Connect with us

National

ഇന്ത്യന്‍ സൈന്യം സംസാരിക്കുകയല്ല തിരിച്ചടിക്കുകയാണെന്ന് മോദി

Published

|

Last Updated

കോഴിക്കോട്: ഇന്ത്യന്‍ സൈന്യം ഭീകരതക്കെതിരെ സംസാരിക്കുകയല്ല തിരിച്ചടിക്കുകയാണ് ചെയ്യാറുള്ളതെന്ന് പ്രധാനമന്ത്രി മോദി. ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെവിടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യന്‍ സൈന്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഉറിയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കശ്മീര്‍ ജനത സമാധാനം ആഗ്രഹിക്കുന്നവരാണ്. അവിടെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനാവണം. സമാധാനം പുനഃസ്ഥാപിക്കാനാണ് കരസേന ശ്രമിക്കുന്നത്. കശ്മീര്‍ ജനതയുടെ സുരക്ഷ തന്റെ സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു.

പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായി കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് രണ്ടരക്കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. ഇനി ഒന്നരക്കോടി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്വച്ഛ്ഭാരത് ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി പ്രസ്തുത നമ്പറില്‍ വിളിച്ചാല്‍ ശുചീകരണ പരിപാടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ലഭിക്കുമെന്ന് അറിയിച്ചു. 1969 എന്നതാണ് ഹെല്‍പ് ലൈന്‍ നമ്പര്‍.