Connect with us

Articles

ഫാഷിസം തക്കംപാര്‍ക്കുമ്പോള്‍ എഴുത്തുകാരനും ബാധ്യതയുണ്ട്

Published

|

Last Updated

നിലവിലുള്ള സാമൂഹികാവസ്ഥയില്‍ നിന്നുള്ള മാറ്റമാണ് ഏതുകാലത്തും വിപ്ലവകരമായ പരിവര്‍ത്തനംകൊണ്ട് അര്‍ഥമാക്കുന്നത്. അതിനര്‍ഥം നിലവിലുള്ള വ്യവസ്ഥകളില്‍ ഭൂരിഭാഗവും എപ്പോഴും സമ്പൂര്‍ണമായിരിക്കില്ല എന്നുതന്നെയാണ്. പൂര്‍ണത എന്നുള്ളത് അല്ലെങ്കിലും ഒരു ഉട്ടോപ്യന്‍ സങ്കല്‍പ്പമാകാനേ തരമുള്ളൂ. പൂര്‍ണത തേടുന്ന അപൂര്‍ണ ബിന്ദുക്കളെന്നാണ് മികച്ച പ്രതിഭാശാലികളെ മലയാളത്തിലെ ഒരെഴുത്തുകാരന്‍ നിര്‍വചിച്ചത്. പുരോഗതിയുടെ ഉന്നതാവസ്ഥയിലേക്കുള്ള ചുവടുവെപ്പുകള്‍ ചില ആശയങ്ങളും പരിഷ്‌കരണങ്ങളും മുന്നോട്ടുവെക്കാറുണ്ട്. അതായത് ആ ആശയത്തിന്റെ പൂര്‍ണതയിലേക്കുള്ള പ്രയാണത്തില്‍ ഒരുകാല്‍വെപ്പ് എന്നേ ഇതിനെയെല്ലാം കരുതേണ്ടതുള്ളു. സമൂഹത്തില്‍ ഏതുകാലത്തും അധീശത്വം പുലര്‍ത്തുന്ന ജനവിരുദ്ധതയും അതാതുസ്ഥലങ്ങളിലെ ഭരണകൂടങ്ങളും ഒരു അപ്രഖ്യാപിത ഐക്യം ഉണ്ടാകാറുണ്ട്. അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേ മാറ്റത്തിന്റെയും പരിഷ്‌കരണത്തിന്റെയും ചാലകശക്തികളായിട്ടാണ് അറിയപ്പെടുക.
ജനാധിപത്യവ്യവസ്ഥിതിയില്‍ ഇത്തരം പരിഷ്‌കരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ മുന്നോട്ടു നയിക്കുക ചില രാഷ്ട്രീയ ദര്‍ശനങ്ങളും ആശയങ്ങളും ആയിരിക്കും. അതുകൊണ്ടുതന്നെ എല്ലാതരം വികസനങ്ങള്‍ക്കും പുരോഗമന ആശയ പ്രചാരണങ്ങള്‍ക്കും ഫാഷിസം പോലുള്ള വിപത്തുകളെ ചെറുക്കുന്നതിനും എല്ലാം പൊതുജനം ആശ്രയിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളെത്തന്നെയാണ്. അതില്‍ത്തന്നെ വ്യവസ്ഥാപിത രാഷ്ട്രീയക്കാരെയും. എന്നാല്‍ ആ പാരമ്പര്യ രീതി മാത്രം തുടര്‍ന്നാല്‍ മതിയോ എന്ന ചിന്തക്ക് പ്രസക്തി ഏറിവരുന്ന കാലം കൂടിയാണ് നമ്മുടേതുപോലുള്ള ഒരു രാജ്യത്തിന്റെ സമകാലിക സാഹചര്യങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളിലുള്ള ജനങ്ങളുടെ വിശ്വാസത്തിനു പല കാരണങ്ങളാലും ഇടിവ് സംഭവിക്കുക കൂടി ചെയ്യുന്ന ഒരു കാലാവസ്ഥ നിലവിലുള്ളതിനാല്‍ സാഹിത്യ, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സാമൂഹികമാറ്റ പ്രക്രിയയില്‍ നിര്‍ണായക പങ്കുതന്നെ വഹിക്കാനാകും.
സാഹിത്യത്തിന്റെ ലക്ഷ്യം സാമൂഹികപരിവര്‍ത്തനം എന്നത് മാത്രമായി ചുരുക്കണമെന്നല്ല അര്‍ഥമാക്കുന്നത്. അത് സാധ്യവുമല്ല. മാത്രമല്ല, കലയെയും സാഹിത്യത്തെയും രാഷ്ട്രീയ ചിന്തകളില്‍ തളച്ചിടുന്നത് അതിന്റെ സൗന്ദര്യശാസ്ത്രത്തോടുള്ള അനീതികൂടിയായിരിക്കും. എന്താണ് സാഹിത്യത്തിന്റെ ലക്ഷ്യം എന്നതിനെക്കുറിച്ച് മലയാളി കാലങ്ങള്‍ക്ക് മുമ്പേ ചേരിതിരിഞ്ഞ് തര്‍ക്കിച്ചതാണ്. പഴയ രൂപഭദ്രതാവാദവും സാമൂഹികപ്രതിബദ്ധതാ വാദവും പരസ്പരം അങ്കംവെട്ടി ആരും ജയിക്കുകയും തോല്‍ക്കുകയും ചെയ്യാതെ ആയുധംവെച്ചു കീഴടങ്ങിയ ചരിത്രമാണുള്ളത്. എന്നാല്‍ എഴുത്തിനെയും കലയെയും സൗന്ദര്യാനുഭൂതികളുടെ മാനദണ്ഡം കൊണ്ട് മാത്രം അളക്കുകയും അതിന് സമൂഹത്തോട് ഒരു തരത്തിലും കടപ്പാടില്ലാ എന്നു ശഠിക്കുന്നതും യുക്തിസഹമല്ല. സാഹിത്യം എന്താണ് എന്നൊരു ചോദ്യം മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരോട് ചോദിച്ചത് പുതിയ ഓണപ്പതിപ്പിലൊന്നില്‍ കാണുകയുണ്ടായി. അതിന് എം ടി പറയുന്ന മറുപടി “”അത് ജീവിതത്തെ ബാധിക്കുന്ന ശക്തികളില്‍ ഒന്നാണ്. നമ്മളെ സ്വാധീനിക്കാന്‍ കഴിയുന്ന, എന്തോ ഒരു ശക്തി നിയന്ത്രിക്കുന്ന ഒന്ന് എന്നു തന്നെപറയാം”” എന്നായിരുന്നു. ആ അര്‍ഥത്തില്‍ തന്നെ മനുഷ്യന്റെ സാമൂഹിക ജീവിതവുമായി സാഹിത്യം പല തരത്തിലും ബന്ധപ്പെട്ടുകിടക്കുന്നു.
അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാരെപ്പോലെയോ സാംസ്‌കാരിക തലത്തില്‍ അവരേക്കാള്‍ ഒരുപടി മുന്നില്‍ നിന്നോ സാമൂഹികപ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ എഴുത്തുകാര്‍ക്കും ബാധ്യതയുണ്ടെന്നു വരുന്നു. പ്രത്യേകിച്ചും നമ്മുടെ മതേതര കാഴ്ചപ്പാടുകള്‍ക്കുമേല്‍ ഫാഷിസം അതിന്റെ പിടിമുറുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍. വെറും രാഷ്ട്രീയക്കാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത പല ചെറുത്തുനില്‍പ്പുകളും സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരെക്കൊണ്ട് സംഘടിപ്പിക്കാനാകും. അര്‍ഥവത്തായ സംവാദങ്ങളുടെ തലം വികസിപ്പിച്ചുകൊണ്ട് അവര്‍ക്കത് സാധ്യമാകണം.
പരസ്യമായി പക്ഷം ചേരാതെ ഫാഷിസ്റ്റുകളോടും വര്‍ഗീയതയോടും തങ്ങളുടെ മൗനംകൊണ്ട് രാജിയാകുന്ന നല്ലൊരു വിഭാഗം രാഷ്ട്രീയക്കാര്‍ നമുക്കിടയിലുണ്ട്. ബി ജെ പിയും ആര്‍ എസ് എസ്സും നയിക്കുന്ന ഭരണത്തില്‍ പങ്കാളിത്തം വഹിക്കുന്ന ചില മുന്‍ സോഷ്യലിസ്റ്റ് കക്ഷികളെപ്പോലും നമ്മള്‍ കണ്ടുവരുന്നു. പലപ്പോഴും സവര്‍ണ വര്‍ഗീയതക്കനുകൂലമായ നിലപാടുകള്‍ ഭരണകൂടത്തില്‍ നിന്നുണ്ടാകുമ്പോള്‍ ഈ വിഭാഗം മൗനം കൊണ്ടാണ് അതിനോട് രാജിയാകുന്നത്. അതിനര്‍ഥം ഫാഷിസ്റ്റു രീതികളോട് ശക്തമായ എതിര്‍പ്പ് അവരുടെ ഉള്ളിലുണ്ടെങ്കിലും ബി ജെ പിയുമായുള്ള ഭരണ പങ്കാളിത്തം അവരെ മൗനത്തിന്റെ കവചമണിയാന്‍ നിര്‍ബന്ധിതരാക്കുന്നു എന്നാണ്. അതുപോലെയോ അതിലേറെയോ അപകടകരമായ ഒന്നായിരുന്നു നമ്മുടെ എഴുത്തുകാരില്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടായ ഫാഷിസത്തിനെതിരെയുള്ള കുറ്റകരമായ മൗനം.
എന്നിരുന്നാലും ഉത്തരേന്ത്യയില്‍ പലഭാഗത്തും ബീഫിന്റെ പേരില്‍ സവര്‍ണ വര്‍ഗീയത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ കൊല്ലുകയും വ്യാപകമായ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്തപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ അന്ന് ഫാഷിസ്റ്റ് ഭരണരീതിയെ ചെറുക്കാന്‍ മുന്നോട്ടുവന്നത് ഇന്ത്യയില്‍ ഒട്ടാകെയുള്ള എഴുത്തു വിഭാഗത്തില്‍പ്പെട്ടവരും സാംസ്‌കാരിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ആയിരുന്നു എന്നത് മറന്നുകൂടാ. കൂട്ടത്തില്‍ പറയട്ടെ, ഇടതുപക്ഷ രാഷ്ട്രീയത്തിന് ശക്തമായ വേരോട്ടമുള്ള സംസ്ഥാനങ്ങളിലും പോക്കറ്റുകളിലും മാത്രമാണ് ഫാഷിസ്റ്റുകള്‍ക്കും എല്ലാതരം വര്‍ഗീയതകള്‍ക്കും എതിരെയുള്ള ഫലവത്തായ രാഷ്ട്രീയ പ്രചാരണങ്ങളും മുന്നേറ്റങ്ങളും ഉണ്ടായത് എന്നതും സ്മരണീയമാണ്. പക്ഷേ ഇടതുപക്ഷം ഇന്ത്യയുടെ പൊതു അവസ്ഥയില്‍ അത്രശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ശക്തിയല്ലാ എന്ന പരിമിതി നിലനില്‍ക്കുന്ന യാഥാര്‍ഥ്യവുമാണ്.
പ്രത്യക്ഷത്തില്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തോട് കലഹിച്ചുനില്‍ക്കുന്ന എഴുത്തുകാരില്‍പ്പെട്ടവരും സാംസ്‌കാരിക പ്രവര്‍ത്തകരില്‍പ്പെട്ടവരുമായ പലരും ഫാഷിസം പിടിമുറുക്കാന്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം തങ്ങളിലെ യഥാര്‍ഥ ഇടതുപക്ഷ സ്പിരിറ്റ് പ്രകടമാക്കിയതും പ്രതീക്ഷ നല്‍കുന്നതാണ്.
ചുരുക്കത്തില്‍ നമ്മുടെ സാമൂഹികജീവിതത്തിന്റെ ഗുണകരമായ മുന്നേറ്റങ്ങള്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയല്ല നിലവിലുള്ളത്. സാഹിത്യത്തിനും കലകള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനത്തിനുമൊക്കെ അതിന്റെ ധര്‍മം നിര്‍വഹിക്കുന്നതോടൊപ്പം സാമൂഹിക രാഷ്ട്രീയ മാറ്റങ്ങള്‍ക്കും പ്രചോദനം നല്‍കാനാകും എന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
എം എന്‍ വിജയന്‍ ഫാഷിസത്തെ നിര്‍വചിച്ചു കൊണ്ട് പലപ്പോഴും പറയുമായിരുന്ന ഒന്നാണ് “ഫാഷിസത്തിന്റെ മൗന”ത്തിന്റെ രീതി. ഒരാള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു ഫാഷിസ്റ്റിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുക അയാള്‍ മൗനിയായിരിക്കും എന്നതിനാലാണെന്ന് മാഷ് പറയുമായിരുന്നു. അത്തരം മൗനങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന വാചാലത കൂടിയായി മാറേണ്ടതുണ്ട്. അതുകൊണ്ട് ഫാഷിസത്തിനെതിരെയുള്ള മുന്നേറ്റത്തില്‍ രാഷ്ട്രീയത്തിനും സാഹിത്യത്തിനും പരസ്പരപൂരകമായ ഐക്യപ്പെടലുകള്‍ക്കാണ് ഇന്ത്യയില്‍ പ്രസക്തി എന്നു കരുതേണ്ടിയിരിക്കുന്നു.

---- facebook comment plugin here -----

Latest