Connect with us

Kerala

കാവേരി തര്‍ക്കം രൂക്ഷമാകുമ്പോഴും അര്‍ഹതപ്പെട്ട വെള്ളം സംഭരിക്കാന്‍ കേരളത്തിന് പദ്ധതികളില്ല

Published

|

Last Updated

ബെംഗളൂരു: കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള തര്‍ക്കം കോടതി കയറുമ്പോഴും അര്‍ഹതപ്പെട്ട വെള്ളം പോലും സംഭരിക്കാന്‍ കേരളത്തിന് പദ്ധതികളില്ല. കാവേരി നദിയിലെ ജലത്തിന്റെ മുഖ്യപങ്കും സംഭാവന ചെയ്യുന്ന കേരളം ഇത് സംഭരിക്കാനുള്ള ഒരു പദ്ധതിയും കാര്യക്ഷമമായി ഇതുവരെയും നടപ്പാക്കിയിട്ടില്ല. പ്രതിവര്‍ഷം 840 ടി എം സി അടി ജലമൊഴുകുന്ന കാവേരിയില്‍ 147 ടി എം സി ജലം എത്തുന്നത് വയനാട്ടില്‍ നിന്ന് ഉത്ഭവിക്കുന്ന കബനി നദിയില്‍ നിന്നാണ്. വയനാട്ടിലെ ബാണാസുര സാഗര്‍, മാനന്തവാടി തുടങ്ങിയ 18 വിവിധോദ്ദേശ്യ പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇവിടത്തെ ജലം ഉപയോഗിക്കുമെന്ന് കേരളം അറിയിച്ചിരുന്നു. എന്നാല്‍, ബാണാസുര നഗര്‍ വൈദ്യുതി ഉത്പാദന പദ്ധതിയും കാരാപ്പുഴ ജലസേചന പദ്ധതിയും മാത്രമാണ് ഇതില്‍ പൂര്‍ത്തിയാക്കിയത്. 180 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട മാനന്തവാടി പദ്ധതിയും ജലസേചന പദ്ധതിയായ കടമാന്തോടും ഉപേക്ഷിച്ച നിലയിലാണ്. 92.9 ടി എം സി ജലമാണ് കാവേരി നദിയില്‍ നിന്ന് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, അനുവദിച്ചതിന്റെ പകുതി പോലും സംഭരിക്കാനുള്ള സംവിധാനം ഇപ്പോഴും കേരളത്തിലില്ലെന്നതാണ് യാഥാര്‍ഥ്യം.
കാവേരിയിലെ ജലം ഉപയോഗിച്ച് കര്‍ണാടകം കാര്‍ഷിക, ജലസേചന മേഖലയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുമ്പോഴാണ് കേരളത്തിന്റെ ഈ അനാസ്ഥ. വെള്ളം ഉപയോഗിച്ച് ചെറുകിട പദ്ധതികള്‍ പോലും പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തുകയാണ്. ഭാവിയില്‍ വന്‍ വരള്‍ച്ചയാകും വയനാട് അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്. കാവേരി ജലത്തിന്റെ അളവില്‍ 147 ടി എം സി അടി വെള്ളം കേരളത്തിന്റെ സംഭാവനയാണ്. കബനി, വാനി എന്നിവയിലൂടെയാണ് ഇത്രയും അളവില്‍ ജലം കാവേരിയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ കാവേരി ജലത്തില്‍ 30 ടി എം സി വെള്ളം കേരളത്തിന് ലഭിക്കേണ്ടതുണ്ട്. ഇതില്‍ പകുതിപോലും കേരളം ഉപയോഗിക്കുന്നില്ലെന്നതാണ് വസ്തുത. ഈയൊരു സാഹചര്യത്തില്‍ കേരളം ഉപയോഗിക്കാത്ത ജലം കൂടി തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിലെ കബനി കൂടാതെ ഹേമവതി, ഹാരംഗി, ലക്ഷ്മണതീര്‍ഥ, സുവര്‍ണവതി, അര്‍ക്കാവതി, ഷിംഷാ, കപില, ഹൊന്നുഹൊലെ, നൊയ്യല്‍ എന്നിവയാണ് കാവേരിയുടെ പ്രധാനപ്പെട്ട പോഷക നദികള്‍.
കര്‍ക്കിടക മാസത്തില്‍ പതിവുപോലെ കനത്ത മഴ ലഭിച്ചാലെ തമിഴകത്തെ കാര്‍ഷിക മേഖലക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. കര്‍ക്കിടക മാസത്തില്‍ കാലക്രമേണ മഴ തീരെ കുറഞ്ഞത് തമിഴ്‌നാടിനെ ഒട്ടൊന്നുമല്ല ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ശ്രീരംഗപട്ടണം, ഭാഗമണ്ഡല, ഹൊഗേനക്കല്‍, തഞ്ചാവൂര്‍, കൃഷ്ണരാജ സാഗര്‍, ശിവന സമുദ്ര, മെക്കെദാട്ടു, തലക്കാട്, തിരുച്ചിറപ്പള്ളി, ശ്രീരംഗം, സംഗമേശ്വര, അബ്ബി വെള്ളച്ചാട്ടം എന്നിങ്ങനെ കാവേരിയുടെ വൃഷ്ടിപ്രദേശങ്ങളൊഴിച്ചാല്‍ മറ്റുള്ള കര്‍ണാടക, തമിഴ്‌നാട് മേഖല കടുത്ത വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. മറ്റ് നദികളുണ്ടെങ്കില്‍ പോലും കാവേരിയോളം സമൃദ്ധമല്ല ഒന്നും തന്നെയെന്നതാണ് വാസ്തവം. 765 കിലോമീറ്ററാണ് കാവേരി നദിയുടെ നീളം. 87,900 ചതുരശ്ര കിലോമീറ്ററാണ് നദീതട പ്രദേശം. 41.2 ശതമാനം കര്‍ണാടകത്തിലും 55.5 ശതമാനം തമിഴ്‌നാട്ടിലും 3.3 ശതമാനം കേരളത്തിലും ഒഴുകുന്നു.
കാവേരിയുടെ ഉത്ഭവ കേന്ദ്രമായ കുടക് ജില്ലയിലും നദിയുടെ പ്രധാന ജലാശയ പ്രദേശങ്ങളിലും ഈ വര്‍ഷം വേണ്ടത്ര മഴ ലഭിച്ചിട്ടില്ല. കര്‍ണാടകയില്‍ മാത്രമായി കാവേരി നദിയില്‍ നാല് ഡാമുകളുണ്ട്. ബെംഗളൂരു, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലെ കുടിവെള്ള ആവശ്യങ്ങള്‍ക്ക് പോലും ഈ ഡാമുകളിലെ വെള്ളം മതിയാകുന്നില്ലെന്നാണ് കര്‍ണാടക പറയുന്നത്. സമാനമാണ് തമിഴ്‌നാടിന്റെ വാദങ്ങളും. ഇതൊരു യാഥാര്‍ഥ്യമാണെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. കേരളം പോലെ ജലസമൃദ്ധമായൊരു നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് തമിഴ്‌നാടിന്റെയും കര്‍ണാടകത്തിന്റെയും കുടിവെള്ള പ്രശ്‌നങ്ങള്‍ എത്രത്തോളം രൂക്ഷമാണെന്ന് മനസ്സിലായിട്ടില്ലെന്നതാണ് സത്യം. തങ്ങള്‍ക്ക് അര്‍ഹമായ വെള്ളം സംരക്ഷിക്കുന്നതില്‍ കേരളം പിറകോട്ട് പോകുന്നതിന് ഇതാണ് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest