Connect with us

Gulf

അബുദാബിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ധാര്‍മിക വിദ്യാഭ്യാസം

Published

|

Last Updated

ഡോ. കരീമ അല്‍ മസ്‌റൂഇ

അബുദാബി: തലസ്ഥാന നഗരിയിലെ 52 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ധാര്‍മിക പഠന ക്ലാസ് നല്‍കും. അടുത്ത വര്‍ഷം ജനുവരി മുതലാണ് ക്ലാസുകള്‍ നല്‍കുകയെന്ന് അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കരീമ അല്‍ മസ്‌റൂഇ പറഞ്ഞു.
തുടര്‍ന്ന് 2017-2018 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് നിര്‍ബന്ധമാക്കുമെന്ന് അവര്‍ അറിയിച്ചു. 2017 സെപ്തംബര്‍ മുതലാണ് ഇത് ആരംഭിക്കുക.
കഴിഞ്ഞ ജൂണില്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ധാര്‍മിക വിദ്യാഭ്യാസം നല്‍കണമെന്ന പ്രഖ്യാപനം നടത്തിയത്.
അഞ്ച് ഗണങ്ങളാണ് പഠന വിഷയത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. നീതിശാസ്ത്രം, വ്യക്തിത്വ-സാമൂഹിക വികസനം, സംസ്‌കാരവും പൈതൃകവും, പൗര ധര്‍മം, മനുഷ്യാവകാശവും ഉത്തരവാദിത്വങ്ങളും എന്നിവയാണ് ധാര്‍മിക പഠനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കുക.
പദ്ധതിയില്‍ 28 സ്വകാര്യ സ്‌കൂളുകളും 24 പൊതു സ്‌കൂളുകളും ഭാഗമാകും. കുട്ടികള്‍ക്കിടയില്‍ നല്ല പെരുമാറ്റ സ്വഭാവം സൃഷ്ടിച്ചെടുക്കുകയും തീവ്രവാദവും അക്രമവാസനയും വളരുന്ന ആശയങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുകയുമാണ് ധാര്‍മിക വിദ്യാഭ്യാസ പഠന പദ്ധതിയുടെ ലക്ഷ്യമെന്ന് ഡോ. കരീമ അല്‍ മസ്‌റൂഇ വ്യക്തമാക്കി.
അറബ് ലോകം വളരെയധികം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. മനുഷ്യാവകാശങ്ങളെ കുറിച്ചും പൗരധര്‍മത്തെ കുറിച്ചും വിദ്യാര്‍ഥികളെ ബോധവത്കരിക്കേണ്ട സമയമാണിത്.
സമൂഹത്തിലെ ഭാവി വാഗ്ദാനങ്ങളായി കുട്ടികളെ മാറ്റിയെടുക്കാനുള്ള യു എ ഇ ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാട് പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest