Connect with us

Kozhikode

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാറുകള്‍ ഒരുമിച്ചുനില്‍ക്കും: കേന്ദ്രമന്ത്രി

Published

|

Last Updated

മുക്കം: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം നിര്‍മ്മിക്കുന്നതും ഇനി ആവശ്യമായതുമായ റോഡുകള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പു മന്ത്രി നരേന്ദ്ര സിംഗ് തൊമാര്‍ പറഞ്ഞു. ജില്ലയിലെ വിവിധ പി എം ജി എസ് വൈ റോഡുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി എന്നത് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയതാണ്. ആ പ്രവൃത്തികള്‍ നിരീക്ഷിക്കാനാണ് താന്‍ വന്നത്. ഫണ്ടിന്റെ അഭാവമുണ്ടങ്കിലും ആവശ്യാനുസരണം സ്ഥലം ലഭ്യമാക്കാനും പുനരുദ്ധാരണത്തിനും സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായാല്‍ കൂടുതല്‍ റോഡുകള്‍ അനുഭാവപൂര്‍വം പരിഗണിക്കും. പദ്ധതിക്ക് കേന്ദ്രം ഒറ്റത്തവണ ഫണ്ടനുവദിക്കുകയാണ് ചെയ്യുന്നതെന്നും പുനരുദ്ധാരണവും അറ്റകുറ്റ പ്രവൃത്തികളും ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ടത്തില്‍ 25 ശതമാനം റോഡുകളുടെ അറ്റകുറ്റ പ്രവൃത്തി കൂടി കേന്ദ്രം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.
ഉച്ചക്ക് 12 മണിയോടെ മുക്കം കടവ് പാലത്തിനടുത്തെത്തിയ കേന്ദ്ര മന്ത്രിയെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, വൈസ് പ്രസിഡന്റ് കെ പി. അബ്ദുറഹിമാന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി ജമീല, മെമ്പര്‍മാരായ സവാദ് ഇബ്രാഹീം, സജി തോമസ്, ഐഷ ലത, എന്‍ കെ അന്‍വര്‍ സെക്രട്ടറി സി ഇ സുരേഷ് ബാബു, ഉദ്യോഗസ്ഥരായ മനോജ് കുമാര്‍, ബാലകൃഷ്ണന്‍ സംബന്ധിച്ചു.
കാരശേരി പഞ്ചായത്തില്‍ മുക്കം കടവ് പാലം മാടമ്പി റോഡാണ് മന്ത്രി സന്ദര്‍ശിച്ചത്. റോഡിന്റെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് വിശദീകരിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നിശ്ചിത ദൂരം റോഡ് നിര്‍മ്മിക്കാന്‍ കൂടുതല്‍ തുക വേണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു.

Latest