Connect with us

Kozhikode

കവണക്കല്ല് റഗുലേറ്ററിന്റെ ഷട്ടര്‍ മാറ്റാന്‍ 31 ലക്ഷം രൂപയുടെ ഭരണാനുമതി

Published

|

Last Updated

മാവൂര്‍: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഊര്‍ക്കടവിലെ ചാലിയാര്‍ കവണക്കല്ല് റഗുലേറ്ററിന്റെ കേടായ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കാന്‍ മുപ്പത്തി ഒന്ന് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം എല്‍ എ പി ടി എ റഹീം അറിയിച്ചു.
ജില്ലയോട് ചേര്‍ന്ന പ്രദേശത്തെ കേടായ രണ്ട് ഷട്ടറുകളാണ് മാറ്റി സ്ഥാപിക്കുക. മറ്റ് ഷട്ടറുകള്‍ അറ്റകുറ്റപ്പണി നടത്തി കാര്യക്ഷമമാക്കും. നേരത്തെ അറ്റകുറ്റപ്പണി നടത്തി നന്നാക്കിയിരുന്നു. കേടായ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കുന്നതോടെ പുഴയിലെ ജലവിതാനത്തിനനുസരിച്ച് റഗുലേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ചോര്‍ച്ചയുള്ള ഷട്ടറുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് മലമ്പുഴയില്‍ നിന്നെത്തിച്ച ജലസേവന വകുപ്പിലെ മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ ശ്രമിച്ചിട്ടും വിജയിച്ചിരുന്നില്ല. ഇതിനാലാണ് ഷട്ടര്‍ പൂര്‍ണമായി മാറ്റുന്നതിന് പദ്ധതി തയ്യാറാക്കിയത്. കഴിഞ്ഞ വേനലില്‍ റഗുലേറ്ററിന്റെ ഷട്ടര്‍ താഴ്ത്താന്‍ കഴിയാത്തതിനാല്‍ കോഴിക്കോട് നഗരത്തിലേക്കും മറ്റും കുടിവെള്ളം വിതരണം ചെയ്തിരുന്ന വാട്ടര്‍ അതോറിറ്റിയുടെ കൂളിമാട് പമ്പിംഗ് സ്റ്റേഷനിലെ വാട്ടര്‍ ഗ്യാലറിയിലേക്ക് ആവശ്യത്തിന് ജലം കിട്ടാതെ വന്നിരുന്നു. വേലിയേറ്റ സമയത്ത് ചാലിയാറില്‍ ഉപ്പ് വെള്ളം കയറിയതാണ് ഷട്ടറുകള്‍ തുരുമ്പിക്കാന്‍ ഇടയായത്.
ദ്രവിച്ച ഷട്ടറുകള്‍ താഴ്ത്താന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ വേനലില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഇതുമൂലം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വാട്ടര്‍ അതോറിറ്റിയുടെ വിവിധ കുടിവെള്ള പദ്ധതികള്‍താളം തെറ്റിയിരുന്നു. മാവൂര്‍ ചാത്തമംഗലം പെരുവയല്‍, മുക്കം, കൊടിയത്തൂര്‍, കുന്ദമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ നൂറ് കണക്കിന് ജലസേചന പദ്ധതികള്‍ക്കും മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി കിന്‍ഫ്ര, ചാലിയപ്പുറം ജലസേചന പദ്ധതി, ചീക്കോട് കുടിവെള്ള പദ്ധതി, കൊന്നാര് കുടിവെള്ള പദ്ധതി എന്നിവിടങ്ങളിലേക്കും വെള്ളം ലഭിക്കുന്നതിന് റഗുലേറ്ററിന്റെ ഷട്ടറുകള്‍ താഴ്‌ത്തേണ്ടിയിരുന്നു.

Latest