Connect with us

Editorial

ഗര്‍ഭിണിയുടെ വയറ് കലക്കുന്ന സവര്‍ണക്കലി

Published

|

Last Updated

സവര്‍ണാധിപത്യത്തിന്റെ ക്രൗര്യമൊടുങ്ങുന്നില്ല. ഗുജറാത്തില്‍ നിന്ന് തന്നെയാണ് ദളിത് പീഡനത്തിന്റെ ഹൃദയഭേദകമായ പുതിയ വാര്‍ത്തയും വന്നിരിക്കുന്നത്. നേരത്തെ പശുവിനെ കൊന്നുവെന്ന് ആക്രോശിച്ചാണ് പശു സംരക്ഷകരെന്ന് അവകാശപ്പെടുന്ന സവര്‍ണ, ഹിന്ദുത്വ ഗുണ്ടകള്‍ ദളിത് യുവാക്കളെ തല്ലിച്ചതച്ചത്. ഇത്തവണ മര്‍ദനം ചത്ത പശുവിനെ വലിച്ചു കൊണ്ടുപോയി കുഴിച്ചിടാന്‍ തയ്യാറല്ലെന്ന് ദളിത് കുടുംബം പറഞ്ഞതിനാണ്. അഹമ്മദാബാദിനടുത്ത് അമീര്‍ഗഢില്‍ മോട്ടാകര്‍ജാ ഗ്രാമത്തിലാണ് സംഭവം. തന്റെ വയലില്‍ നിന്ന് ചത്ത പശുവിന്റെ ജഡം നീക്കണമെന്നാവശ്യപ്പെട്ട് സവര്‍ണ സമുദായാംഗമായ ഭട്‌വര്‍ സിന്‍ഹ എന്നയാള്‍ ദളിതനായ നീലേഷ് റാണാവാസിയയുടെ വീട്ടിലെത്തി. പശുവിന്റെ ജഡം നീക്കുന്ന ജോലി നിര്‍ത്തിയെന്ന് വീട്ടുകാര്‍ മറുപടി നല്‍കി. ഇതോടെ ക്ഷുഭിതരായ സവര്‍ണ സംഘം വീട്ടില്‍ കയറി തലങ്ങും വിലങ്ങും മര്‍ദിച്ചു. നീലേഷിന്റെ ഗര്‍ഭിണിയായ ഭാര്യ സംഗീതയെയും വെറുതെ വിട്ടില്ല. വയറ്റില്‍ തന്നെ നിരന്തരം ഇടിച്ചു. “ഭ്രഷ്ടാചാര”ങ്ങളില്‍ നിന്നും ഭേദഭാവങ്ങളില്‍ നിന്നും സമത്വഭാവത്തിലേക്ക് രാജ്യം ഉണരുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് ദളിത് ഗര്‍ഭിണിയുടെ വയറ്റില്‍ തൊഴിക്കുന്ന സവര്‍ണക്കലി രാജ്യം കാണുന്നത്. അതും അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്ത് നിന്ന്.
ഗുജറാത്തില്‍ എത്ര ഭീകരമായ ജാതിവിവേചനമാണ് നിലനില്‍ക്കുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ദളിതര്‍ എക്കാലവും തോട്ടിപ്പണിക്കാരായി കഴിഞ്ഞു കൊള്ളണമെന്ന ഉഗ്ര ശാസനയാണ് ഇത്. പശുരാഷ്ട്രീയത്തിന്റെ മറ്റൊരു ആവിഷ്‌കാരവും. ന്യൂനപക്ഷങ്ങളെയും ദളിതുകളെയും പൊതുധാരയില്‍ നിന്ന് ആട്ടിയോടിക്കാനും അവരെ അധമന്‍മാരായി ചിത്രീകരിക്കാനും പശു ആരാധനയും അതിന്റ ഉപോത്പന്നമായ പശു സംരക്ഷണ രാഷ്ട്രീയവും ഉപയോഗിക്കുകയായിരുന്നു. സവര്‍ണ വിശ്വാസസംഹിത മറ്റുള്ളവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയെന്ന മനുവാദം തന്നെയാണ് ഇതിന്റെ അടിസ്ഥാനം. വംശശുദ്ധി തന്നെയാണ് പശുവാദത്തിന്റെ ലക്ഷ്യം. സംഘ്പരിവാറിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പി ലോക്‌സഭയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുമ്പോള്‍ പശു രാഷ്ട്രീയം അത്യന്തം അക്രമാസക്തമായ രൂപം കൈവരിച്ചു. ആദ്യം അത് അടുക്കളയിലേക്കും ഫ്രിഡ്ജിലേക്കുമാണ് ചെന്നത്. ആരെങ്കിലും ബീഫ് വെക്കുന്നുണ്ടോയെന്ന് മണം പിടിച്ചു നടന്നു. ബിരിയാണി ചെമ്പുകള്‍ ചികഞ്ഞു. ദാദ്രിയില്‍ ഒരു മനുഷ്യനെ അടിച്ചു കൊന്നു. പശുക്കടത്ത് ആരോപിച്ച് യുവാക്കളെ കൊന്ന് കെട്ടിത്തൂക്കി. സംഘ് ഗുണ്ടകള്‍ പോലീസും പട്ടാളവും കോടതിയുമായി.
മുസ്‌ലിംകളുടെ ഭക്ഷണ അവകാശത്തിന്‍മേലുള്ള കടന്നു കയറ്റം മാത്രമായാണ് ഈ ഘട്ടത്തില്‍ വന്ന വിശകലനങ്ങളെല്ലാം പശുവാദത്തെ അടയാളപ്പെടുത്തിയത്. യഥാര്‍ഥത്തില്‍ അതിന്റെ മുന അങ്ങേയറ്റം ക്രൗര്യത്തോടെ നീങ്ങുന്നത് ദളിതുകളുടെ നേര്‍ക്കാണ്. അവരുടെ ജീവിതം, കൃഷി, ഉപജീവനം തുടങ്ങിയ സര്‍വ മേഖലയുമായും അതിന് ബന്ധമുണ്ട്. കാഞ്ച എലയ്യ മുന്നോട്ട് വെക്കുന്ന ബഫല്ലോ പൊളിറ്റിക്‌സ് ഇത് കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. ഗുജറാത്തിലെ തന്നെ ഉനയില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞ ദളിത് യുവാക്കളെ തല്ലിച്ചതച്ച സംഭവം പശുവാദത്തിന്റെ ദളിത്‌വിരുദ്ധതയിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ പതിപ്പിച്ചു. ഗുജറാത്തില്‍ ഇതിനകം ശക്തമായി വന്ന ദളിത് ഐക്യം ഉന സംഭവത്തോടെ വിപ്ലവകരമായ മുന്നേറ്റത്തിലേക്ക് ഉണര്‍ന്നു. സ്വാതന്ത്ര്യദിനത്തില്‍ അവര്‍ സമാന്തര സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. യുവ ദളിത് അഭിഭാഷകന്‍ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദളിത് പ്രക്ഷോഭത്തിനാണ് തുടക്കമായത്. നിങ്ങളുടെ പശുവിന്‍ വാല്‍ നിങ്ങള്‍ പിടിച്ചോളൂ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി തരൂ എന്ന് അവര്‍ പ്രഖ്യാപിച്ചു. മുമ്പത്തെ പോലെയല്ല; കൃത്യമായ ലക്ഷ്യവും മാര്‍ഗവുമുണ്ട് ഈ ദളിത് പ്രക്ഷോഭത്തിന്. അത് അതിവൈകാരികമോ അക്രമാസക്തമോ അല്ല. കുലത്തൊഴിലായി മുദ്രയടിക്കപ്പെട്ട ചത്ത പശുവിനെ കുഴിച്ചിടുന്നത് പോലുള്ള തോട്ടിപ്പണി ഇനി മേല്‍ ചെയ്യില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പാടത്ത് നിന്ന് പശുവിനെ വലിച്ചു കൊണ്ട് വന്ന് കുഴിച്ചിടാന്‍ നീലേഷിന്റെ കുടുംബം വിസമ്മതിച്ചത്. അതിനാണ് അവരെ തല്ലിച്ചതച്ചത്. ഗര്‍ഭിണിയെ വയറ്റില്‍ തൊഴിക്കുമ്പോള്‍, കുലത്തൊഴില്‍ ചെയ്യാന്‍ ഭാവമില്ലെങ്കില്‍ ദളിത് കുഞ്ഞ് ജനിക്കേണ്ടെന്ന് തന്നെയാണ് സവര്‍ണര്‍ പറയാതെ പറയുന്നത്.
ഗുജറാത്തിലുള്‍പ്പെടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദളിത് മുന്നേറ്റം ബി ജെ പിയുടെ സാധ്യതയെ ബാധിക്കുമന്നാണ് അവരുടെ ദേശീയ കൗണ്‍സില്‍ വിലയിരുത്തിയത്. പശു രാഷ്ട്രീയം സംഘ്പരിവാറിനെ തിരിഞ്ഞു കുത്തുകയാണ്. അടിസ്ഥാനപരമായി ബ്രാഹ്മണ രാഷ്ട്രീയമാണ് തങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ തിരിച്ചറിയുമ്പോള്‍ ബി ജെ പിയുടെയും സഖ്യകക്ഷികളുടെയും എല്ലാ പദ്ധതികളും വെള്ളത്തിലാകും. സവര്‍ണ, ഹിന്ദുത്വ പക്ഷപാതം ഉപേക്ഷിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസും വലയും.
അന്ത്യോദയയെന്നും സര്‍വ കല്യാണെന്നും പ്രഖ്യാപിച്ചത് കൊണ്ടായില്ല. പ്രവൃത്തിപഥത്തില്‍ കാണണം. ദളിതുകളെ സവര്‍ണ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാനാകണം. “ദളിതുകളെ ആക്രമിക്കേണ്ടവര്‍ എന്നെ ആക്രമിക്കൂ” എന്ന വൈകാരികതയല്ല പ്രധാനമന്ത്രിയില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളാണ്. പ്രത്യയശാസ്ത്രപരമായ വീണ്ടുവിചാരത്തിന് സംഘ്ശക്തികള്‍ തയ്യാറായേ തീരൂ.

 

Latest