Connect with us

Kannur

ഉത്പാദനം കൂട്ടാന്‍ ഇനി ഖാദിഗ്രാമങ്ങള്‍

Published

|

Last Updated

കണ്ണൂര്‍: ഖാദി ഉല്‍പാദനം കൂട്ടാന്‍ സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ ഖാദിഗ്രാമം എന്ന പേരില്‍ പുതിയ പദ്ധതി വരുന്നു. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് ആദ്യഘട്ടം ഖാദിഗ്രാമം സ്ഥാപിക്കുക.കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് തൊഴില്‍ നല്‍കാനും വ്യവസായ വകുപ്പ് ആവിഷ്‌കരിക്കുന്ന പദ്ധതി ലക്ഷ്യമിടുന്നുണ്ട്.സ്ത്രീകള്‍.ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന ദുര്‍ബലവിഭാഗങ്ങള്‍ എന്നിവര്‍ക്കുള്‍പ്പടെ തൊഴില്‍ ചെയ്ത് വരുമാനം നേടാന്‍ കഴിയുന്ന രീതിയില്‍ തയ്യാറാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും.ആദ്യഘട്ടം 2000പേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്ന് വ്യവസായ വകുപ്പ് കരുതുന്നുണ്ട്.പഞ്ചായത്ത് തലത്തില്‍ നിന്നു തന്നെ അര്‍ഹരായവരെ തിരഞ്ഞെടുക്കുന്ന രീതിയാണുണ്ടാകുക.ഇതിനായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ ചര്‍ക്കകളും തറികളും സ്ഥാപിക്കുകയാണ് ആദ്യമായി ചെയ്യുന്നത്.ഖാദി മേഖലയുടെ പ്രൗഢിയും പാരമ്പ്ര്യവും നിലനിര്‍ത്താന്‍ ഉതകുന്ന വിധത്തില്‍ വിവിധ പദ്ധതികള്‍ കൊണ്ട് വന്ന് ഉല്‍പാദനവര്‍ധനവിലൂടെ വരുമാനം കൂട്ടുന്നതിന്റെ ഭാഗമായാണ് ഖാദിഗ്രാമ പദ്ധതിയും തുടങ്ങുന്നത്.13,000 ത്തോളം പേര്‍ സംസ്ഥാനത്തെ ഖാദി മേഖലയില്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്.
പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ തുണിത്തരമായി പരിഗണിച്ച് വരുന്ന ഖാദിയുടെ ഉല്‍പാദനത്തില്‍ ഇപ്പോഴും വലിയ വര്‍ധനവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഖാദി കമ്മീഷന്റേയും ഖാദി ബോര്‍ഡിന്റേയും അംഗീകാരത്തോടെ 416ഓളം വില്‍പ്പന കേന്ദ്രങ്ങളും 567 ഖാദി ഉല്‍പ്പാദന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഏറ്റവും വലിയ വസ്ത്ര വിപണിയായി ഖാദിയെ മാറ്റാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശം ഉയരുന്നുണ്ട്. ഖാദി വ്യവസായത്തില്‍ നെയ്യുന്നതിനനുസരിച്ചാണ് വേതനം നിശ്ചയിക്കുന്നത്. ഒരു ഡബിള്‍ ധോത്തിക്ക് 200 രൂപയാണ് നെയ്ത്തുകാര്‍ക്ക് കിട്ടുന്നത്. പലപ്പോഴും ഒരു ദിവസം ഒരെണ്ണം മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളു. അതിനാല്‍ ദിവസവരുമാനവും 200 രൂപയിലൊതുങ്ങുകയാണ് പതിവ്. വിലയിലും മേന്മയിലും ഖാദി വസ്ത്രങ്ങള്‍ വിപണിയിലെ താരമായി മാറുമ്പോള്‍ നെയ്ത്തിന് ആളെ കിട്ടാനില്ലാത്തതും ഖാദി വ്യവസായം തകര്‍ച്ചയിലാകുന്നതിനുള്ള പ്രധാന കാരണമായി മാറുകയാണ്. തൊഴിലാളികളുടെ മിനിമംവേതനം തന്നെ കുടിശ്ശികയായി മാറുന്ന സര്‍ക്കാര്‍ നടപടി ഈ മേഖലയിലെ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാക്കിയിരുന്നു. പുതുതലമുറയിലുള്ളവരെ മേഖലയിലേക്ക് ആകര്‍ഷിക്കാനും ഇതു മൂലം കഴിയുന്നില്ല. ഉല്‍പ്പാദനകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യക്കുറവാണ് ഇതിനുള്ള മറ്റൊരു കാരണം. ചര്‍ക്കകളും തറികളും കാലപ്പഴക്കം ചെന്നവയാണ്. ഒരു ചര്‍ക്കയുടെ ആയുസ്സ് പത്ത്‌വര്‍ഷമാണ്. തേയ്മാനം സംഭവിച്ചാല്‍ ഉല്‍പ്പാദന ക്ഷമത കുറയും. തൊഴിലാളികളുടെ ശാരീരികാധ്വാനം കുറക്കാന്‍ യന്ത്രവത്കരണം നടപ്പാക്കണമെന്നാവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. യന്ത്രം ഘടിപ്പിച്ചാല്‍ ഖാദിയുടെ പരിപാവനത നഷ്ടപ്പെടുമെന്നാണ് ഇതിനു കാരണമായി ഖാദികമ്മീഷന്‍ പറയുന്നത്. എന്നാല്‍, അയല്‍സംസ്ഥാനങ്ങളിലെല്ലാം ഇതു നടപ്പാക്കിയിട്ടുമുണ്ട്.ഈയൊരു പശ്ചാത്തലത്തില്‍ പരമ്പരാഗതമായ ഉല്‍പാദന രീതി മാറ്റി തൊഴിലാളികളുടെ ജോലിഭാരം കുറക്കുന്നതിനുള്ള പുതിയ പരിഷ്‌കാരങ്ങളും കൂലി വര്‍ധനവും നടപ്പാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.ഖാദിത്തൊഴിലാളികള്‍ക്ക് മുന്നൂറ് തൊഴില്‍ദിനങ്ങള്‍ നല്‍കി ഖാദിവസ്ത്രങ്ങള്‍ ശേഖരിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്.