Connect with us

Kerala

വൃദ്ധയെ പീഡിപ്പിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന്‌

Published

|

Last Updated

കൊല്ലം: കടയ്ക്കലില്‍ വൃദ്ധയെ പീഡിപ്പിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ സി പി എമ്മിന്റെ ഉന്നത തലങ്ങളില്‍ ചരടുവലി തുടങ്ങിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ വൃദ്ധയുടെ വൈദ്യപരിശോധന നടത്തണണെന്നും ഡി സി സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നടന്ന നിന്ദ്യവും നീചവുമായ സംഭവത്തില്‍ നിന്ന് പിണറായി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് സി പി എം കള്ളക്കളി നടത്തുന്നത്. ഇത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
വൃദ്ധയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതും മൊഴി രേഖപ്പെടുത്തിയതും സി പി എം മുന്‍ നിശ്ചയിച്ച അജണ്ട പ്രകാരമാണ്. പീഡനം നടന്നിട്ടില്ലായെന്ന് വരുത്തി തീര്‍ക്കാനാണ് നീക്കം. എല്ലാ സ്വാധീനവുമുപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് സി പി എം ശ്രമം. കേസ് തേച്ചുമാച്ചു കളയാന്‍ സി പിഎമ്മിന്റെ ഉന്നതങ്ങളിലുള്ള ഇടപെടലാണ് നടക്കുന്നത്.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് ബിജുവിനെ സി പി എമ്മില്‍ നിന്ന് പുറത്താക്കണമെന്നും കേസെടുക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
കടയ്ക്കല്‍ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച യോഗത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന് സംസാരിക്കാന്‍ മൈക്ക് അനുമതി നിഷേധിച്ച നടപടി സി പി എം നടത്തുന്ന കടുത്ത ജനാധിപത്യ ധ്വംസനത്തിനുദാഹരണമാണെന്ന് കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.