Connect with us

Gulf

ലോകകപ്പ് ആസ്വാദകര്‍ക്ക് മരുഭൂമിയില്‍ കൂടാരം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

Published

|

Last Updated

ദോഹ: ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് മരുഭൂമിയില്‍ ഖൈമകളൊരുക്കുന്നതിനുള്ള നടപടികളുമായി സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആന്‍ഡ് ലെഗസി. ഉദ്ദേശിച്ച ഖൈമകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് എസ് സി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. കാണികള്‍ക്കുള്ള പൈലറ്റ് ഫാന്‍ വില്ലേജ് ആണ് നിര്‍മിക്കുകയെന്ന് എസ് സി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അല്‍ വക്‌റക്ക് സമീപമുള്ള സീലൈന്‍ ബിച്ച് റിസോര്‍ട്ടിന് അടുത്തായാണ് കൂടാരങ്ങള്‍ നിര്‍മിക്കുന്നത്. മണല്‍ക്കൂനയുടെയും കടലിന്റെയും മാതൃകയിലാണ് ഇവയുടെ രൂപകല്പന. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച് ടൂര്‍ണമെന്റിന് മുമ്പായി യോജിച്ച പദ്ധതി സ്വീകരിക്കുകയെന്ന രീതിയാണ് എസ് സി അവലംബിക്കുന്നത്. 350 താത്കാലിക ടെന്റുകളും 300 സ്ഥിര ടെന്റുകളുമാണ് ഉണ്ടാകുക. മൂന്ന് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന ടെന്റുകളില്‍ രണ്ടായിരം കാണികള്‍ക്ക് താമസിക്കാം. ലോകകപ്പിന് ശേഷവും ടെന്റുകളും സ്ഥലവും ഉപയോഗിക്കുന്നതിനുള്ള സാധ്യതകളും എസ് സി തേടുന്നുണ്ട്. പൈലറ്റ് ക്യാംപ് എപ്പോള്‍ തുറക്കുമെന്നത് സംബന്ധിച്ച് വ്യക്തമല്ല.
ഇത്തരം ഫാന്‍ വില്ലേജുകള്‍ നിര്‍മിക്കുന്നതിന് പര്യാപ്തമായ അഞ്ച് കേന്ദ്രങ്ങളാണ് എസ് സി പരിഗണിക്കുന്നത്. പ്രദേശം, പൈതൃകം, സംസ്‌കാരം, ഖത്വറിന്റെയും മിഡില്‍ ഈസ്റ്റിന്റെയും ചരിത്രം, മണല്‍ക്കുന്ന്, സമുദ്രം, മണല്‍പ്പരപ്പ് തുടങ്ങിയ പ്രമേയങ്ങളിലാണ് ഖൈമകള്‍ തയ്യാറാക്കുക. മത്സരങ്ങള്‍ കാണുന്നതിനുള്ള വലിയ സ്‌ക്രീനുകളും ഷോപ്പുകളും ആരോഗ്യ കേന്ദ്രങ്ങളും ഇവിടെയുണ്ടാകും. ഖത്വറിന്റെയും ഗള്‍ഫ് മേഖലയുടെയും സംസ്‌കാരവും പൈതൃകവും അറിയാനും ആസ്വദിക്കാനും ഇതിലൂടെ സാധിക്കുമെന്ന് എസ് സി ടെക്‌നിക്കല്‍ മാനേജര്‍ അബ്ദുല്‍ അസീസ് അല്‍ മൗലവി പറഞ്ഞു. ഏത് സാമ്പത്തികശേഷിയിലുള്ളവര്‍ക്കും യോജിച്ച രീതിയിലാണ് ക്യാംപുകള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് മരുഭൂമി കൂടാരങ്ങളെ സംബന്ധിച്ച് എസ് സി പദ്ധതി പരസ്യമാക്കിയത്. കളി ആസ്വാദകര്‍ക്കും ഒഫീഷ്യലുകള്‍ക്കും 60000 റൂമുകള്‍ സജ്ജീകരിക്കണമെന്നതാണ് ഫിഫയുടെ നിയമം. നിലവില്‍ രാജ്യത്ത് ഇരുപതിനായിരം ഹോട്ടല്‍ റൂമുകളും അപ്പാര്‍ട്ടുമെന്റുകളുമാണുള്ളത്. ഇവയിലധികവും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെയുള്ളതാണ്. 46000ത്തിലേറെ റൂമുകള്‍ ലക്ഷ്യമിട്ട് വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ആഡംബര കപ്പല്‍ സാധ്യതയും ആരായുന്നുണ്ട്.

Latest