി. വേണ്ടിവന്നാല്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.
അതേസമയം, പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഉറി ആക്രമണത്തെ ഇന്ത്യയുടെ സൈനിക തന്ത്രത്തിന്റെ ഭാഗമായാണ് കാണുന്നത്. പാക്കിസ്ഥാനെ ഭീകര രാഷ്ട്രമാക്കാന്‍ വേണ്ടി ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ നടത്തിയ ആക്രമണമായിരുന്നു ഉറിയില്‍ നടന്നതെന്ന് പാക് പത്രമായ ദി ന്യൂസ് ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തു. പത്താന്‍ കോട്ടിലും സംഭവിച്ചത് അതായിരുന്നുവെന്നും ഇന്ത്യയുടെ നാടകം തിരിച്ചറിയണമെന്നും പാക് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു. കശ്മീരിലെ ജനങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പും സമരങ്ങളും പാക്കിസ്ഥാന്റെ സഹായത്തോടെ ഒരുവിഭാഗം വിഘടനവാദികള്‍ നടത്തുന്ന ഭീകരാക്രമണങ്ങളും ഒന്നാണെന്ന തെറ്റായ വിലയിരുത്തലാണ് ഇന്ത്യയുടെ സൈനിക നീക്കത്തിന് പ്രേരണയാകുന്നതെന്നും അവര്‍ വിലയിരുത്തി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമാണ് ഉറി ആക്രമണത്തിന്റെ തിരക്കഥ തയ്യാറാക്കിയതെന്ന് വരെ പാക് പത്രങ്ങള്‍ ആരോപിച്ചു. സെപ്തംബര്‍ 17ന് റഷ്യന്‍ സന്ദര്‍ശനത്തിന് തീരുമാനിച്ചിരുന്ന രാജ്‌നാഥ് സിംഗ് ഉറി ആക്രമണത്തിന് തലേന്ന് യാത്ര റദ്ദാക്കിയത് ഇതിന് തെളിവാണെന്നും പാക് പത്രങ്ങള്‍ ആരോപിച്ചു.
കശ്മീരിലെ മാധ്യമങ്ങള്‍ ഉറി ആക്രമണം വലിയ സംഭവമായി കണ്ടതേയില്ല. കശ്മീരിലെ ഇംഗ്ലീഷ് പത്രങ്ങളായ ഗ്രേറ്റര്‍ കശ്മീരും റൈസിംഗ് കശ്മീരും ഉറി ഭീകരാക്രമണത്തെക്കുറിച്ച് ഒരു എഡിറ്റോറിയല്‍ പോലും എഴുതിയിട്ടില്ല. എഴുപത് ദിവസമായി കശ്മീരില്‍ തുടര്‍ന്നു വരുന്ന അരക്ഷിതാവസ്ഥ കശ്മീരികള്‍ക്ക്് അതിനേക്കാള്‍ വലുതായിരിക്കുമല്ലോ. ഉറി ആക്രമണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തെ സംശയത്തോടെയാണ് ജമ്മുവില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കശ്മീര്‍ ടൈംസ് സമീപിക്കുന്നത്. ആക്രമണത്തില്‍ മരണപ്പെട്ട പതിനെട്ട് സൈനികരുടെ കുടുംബങ്ങളെക്കുറിച്ചാണ് ഇന്ത്യ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും പത്രം ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടയില്‍, ദി ക്വിന്റ് എന്ന വാര്‍ത്താ പോര്‍ട്ടല്‍ ഏറ്റവും വലിയ എക്‌സ്‌ക്ലൂസീവ് എന്ന തലക്കെട്ടില്‍ ഉറിയിലെ ആക്രമണത്തിനു മറുപടിയായി ലൈന്‍ ഓഫ് കണ്‍ട്രോളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി 20 ഭീകരരെ വധിച്ചു എന്നു പോലും വാര്‍ത്ത പുറത്തുവിട്ടു. വാസ്തവവിരുദ്ധമായ ഈ വാര്‍ത്ത അതോടെ ചില ചാനലുകളും ഏറ്റുപിടിച്ചു. അതോടെ സൈന്യത്തിന് അത് തെറ്റാണെന്ന് പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള “യുദ്ധം” മാധ്യമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. യുദ്ധമെന്നാല്‍ എല്ലാവരും കാത്തിരിക്കുന്ന സൗഭാഗ്യമെന്ന പോലെയാണ് വാര്‍ത്താമാധ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. പത്രത്തിന്റെ ഡെസ്‌കുകളിലിരുന്നും ചാനലുകളുടെ സ്റ്റുഡിയോ റൂമുകളിലിരുന്നും യുദ്ധത്തിന് വേണ്ടി മുറവിളി കേട്ടുന്നവര്‍ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കുറിച്ച് പ്രാഥമിക ജ്ഞാനമേതുമില്ലെന്ന് സ്വയം വിളിച്ചുപറയുക കൂടി ചെയ്യുന്നുണ്ട്. തങ്ങളുടെ ചാനലിനെ അല്ലെങ്കില്‍ പത്രത്തെ ഒന്നാം നിരയിലെത്തിക്കാനുള്ള ഓട്ടത്തിനിടയില്‍ ഇനി എന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ വസ്തുതകള്‍ മാത്രം റിപ്പോര്‍ട്ട്് ചെയ്യുക?

---- facebook comment plugin here -----

Latest