Connect with us

Palakkad

നിര്‍ത്തിയിടുന്ന സ്‌കൂള്‍ ബസുകളില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

Published

|

Last Updated

കൊപ്പം : വിളയൂര്‍ മുക്കിലപീടികയില്‍ നിര്‍ത്തിയിടുന്ന ഗവ സ്‌കൂള്‍ ബസുകളിലിരുന്നു മദ്യപാനവും അനാശാസ്യവും നടത്തുന്നതായി പരാതി. ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുക്കിലപീടിക സെന്ററില്‍ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം.
രാത്രി പറമ്പുകളിലും റോഡരുകിലും നിര്‍ത്തിയിടുന്ന ബസുകളുടെ വാതിലുകളം ഷട്ടറുകളും അടച്ചിടുമെങ്കിലും ഇവ തുറന്ന് അകത്ത് കയറിയാണ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം. വിളയൂര്‍ ഗവ. ഹൈസ്‌കൂളിനു വേണ്ടി ഓടുന്ന ബസുകള്‍ കേടാക്കുന്നത് തുടങ്ങിയിട്ടു നാളുകളേറെയായെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. കുപ്പൂത്ത് സെന്ററില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ കേടാക്കുന്നത് പതിവായതോടെ ഡ്രൈവര്‍മാര്‍ പി ടി എക്കു പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സ്‌കൂള്‍ ബസുകള്‍ സ്ഥലം മാറ്റി നിര്‍ത്തിയിടാന്‍ അധികൃതര്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. മുക്കിലപീടികക്ക് സമീപം നിര്‍ത്തിയപ്പോഴും ആക്രമണങ്ങള്‍ക്ക് കുറവില്ല.
സ്‌കൂള്‍ ബസുകളുടെ ടയറുകള്‍ കാറ്റൊഴിച്ചു വിടുകയും ഡീസല്‍ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം കേടാക്കിയ നിലയില്‍ കാണപ്പെട്ട ബസുകള്‍ പട്ടാമ്പി പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. എസ്‌ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനക്കെത്തിയത്.ബസിന്റെ റേഡിയേറ്ററുകളും തകര്‍ത്ത നിലയിലായിരുന്നു. ഇന്ധനപൈപ്പുകള്‍ പൊട്ടിച്ചു ഡീസല്‍ ചോര്‍ത്തിയെടുക്കുയും ചക്രങ്ങള്‍ ഊരിയെടുത്ത നിലയിലും കാണപ്പെട്ടു.
രാത്രി നിര്‍ത്തിയിടുന്ന ബസുകളില്‍ മദ്യകുപ്പികളും മാലിന്യവും തള്ളുകയും മലമൂത്രവിസര്‍ജനം നടത്തുന്നതായും ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടു. എടപ്പലത്ത് നിര്‍ത്തിയിടുന്ന ബസുകളിലും സാമൂഹിക വിരുദ്ധ ശല്യമുള്ളതായി ബസ് ഡ്രൈവര്‍മാര്‍ പറയുന്നു.
തിരുവേഗപ്പുറ നരിപ്പറമ്പ് ഗവ യുപി സ്‌കൂളിനു വേണ്ടി ഓടുന്ന ബസ്സിനെതിരെയാണ് ഇവിടെ ശല്യം. സ്‌കൂള്‍ ബസുകള്‍ എവിടെ കൊണ്ടു പോയി നിര്‍ത്തിയിട്ടാലും ഇതേ ബസുകള്‍ ലക്ഷ്യമിട്ടാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ശല്യം രൂക്ഷമായതോടെയാണ് സ്‌കൂള്‍ അധികൃതര്‍ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കിയത്.
നരിപ്പറമ്പ് യുപി സ്‌കൂളിനു വേണ്ടി സര്‍വീസ് നടത്തുന്ന ബസ് എടപ്പലത്താണ് നിര്‍ത്തിയിടാറുള്ളത്. ഈ ബസുകളും കഴിഞ്ഞ ദിവസം തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. മുക്കിലപീടികയില്‍ രാത്രി സ്ട്രീറ്റ് ലൈറ്റുകള്‍ കത്താറില്ല. ഇരുട്ടിന്റെ മറവിലാണ് മദ്യപാനവും അനാശാസ്യവും.
ഇവിടെ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച തെരുവ് വിളക്കുകള്‍ സാമൂഹിക വിരുദ്ധരാണ് കേടാക്കുന്നതെന്നും പരാതിയുണ്ട്.

Latest