Connect with us

Kerala

മാള്‍ട്ട പനി: ഉരുക്കളെ ദയാവധം നടത്തും

Published

|

Last Updated

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ മാള്‍ട്ടാ പനി ബാധിച്ച തൊണ്ണൂറ് ഉരുക്കളെ ഫാമില്‍ തന്നെ ദയാവധം നടത്താന്‍ തീരുമാനിച്ചു. ഇന്നലെ ഫാമില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാലാ ശാസ്ത്രജ്ഞന്മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
ദയാവധത്തിനുള്ള മരുന്ന് എത്തിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ ദയാവധം നടത്തി ഫാം ക്യാമ്പസില്‍ മറവ് ചെയ്യും. മണ്ണുത്തിയിലെ കേന്ദ്രത്തില്‍ വെച്ച് ദഹിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാലാണ് തിരുവിഴാംകുന്ന് ഫാം ക്യാമ്പസില്‍ തന്നെ സംസ്‌കരിക്കുന്നതെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു അറിയിച്ചു. കാലികളെ മണ്ണുത്തിയിലേക്ക് കൊണ്ടുപോകുന്നത് നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നും ബോര്‍ഡ് അറിയിച്ചിരുന്നു. മറവ് ചെയ്യുന്ന ഉരുക്കള്‍ക്ക് പകരം ഉത്പാദനശേഷിയുള്ള അത്രയും കാലികളെ എത്തിക്കുമെന്നും ഇതുമൂലം ആരുടെയും തൊഴില്‍ നഷ്ടപ്പെടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് ദഹിപ്പിക്കല്‍ പ്രായോഗികമല്ലാത്തതിനാലാണ് ഉരുക്കളെ കുഴിച്ചു മൂടുന്നത്. പശുക്കുട്ടികളുള്‍പ്പടെ രോഗബാധിതരായ കാലികളെ പ്രത്യേക ഐസൊലേറ്റഡ് ഷെഡിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. സര്‍വകലാശാല ശാസ്ത്രജ്ഞന്‍, വെറ്ററിനറി സര്‍ജന്‍, ഫാം ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന ഒമ്പതംഗങ്ങളുള്ള പത്ത് സംഘങ്ങളാണ് അടക്കം ചെയ്യലിന് നേതൃത്വം നല്‍കുക.രോഗം ബാധിച്ച കാലികളെ ഉറക്കിയ ശേഷം മയക്കാനുള്ള മരുന്ന് ഓവര്‍ഡോസായി നല്‍കിയാണ് ദയാവധം നടത്തുക. തുടര്‍ന്ന് മൂന്ന് മീറ്റര്‍ ആഴത്തില്‍ ട്രഞ്ച് കുഴിച്ച് അടക്കം ചെയ്ത് മുകളില്‍ ആവശ്യമായ കുമ്മായം നിക്ഷേപിച്ച് കുഴി മൂടും. നീരൊഴുക്കില്ലാത്തതും ജനവാസ മേഖലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം പാലിച്ചുമായിരിക്കും മറവ് ചെയ്യുക. ഇതിനായി അഞ്ച് ടണ്‍ കുമ്മായം ആവശ്യമായി വരും. മറവ് ചെയ്യുന്ന പ്രദേശം ആരും പ്രവേശിക്കാത്ത തരത്തില്‍ ഒരു വര്‍ഷത്തേക്ക് ഒഴിച്ചിടും. തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തെ തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നതായി യോഗത്തില്‍ പങ്കടുത്ത പ്രദേശ വാസികളും ജനപ്രതിനിധികളും കുറ്റപ്പെടുത്തി.

Latest