Connect with us

Gulf

ഖത്വറിനെ കാണാനും അനുഭവിക്കാനും താമസക്കാര്‍ക്ക് അവസരം

Published

|

Last Updated

ദോഹ: ഖത്വറിലെ പ്രവാസികള്‍ക്ക് ഖത്വര്‍ ടൂറിസം അതോറിറ്റി സംഘടിപ്പിക്കുന്ന ലോക വിനോദസഞ്ചാര ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം. ഒരു വിനോദസഞ്ചാരിയുടെ മനസ്സോടെ ഖത്വറിനെ നോക്കിക്കാണാനും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു സമ്മാനങ്ങള്‍ നേടാനുമുള്ള അവസരമാണ് ഇത്തവണ ഖത്വര്‍ ടൂറിസം അതോറിറ്റി (ക്യു ടി എ) ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവാസികള്‍ക്കു ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രത്യേക നിരക്കും ഹോട്ടലുകള്‍ നിരക്കിളവും നല്‍കും.
സോഷ്യല്‍ മീഡിയ വഴി ക്യു ടി എ നടത്തുന്ന മത്സരങ്ങളിലും പങ്കാളികളാകാം. പ്രവാസികളെ വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമാക്കുന്നതിലൂടെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ കൂടുതല്‍ സ്വീകാര്യത നേടാനാണു ക്യു ടി എയുടെ ശ്രമം. ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ഖത്വറിലെ എട്ട് പ്രധാന കേന്ദ്രങ്ങള്‍ക്കു മുന്നില്‍ വലിയ ഫോട്ടോ ഫ്രെയിമുകള്‍ സ്ഥാപിക്കുന്നുണ്ട്.
ഈ ലൊക്കേഷനുകള്‍ ക്യു ടി എയുടെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കും. ഇതിനു മുന്നില്‍ നിന്നു പ്രവാസികളെടുക്കുന്ന ചിത്രങ്ങള്‍ ഡബ്ല്യു ടി ഡി-2016, ഷോക്കേസ് ഖത്വര്‍ എന്നിങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ചെയ്യാം. എട്ടു സ്ഥലങ്ങളില്‍നിന്നും അപ്്‌ലോഡ് ചെയ്യുന്നവയില്‍ മികച്ച ഫോട്ടോകള്‍ക്കു ക്യു ടി എ സമ്മാനങ്ങള്‍ നല്‍കും. ഖത്വറിലെ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരു വാരാന്ത്യം ചെലവിടുന്നവര്‍ക്കു സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
ലോക വിനോദസഞ്ചാര ദിനമായ ഇന്ന് മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെയാണു മത്സരം. സ്‌പെഷ്യല്‍ പാക്കേജുകളും നിരക്കിളവുകളും ഈ ദിവസങ്ങളില്‍ ലഭ്യമാണ്. സ്പാകളിലെ മസാജ്, ഡിന്നര്‍, ബഫേ, മരുഭൂമി സഫാരി, പരമ്പരാഗത ബോട്ടുകളിലുള്ള സമുദ്ര സഞ്ചാരം, മത്സ്യബന്ധന ട്രിപ്പുകള്‍, രാത്രി മുഴുവന്‍ നീളുന്ന ക്യാംപിംഗ് എന്നിവക്കെല്ലാം നിരക്കിളവു ബാധകമാണ്.
ഖത്വര്‍ വെഞ്ചേഴ്‌സ്, അറേബ്യന്‍ അഡ്വഞ്ചേഴ്‌സ് ഖത്വര്‍, ഗള്‍ഫ് അഡ്വഞ്ചേഴ്‌സ്, ഖത്വര്‍ ഇന്റര്‍നാഷനല്‍ അഡ്വഞ്ചേഴ്‌സ് എന്നീ ടൂര്‍ ഓപ്പറേറ്റര്‍മാരാണു പരിപാടിയുമായി സഹകരിക്കുന്നത്. 35 ഹോട്ടലുകളാണു നിരക്കിളവു പ്രഖ്യാപിച്ചത്. ലോക വിനോദസഞ്ചാര സംഘടനയുടെ നേതൃത്വത്തില്‍ യു എന്‍ മുന്‍കൈയെടുത്താണു ലോക വിനോദസഞ്ചാരദിനം ആഘോഷിക്കുന്നത്.
“വികസനത്തിനു വിനോദസഞ്ചാരം” എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ സന്ദേശവാക്യം. വര്‍ഷങ്ങളായി ഖത്വറില്‍ കഴിയുന്ന പ്രവാസികള്‍ രാജ്യത്തെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഈ അസുലഭാവസരം വിനിയോഗിക്കണമെന്നു ക്യു ടി എ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ സയീഫ് അല്‍ കുവാരി അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest