Connect with us

Kerala

പുതിയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ഒഴിവാക്കും

Published

|

Last Updated

തിരുവനന്തപുരം: കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പൂര്‍ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി (ഭേദഗതി) ബില്ലിന്റെ (കിഫ്ബി ഭേദഗതി ബില്‍) ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ടോള്‍ ഇല്ലാതെ വികസന പദ്ധതി ഏറ്റെടുക്കാനുള്ള മാര്‍ഗമായി കിഫ്ബിയെ മാറ്റുന്നത്. വിവിധ വകുപ്പുകളുടെ കീഴിലുള്ള ഏജന്‍സികളെയും പ്രത്യേക അവശ്യ സംവിധാനങ്ങളെയും (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) ഉപയോഗപ്പെടുത്തിയായിരിക്കും പദ്ധതികള്‍ നടപ്പാക്കുക. നാടിന്റെ വലിയ മാറ്റത്തിന് കാരണമാകുന്ന ബജറ്റിന് പുറത്തുള്ള വായ്പ എടുക്കലിനും നിക്ഷേപത്തിനും ധന ഉത്തരവാദിത്വ നിയമം തടസമാകുന്നത് മറികടക്കാന്‍ ഇതേ മാര്‍ഗമുള്ളു. യു ഡി എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തില്‍ നടപ്പാക്കിയതിനേക്കാള്‍ കൂടുതല്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ ഈ വര്‍ഷം തന്നെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വഭാവംതന്നെ മാറും. പൊതു ആതുരാലയങ്ങളുടെ ഗുണനിലവാരത്തില്‍ കുതിച്ചുചാട്ടമുണ്ടാകും. എല്ലാവര്‍ക്കും വീട് ഉറപ്പാക്കും. വ്യവസായ പാര്‍ക്കുകള്‍ അടക്കം വികസന മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാകും. സംസ്ഥാന പാതകള്‍, ജില്ലാ റോഡുകള്‍, ഇതര ജില്ലാ റോഡുകള്‍ ഉള്‍പ്പെടെയുള്ളവ അഞ്ച് വര്‍ഷത്തിനുള്ളില്‍ റബറൈസ്ഡ് ടാറിംഗ് (ബിഎം ആന്‍ഡ് ബി സി) നടത്തും. പട്ടിക വിഭാഗ ഹോസ്റ്റലുകള്‍ നവീകരിക്കും.
കിഫ്ബിയില്‍ 6419 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ ഇതിനകം ലഭ്യമായിട്ടുണ്ട്. ഇതില്‍ 2600 കോടിയോളം രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ക്ക് വിശദ പദ്ധതി രേഖയുമായി. കുടിവെള്ള വിതരണം, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് പദ്ധതി നിര്‍ദേശങ്ങളിലേറെയും. താലൂക്ക് ആശുപത്രികളില്‍ കാത്ത് ലാബ് സ്ഥാപിക്കാനുള്ള പദ്ധതി ഉള്‍പ്പെടെ ആയിരം കോടിയിലേലെറെ രൂപയുടെ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പില്‍ നിന്നാണ്. 4000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഉടന്‍ അനുമതി നല്‍കും.
ധന ഉത്തരവാദിത്വ നിയമത്തിന്റെ നിബന്ധനകളെ മറികടക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലും സംസ്ഥാന സര്‍ക്കാര്‍ നടത്തും. ധനപരമായ ഇടപെടല്‍ ശേഷിയെ തളച്ചിടുന്ന നിയമങ്ങളെ ഇടപെടലുകളെയും മറികടക്കാന്‍ എല്ലാ മാര്‍ഗവും തേടുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് നിയമം നേരത്തെ ഉണ്ടായിരുന്നെങ്കിലും അതിന് വിശാലമായ ഇടപെടല്‍ അധികാരം നല്‍കുന്നതാണ് പുതിയ ബില്ല്. ഇതുപ്രകാരം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡിന്റെ ചെയര്‍മാന്‍ ഇനി മുഖ്യമന്ത്രിയായിരിക്കും. അതിനുകീഴില്‍ ധനകാര്യമന്ത്രി അധ്യക്ഷനായ എക്‌സിക്യുട്ടീവ് കമ്മിറ്റി ഉണ്ടാവും. ബോര്‍ഡ് അംഗീകരിക്കുന്ന പദ്ധതികളുടെ നടത്തിപ്പിനും അവലോകനത്തിനും ഉള്ളതാണ് ഈ സമിതി. വ്യവസ്ഥാപിത രീതികള്‍ പ്രകാരം റവന്യൂ രംഗത്ത് 97,000 കോടി രൂപയുടെയും മൂലധന രംഗത്ത് 9500 കോടി രൂപയുടെയും ചെലവാണ് വിഭാവനം ചെയ്യപ്പെടുന്നത്. മൂലധനച്ചെലവ് 9500 കോടി മാത്രമാണെന്നു വന്നാല്‍ വലിയ പദ്ധതികള്‍ക്ക് മുടക്കാന്‍ പണമുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് ബജറ്റിന് പുറത്ത് ധനസമാഹരണം നടത്താന്‍ നിശ്ചയിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 24,000 കോടി മുതല്‍ 50,000 കോടി വരെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി സമാഹരിക്കുകയാണ് ലക്ഷ്യം.
വ്യവസായങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, വന്‍ റോഡ് നിര്‍മാണം, വലിയ പാലങ്ങളുടെ നിര്‍മാണം, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കല്‍, ഐ ടി-ടൂറിസം മേഖലയുടെ വികസനം തുടങ്ങിയവയ്ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ചെലവായിരിക്കും പ്രധാനമായും കണ്ടെത്തുക. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് സമാഹരിക്കപ്പെടുന്ന തുകക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. പെട്രോളില്‍ നിന്നുള്ള ഒരു രൂപയുടെ സെസ്, മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സില്‍ നിന്നുള്ള 50 ശതമാനം വരെ ഉയരുന്ന ഓഹരി എന്നിവ നിയമ പ്രകാരം തന്നെ ഫണ്ടിലേക്ക് ഉറപ്പാക്കും.