Connect with us

Malappuram

ഇടതുപക്ഷത്തിന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല: എ ഐ വൈ എഫ്

Published

|

Last Updated

മങ്കട: നിലപാടുകളാണ് ഇടതുപക്ഷത്തിന്റെ ജീവനെന്നും അതില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ എം എല്‍ എ പറഞ്ഞു. എ ഐ വൈ എഫ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയുടെയും അഴിമതി വിരുദ്ധതയുടെയും കീഴാളപ ക്ഷത്തിന്റെയും രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റേത്.
എല്ലാവിധ മതസമുദായിക-ജാതി രാഷ്ട്രീയത്തിനും എതിരുമാണത്. എന്നാല്‍ താല്‍ക്കാലിക നേട്ടങ്ങളുടെയും അന്യവര്‍ഗ ചിന്താഗതിയുടെയും ഭാഗമായി ചിലര്‍ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനും വ്യഗ്രതപ്പെടുന്നത് കൊണ്ടാണ് എ ഐ വൈ എഫിന് ഇങ്ങിനെ പറയേണ്ടിവന്നതെന്ന് കെ രാജന്‍ കൂട്ടിചേര്‍ത്തു. ആതിരപ്പള്ളി പദ്ധതിയുടെ കാര്യത്തിലും മുഖ്യമന്ത്രിക്ക് ഉപദേശകരെ വെക്കുന്ന കാര്യത്തിലും എല്ലാം എ ഐ വൈ എഫിന് ശക്തമായി അഭിപ്രായം പറയേണ്ടിവന്നിട്ടുണ്ട്.”ഭരണത്തിന്റെ ശീതിളിമയില്‍ നിലപാടുകളുടെ വാള്‍മുന ചെത്തിവെക്കാന്‍ എ ഐ വൈ എഫിനാവില്ലെന്നും ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിനിധി സമ്മേളനം ഇന്നും തുടരും. ജില്ലാ സെക്രട്ടറി പി ടി ശറഫുദ്ധീന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും പ്രസിഡന്റ് എം കെ മുഹമ്മദ്‌സലീം “ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ജോ.സെക്രട്ടറി പാലോട് മണികണ്ഠന്‍ സംഘടനാറിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി പി ഐ ജില്ലാസെക്രട്ടറി പി പി സുനീര്‍, അജിത് കൊളാടി, പ്രൊഫ. പി ഗൗരി, അഡ്വ. പി പി ബാലകൃഷ്ണന്‍, എം എ അജയകുമാര്‍, സംസ്ഥാന ജോ. സെക്രട്ടറി പി ഗവാസ്, അഡ്വ. കെ കെ സമദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും ഞായറാഴ്ച പൂര്‍ത്തിയാകും. വൈകീട്ട് ഒ എന്‍ വി നഗറില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. അജിത് കൊളാടി, അഡ്വ.രമേശന്‍നായര്‍, സാഹിറ കുറ്റിപ്പുറം, കെ ഗോപാലന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒ എന്‍ വി യുടെ കാവ്യ-ഗാന നൃത്ത ശകലങ്ങള്‍ അക്ഷര നൃത്തം എന്ന പേരില്‍ ആതിരനന്ദന്‍ അവതരിപ്പിച്ചു.