Connect with us

Eranakulam

മുസ്‌ലിംകളെ ചുട്ടുകരിച്ചും അടിച്ചുകൊന്നുമാണോ സ്‌നേഹം പ്രകടിപ്പിക്കുന്നതെന്ന് മോദിയോട് വി എസ്‌

Published

|

Last Updated

മട്ടാഞ്ചേരി: മുസ്‌ലിംകള്‍ സഹോദരന്‍മാരാണെന്നാണ് ഇപ്പോള്‍ പറയുന്ന മോദി, സഹോദരങ്ങളെ ചുട്ടുകരിച്ചും അടിച്ചു കൊന്നുമാണോ സ്‌നേഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. മോഡിയുടെ മൂക്കിന് താഴെ മുഹമ്മദ് അഖ്‌ലാഖ് എന്ന മുസ്‌ലിം സഹോദരനെ കൊന്നത് മോദി ഓര്‍ക്കുന്നുണ്ടോയെന്നും പിന്നെ എങ്ങിനെ മോദിയും കൂട്ടരും മുസ്‌ലിംകളെ സഹോദരങ്ങളായി കാണുമെന്നും വി എസ് ചോദിച്ചു. സി ഐ ടി യു എറണാകുളം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആര്‍ എസ് എസിന്റെ നിലപാട് രാഷ്ട്രീയമായി പയറ്റുവാനുള്ള നീക്കത്തിലാണ് ബി ജെ പി. 2019 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത് നടപ്പാക്കാമോ എന്നതാണ് ഇക്കൂട്ടരുടെ ചിന്ത.
പള്ളിക്കാരെ കൂട്ടുപിടിച്ച് മാണിയേയും കൂട്ടരേയും വശത്താക്കാനാണ് ബി ജെ പി ആലോചിക്കുന്നത്. ഇവിടെ ബി ജെ പിയെ കുറ്റംപറയും. വടക്ക് മകന് വേണ്ടി സ്ഥാനങ്ങള്‍ ചോദിക്കും. ഇത് തന്നെയാണ് വെള്ളാപ്പള്ളിയും ചെയ്യുന്നത്. രണ്ട് പേരും അണികളെ കബളിപ്പിക്കുകയാണ്. രണ്ട് പേരെയും അണികളാല്‍ വാറ് പൊട്ടിയ ചെരുപ്പ് പോലെ റോഡില്‍ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
രണ്ടര വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ കോണ്‍ഗ്രസ് നടപ്പാക്കിയ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുകയാണ്.
സാമ്പത്തിക ആനുകൂല്യങ്ങള്‍ സമ്പന്നര്‍ക്ക് വാരിക്കോരി കൊടുക്കുമ്പോള്‍ പാവങ്ങളെ മറക്കുകയാണ് മോദി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുകയും സ്വകാര്യ വത്കരിക്കുകയും ചെയ്ത് പൊതു സമ്പത്ത് കൊള്ളയടിക്കുകയാണ് ബി ജെ പി സര്‍ക്കാറെന്നും വി എസ് ആരോപിച്ചു. യോഗത്തില്‍ സി ഐ ടി യു ജില്ലാ പ്രസിഡണ്ട് കെ എന്‍ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.