Connect with us

Gulf

ഭീകരാക്രമണ ഭീഷണികളും പ്രതിരോധ സന്നാഹങ്ങളും

Published

|

Last Updated

ഗള്‍ഫ് രാജ്യങ്ങളിലും ഭീകരാക്രമണ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജുലൈയില്‍ ബഹ്‌റൈനിലും സഊദി അറേബ്യയിലും സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ബഹ്‌റൈനില്‍ ഒരു സ്ത്രീമരിക്കുകയും മുന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ജിദ്ദ, ഖാത്തിഫ്, മദീന നഗരങ്ങളിലായിരുന്നു ആക്രമണം. നാലു പേരാണ് തല്‍ക്ഷണം മരിച്ചത്.
പുണ്യനഗരമാണ് മദീന. പ്രവാചക ശ്രേഷ്ഠര്‍ അന്ത്രവിശ്രമം കൊള്ളുന്ന സ്ഥലം. ഇവിടെയാണ് ഏറ്റവും ആള്‍നാശമുണ്ടായത്. ചാവേറുകളാണ് ആക്രമണം നടത്തിയത്.
ജിദ്ദയില്‍ ചാവേറുകളില്‍ അബ്ദുല്ല ഖല്‍സാര്‍ ഖാന്‍ എന്ന വിദേശിയുമുണ്ടായിരുന്നു. 12 വര്‍ഷമായി സഊദി അറേബ്യയില്‍ ഡ്രൈവറായി ജോലിചെയ്യുന്ന പാകിസ്ഥാനിയാണ്.
പരിശുദ്ധ റമസാനില്‍നടന്ന ആക്രമണങ്ങള്‍ ലോകത്തെയാകെ നടുക്കി. ഭീകരവാദികള്‍ മത സംഹിതകള്‍ക്കും എതിരാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി.
ഭീകരവാദത്തിലേക്ക് എളുപ്പം റിക്രൂട്ട്‌മെന്റ് ചെയ്യപ്പെടുന്നവരില്‍ പാക്കിസ്ഥാനികളാണ് ഏറെ. ദാരിദ്ര്യവും അല്‍പജ്ഞാനവും ക്ഷിപ്രകോപവുമാണ് അതിന് കാരണം. മുംബൈയില്‍ 2008 നവംബറില്‍ ഭീകരാക്രമണം നടത്തിയത് ഒരു സംഘം പാക്കിസ്ഥാനി യുവാക്കളായിരുന്നുവല്ലോ? അജ്മല്‍ കസബിനെ കൈയോടെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു. ഭീകരവാദികളെ പറഞ്ഞുവിട്ടത് ആരാണെങ്കിലും ഉപകരണമായത് പാക്കിസ്ഥാനികളാണ്. ഭീകരവാദികളെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി ചാരസംഘനടകളും ഉപയോഗിക്കുന്നു. പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും വെളിച്ചത്തുവരുന്നില്ല എന്നതാണ് ഏറ്റവും സങ്കീര്‍ണം. ഇസ്രാഈലിന്റെ മൊസാദും പാക്കിസ്ഥാന്റെ ഐ എസ് ഐയുമാണ് ഭീകരപ്രവര്‍ത്തനത്തെ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ചാരസംഘടനകള്‍. ഐ എസ് അഥവാ ദായിഷിന്റെ പിറവിക്ക് പിന്നില്‍ ഇസ്രാഈലി ചാരസംഘ ടനയാണെന്ന് സംശയിക്കപ്പെടുന്നു. ഐ എസ് നേതാവ് അബൂബക്കര്‍ ബഗ്ദാദിയുടെ പിറവിയെക്കുറിച്ചുള്ള ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. അല്‍ഖാഇദയെ തകര്‍ക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട ഐ എസ് പിന്നീട്, യൂറോപ്പിനു വരെ കടുത്ത ഭീഷണിയായി.
തൊണ്ണുറുകളുടെ ആരംഭത്തില്‍ അല്‍ഖാഇദയെയും നേതാവ് ഉസാമ ബിന്‍ ലാദനെയും രംഗത്തിറക്കിയത് അമേരിക്കന്‍ ചാരസംഘടന സി ഐ എ ആണെന്നത് പരസ്യമായ രഹസ്യം. അഫ്ഗാനിസ്ഥാനില്‍ നിന്ന് സോവിയേറ്റ് യൂണിയനെ തുരത്തനായിരുന്ന് അത്. ഒടുവില്‍, അമേരിക്കയ്ക്കു തന്നെ അല്‍ ഖാഇദ വന്‍ ഭീഷണിയായി. സഊദി അറേബ്യയിലും ആധുനിക കാലത്തെ ആദ്യ ഭീകരാക്രമണം അല്‍ ഖാഇദയുടെ വകയായിരുന്നു. 2000 നവംബര്‍ 17ന് റിയാദിലെ ഉറുബ റോഡില്‍ സ്‌ഫോടനത്തില്‍ ഒരു ബ്രിട്ടീഷുകാരന്‍ കൊല്ലപ്പെട്ടു.
സിറിയയില്‍ ബഷാര്‍ അല്‍ അസദിന്റെ ഭരണകൂടത്തെ താഴെയിറക്കാന്‍ അമേരിക്കയും ഭീകരവാദികളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഐ എസിന് ആദ്യകാലങ്ങളില്‍ വന്‍തോതില്‍ ആയുധങ്ങള്‍ ലഭിച്ചത് അമേരിക്കയില്‍ നിന്ന്. ലിബിയയില്‍ കേണല്‍ ഗദ്ദാഫിയെ വധിക്കുന്നതിന് അറബ് വസന്തത്തെ ഉപയോഗപ്പെടുത്തിയത് അമേരിക്കയും നാറ്റോയുമാണ്. ചരടുവലിച്ചത് ഫ്രഞ്ച് ചാര സംഘടന. ഇങ്ങനെ മേഖലയില്‍ ഭീകരവാദം വളര്‍ത്തുന്നതില്‍ വിദേശ ചാരസംഘടനകള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ചില ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുവാക്കളെ സംഘടിപ്പിക്കുന്നു. ഇന്ത്യയില്‍ പത്താന്‍കോട്ടിലും ഉറിയിലും ഭീകരാക്രമണം നടത്തിയത്, പാക്കിസ്ഥാനികളാണെന്ന് ഉറപ്പിക്കാമെങ്കിലും, അറബ് മേഖലയിലെ സംഭവ വികാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആരാണ് തിരശീലയ്ക്ക് മറവില്‍ നിന്ന് ചരടുവലിക്കുന്നതെന്നത് ഗൗരവമായ ചിന്തക്ക് വിഷയഭവിക്കേണ്ട ഒന്നാണ്.
ഇന്ത്യയും പാക്കിസ്ഥാനും സൗഹാര്‍ദത്തിലായാല്‍ ആയുധ വ്യാപാരികള്‍ക്ക് വലിയ നഷ്ടമുണ്ടാകും. മധ്യപൗരസത്യ മേഖലയില്‍ സമാധാനമുണ്ടായാലും വ്യാപാരം നന്നേ കുറയും. അത് കൊണ്ടുതന്നെ ഇരുട്ടിന്റെ ശക്തികള്‍ രണ്ടിടത്തും സംഘര്‍ഷത്തിന്റെ വൈറസ് പടര്‍ത്തിക്കൊണ്ടേയിരിക്കും.
ലോകത്താകെ പ്രതിവര്‍ഷം ശരാശരി 18 ലക്ഷം കോടി ഡോളറിന്റെ ആയുധ ഇടപാടുകള്‍ നടക്കുന്നു. അമേരിക്ക, റഷ്യ, ചൈന, ജര്‍മനി, ഫ്രാന്‍സ്, ഇസ്രാഈല്‍ രാജ്യങ്ങളാണ് പ്രധാന കയറ്റമതിക്കാര്‍. ഇന്ത്യ, സഊദി അറേബ്യ പക്കിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാണ് പ്രധാന ഇറക്കുമതിക്കാര്‍. കഴിഞ്ഞ വര്‍ഷം 2.47 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റ്. പാക്കിസ്ഥാന്‍ ഈ വര്‍ഷം പ്രതിരോധത്തിനുള്ള തുക 11 ശതമാനം വര്‍ധിപ്പിച്ചു. പൊതു ബജറ്റിന്റെ 25 ശതമാനം ആയുധങ്ങള്‍ക്കു വേണ്ടി നീക്കിവെക്കേണ്ടി വരുന്ന രാജ്യമായി സഊദിമാറിയിട്ടുണ്ട്. തീവ്ര ദേശിയതയോ മതവികാരമോ കുത്തിവെക്കപ്പെട്ട ജനങ്ങള്‍ ആയുധങ്ങള്‍ കണ്ട് ആവേശ ഭരിതരാകും. പക്ഷേ കാലിനടിയില്‍ നിന്ന് മണ്ണൊലിച്ചു പോകുന്നത് അറിയില്ല. ഏറ്റുമുട്ടലുകളും യുദ്ധങ്ങളും ഗുണംചെയ്യുന്നത് ഭരണാധികാര്‍കള്‍ക്കും പട്ടാള മേധാവികള്‍ക്കും മാത്രം. അവര്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടടുക്കുകയുമില്ല. ആയുധ ഇടപാടില്‍ വന്‍തോതില്‍ കമ്മീഷന്‍ സമ്പാദിക്കുകയും ചെയ്യും. ഇന്ത്യയില്‍ ശവപ്പെട്ടി കുംഭകോണം ഉദാഹരണം. 1999ല്‍ 1.87 ലക്ഷം ഡോളറിന്റെ നഷ്ടമാണ് ഇന്ത്യക്ക് നേരിട്ടതെന്ന് സി എ ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ കമ്പനിയാണ് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ശവപ്പെട്ടി നിര്‍മിച്ചു നല്‍കിയത്. ഒരു ശവപ്പെട്ടിക്ക് 2500 ഡോളറാണ് ആകമ്പനി ഈടാക്കിയത്. മേജര്‍ ജനറല്‍ അരുണ്‍ റോയി, കേണല്‍ എസ് കെ മാലിക്, കേണല്‍ എഫ് ബി സിംഗ് എന്നിവര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പക്ഷേ, കേസ് എങ്ങുമെത്തിയില്ല.
സഊദി അറേബ്യ എണ്ണവരുമാനത്തിന്റെ പകുതിയോളം ആയുധങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നു. ഭീകരവാദികളെയും ഇറാന്‍ നേതൃത്വം നല്‍കുന്ന “”ഷിയാ”” രാജ്യങ്ങളെയും പ്രതിരോധിക്കാനാണിത്. അമേരിക്കയില്‍ നിന്നാണ് കൂടുതലായും ആയുധങ്ങള്‍ എത്തുന്നത്. സമാധാനത്തിനു വേണ്ടിയുള്ള യുദ്ധം ഐക്യരാഷ്ട്രസഭയും അംഗീകരിച്ച് സ്ഥിതിക്ക്, ആയുധ വ്യാപാരികള്‍ക്ക് എപ്പോഴും ഉത്സവമാണ്. ഇതൊന്നും അറിയാതെ, ആയുധമേന്തുന്നവരും ആക്രോശം നടത്തുന്നവരും മാനവരാശിയെ നശിപ്പിക്കാന്‍ സംഭാവന ചെയ്യുന്നവരാണ്. ഗള്‍ഫില്‍ ധാരാളം ഇന്ത്യക്കാരും പാക്കിസ്ഥാനികളുമുണ്ട്. അവരില്‍ മഹാഭൂരിപക്ഷം പക്ഷേ, പരസ്പരം സൗഹൃദത്തിലാണ്.

Latest