Connect with us

Kerala

പ്രതിപക്ഷത്തിന്റെ സമരം നാണംകെട്ട പരിപാടിയാണെന്ന് മുഖ്യമന്ത്രി; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തെ ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേര്‍ക്കുണ്ടായ പോലീസ് അക്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫ് പറമ്പിലാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പോലീസ് അക്രമത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെക്കുകയും പിന്നീട് സഭ ഇന്നത്തേക്ക് പിരിയുകയുമായിരുന്നു. പ്രതിപക്ഷത്തിന്റെ സമരം നാണംകെട്ട പരിപാടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് ബഹളം ആരംഭിച്ചത്.

തന്നെ കരിങ്കൊടി കാട്ടിയത് യൂത്ത് കോണ്‍ഗ്രസുകാരല്ല, മറിച്ച് ചാനലുകാര്‍ വാടകക്കെടുടുത്തവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ചുവന്ന മഷി ഷര്‍ട്ടില്‍ പുരട്ടി തന്നെ പൊലീസുകാര്‍ആക്രമിച്ചു എന്നു പറയുകയാണ് സമരക്കാര്‍. യൂത്ത് കോണ്‍ഗ്രസുകാര്‍ അത്രയും കുറച്ച് ആളുകളുമായി സമരത്തിന് വരുമെന്ന് കരുതുന്നില്ല. മറുപടി പറയുന്നത് കേള്‍ക്കാന്‍ അണികളെ പഠിപ്പിക്കണമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

തെരുവിലും പാര്‍ട്ടി കമ്മിറ്റിയിലും സംസാരിക്കുന്ന ഭാഷയാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇത്രയും തരംതാഴാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടു. പരാമര്‍ശങ്ങള്‍ നീക്കാത്തപക്ഷം സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം സഭയുടെ നടത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.