Connect with us

Malappuram

സി പി എമ്മിനെ വിമര്‍ശിച്ച് എ ഐ വൈ എഫ് രാഷ്ട്രീയ റിപ്പോര്‍ട്ട്

Published

|

Last Updated

മലപ്പുറം: എ ഐ വൈ എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ഡി വൈ എഫ് ഐക്കും സി പി എമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം. സി പി ഐക്കെതിരെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഈയിടെ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. എ ഐ വൈ എഫ് ജില്ലാ സമ്മേളനത്തിലെ ശക്തി പ്രകടനം ആരോപണങ്ങള്‍ക്കുള്ള മറുപടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആതിരപള്ളി വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ സി പി എം നിലപാടെടുത്തപ്പോള്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നത് എ ഐ വൈ എഫ് ആയിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ നിയമിക്കുന്ന കാര്യത്തിലും ശരിയുടെ പക്ഷത്ത് നിന്ന് കൃത്യ സമയത്ത് നലിപടറിയിക്കാന്‍ കഴിഞ്ഞു. സംഘ്പരിവാര്‍ശക്തികള്‍ ഫാസിസത്തിന്റെ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. പരിസ്ഥിതിയുടെയും ദളിതരുടെയും രാഷ്ട്രീയും ഉയര്‍ത്തിപിടിക്കാന്‍ ഡി വൈ എഫ് ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ പലപ്പോഴും മടിക്കുകയാണ്. അഴിമതിയുടെ പേരില്‍ മുദ്രകുത്തപ്പെട്ട ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവരുമായി സമരസപ്പെടാനും കെ എം മാണിയെ ഇടതുപക്ഷത്തിന്റെ ഭാഗമാക്കാനും ചിലര്‍ തുനിന്നതും വര്‍ഗ രാഷ്ട്രീയത്തിന് പകരം വരേണ്യ വിഭാഗ അന്യ വര്‍ഗ ചിന്താഗതിയുടെയും ഭാഗമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇടതുപക്ഷ ജനാധിപത്യമുന്നണി എന്നത് ഏതെങ്കിലും കൂട്ടരുടെ സ്വകാര്യ സ്വത്തല്ല. അത് നിരവധി അന്വേഷണങ്ങള്‍ക്കും കാലത്തിന്റെ ആവശ്യകതക്കും ചരിത്രപരമായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലും രൂപപ്പെട്ട ശരിയായ നിലപാടുകളാണ് എന്നത് മറന്നുകളയരുതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷത്തിന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ ആര് ശ്രമിച്ചാലും ശക്തമായി രംഗത്ത് വരണമന്നും ജില്ലാ സെക്രട്ടറി സി പി ശറഫുദ്ദീന്‍, സംസ്ഥാന സെക്രട്ടറി പാലോട് മണികണ്ഠന്‍ എന്നിവര്‍ അവതരിപ്പിച്ച പ്രവര്‍ത്തന, രാഷ്ട്രീയ, ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജില്ലയില്‍ എ ഐ വൈ എഫിന്റെ സാധ്യതക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായും വിവിധ പ്രതിനിധികള്‍ വിമര്‍ശിച്ചു. നവജീവന്‍പോലുള്ള സംഘടനയുടെ മുഖപത്രം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നതില്‍ നേതൃത്വത്തിന് ഗരുതര വീഴ്ചയുണ്ടായി. എ ഐ എസ് എഫും കുട്ടികളുടെ സംഘടനയുമെല്ലാം വഴിപാടു കണക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ചര്‍ച്ച ഇന്നും തുടരും .

Latest