Connect with us

Gulf

വിദ്യാലയ കാന്റീനുകളില്‍ വ്യാപക പരിശോധന; ഭക്ഷണം എത്തിക്കുന്ന വാഹനങ്ങള്‍ക്കും പ്രത്യേക അനുമതി വേണം

Published

|

Last Updated

ദുബൈ: വിദ്യാലയ കാന്റീനുകളിലെ ഭക്ഷ്യസുരക്ഷ അന്വേഷിക്കാന്‍ ദുബൈ നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗം വ്യാപക പരിശോധന നടത്തി.
315 വിദ്യാലയങ്ങളില്‍ പരിശോധാന നടത്തിയതായി ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ താഹിര്‍ അറിയിച്ചു.
പല വിദ്യാലയങ്ങളിലും ആരോഗ്യ, സാങ്കേതിക, വിഭാഗങ്ങളില്‍ നിരവധി ചട്ടലംഘനങ്ങള്‍ കണ്ടെത്തി. ഇതിനെതിരെ ബോധവത്കരണവും മറ്റ് നടപടികളും സ്വീകരിച്ചുവരുന്നു. ഭക്ഷ്യ സുരക്ഷ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജനുവരി മുതല്‍ ഏപ്രില്‍വരെ പരിശോധന തുടരും.
ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരും ഉദ്യോഗസ്ഥരും പരിശോധനക്കായി രംഗത്തിറങ്ങും. നിലവിലെ അക്കാദമിക വര്‍ഷ വിദ്യാലയ ചുറ്റുപാട് ആരോഗ്യപരമാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷിതത്വം പ്രധാനമാണ്.
പൊതുവിദ്യാലയങ്ങളിലെ കാന്റീനുകള്‍ നടത്തിപ്പിന് പ്രത്യേക അനുമതി വേണം. എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. വിദ്യാലയ കാന്റീനുകളിലേക്ക് ഭക്ഷണം എത്തിക്കുന്ന കമ്പനികള്‍ക്കും ചട്ടങ്ങള്‍ ബാധകമാണ്. ചൂ ടുള്ള ഭക്ഷണം വിതരണം ചെയ്യേണ്ടത് അവരുടെ ബാധ്യതയാണ്. കാന്റീനുകള്‍ ശുചിത്വം പാലിക്കണം. പ്രാണികളോ കീടങ്ങളോ കാന്റീനില്‍ ഉണ്ടാകാന്‍ പാടില്ല.
വിദ്യാലയങ്ങളിലേക്ക് ഭക്ഷണ സാധനങ്ങളെത്തിക്കുന്ന വാഹനങ്ങളും ദുബൈ നഗരസഭയുടെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ നിന്നും പ്രത്യേക അനുമതി പത്രം വാങ്ങണം.
കാന്റീനുകള്‍ ഏറ്റവും മെച്ചപ്പെട്ടത് എന്ന സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. വാട്ടര്‍ ടാങ്ക് ശുചീകരിക്കുന്ന കമ്പനികള്‍ക്കും പ്രത്യേക അനുമതി വാങ്ങണം, അല്‍ താഹിര്‍ പറഞ്ഞു.
വിദ്യാലയ കാന്റീനുകള്‍ക്ക് ഈ വര്‍ഷം ആദ്യം മാര്‍ഗരേഖ നല്‍കിയിരുന്നു. ചില കാന്റീനുകള്‍ മാത്രമേ ഇത് പാലിച്ചുള്ളൂവെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

Latest