Connect with us

Gulf

സ്മാര്‍ട് ആപ് വഴി ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിക്കും

Published

|

Last Updated

ദുബൈ: സ്മാര്‍ട് ആപ് വഴി ദുബൈയിലെ വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിക്കും. “ഇന്റഗ്രേറ്റഡ് മൊബിലിറ്റി പ്ലാറ്റ്ഫോം” എന്ന ഏകജാലക പദ്ധതിയിലൂടെയാണിത്. ബര്‍ലിനില്‍ ആഗോള ഗതാഗത പ്രദര്‍ശന പരിപാടി “ഇന്നോ ട്രാന്‍സി”ല്‍ മൊബിലിറ്റി പ്ലാറ്റ്‌ഫോമില്‍ ഇത് പ്രദര്‍ശിപ്പിച്ചു.
ദുബൈയിലെ ബസ്, മെട്രോ, ട്രാം, ടാക്‌സി, ജലഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ഒരൊറ്റ ആപ്ലിക്കേഷന്‍ മുഖേന ലഭ്യമാക്കും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനും യാത്രാക്കൂലി അടക്കാനും സംവിധാനം ഒരുക്കുകയും ചെയ്യുമെന്നതാണ് സവിശേഷത.
പാം മോണോറെയില്‍, ദുബൈ ട്രോളി, സ്വകാര്യ കമ്പനികളുടെ ലിമോസിന്‍ സര്‍വീസുകള്‍ തുടങ്ങിയവയെയും പദ്ധതിയില്‍ ഉള്‍പെടുത്തും. റൂട്ട് 2020 ആയിരുന്നു ബര്‍ലിനിലെ ഇന്നോ ട്രാന്‍സിറ്റില്‍ ആര്‍ ടി എ ഒരുക്കിയ സ്റ്റാന്‍ഡിലെ മറ്റൊരു ആകര്‍ഷണം.
എക്‌സ്‌പോ വേദിയിലേക്ക് നീളുന്ന പാതയുടെ വിശദ വിവരങ്ങളും രേഖാചിത്രങ്ങളും സ്റ്റാന്‍ഡില്‍ ഇടംപിടിച്ചു. അതോറിറ്റിയുടെ വിവിധ പദ്ധതികള്‍ക്കൊപ്പം ദുബൈയില്‍ ഗതാഗത രംഗത്തുണ്ടായ വിപ്ലകരമായ മാറ്റങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. ചെയര്‍മാന്‍ മതര്‍ അല്‍ തായറിന്റെ നേതൃത്വത്തിലാണ് സംഘം മേളയിലെത്തിയത്. ജര്‍മനിയിലെ യു എ ഇ സ്ഥാനപതി അലി അബ്ദുല്ല അല്‍ അഹ്മദ് സംഘത്തോടൊപ്പം ചേര്‍ന്നു. 60 രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം പ്രദര്‍ശകര്‍ മേളയുടെ ഭാഗമായിരുന്നു.

 

Latest