Connect with us

Gulf

പുകവലിക്കാര്‍ അറിയുന്നില്ലല്ലൊ ഈ മരങ്ങളുടെ ദീനരോദനം

Published

|

Last Updated

ദോഹ: “ഞാന്‍ ഒലിവു മരമാണ്, പുകവലി ചാരം ഇടാനുള്ള പാത്രമല്ല.” പരിസരം മറന്നുള്ള പുകവലിക്കാരോട് എയര്‍പോര്‍ട്ട് റോഡിലെ ഷോപ്പുകള്‍ക്കു മുന്നില്‍ വളരുന്ന ഒലിവു മരങ്ങളുടെ യാചനയാണിത്. പുകവലിക്കാരുടെ പെരുക്കത്തില്‍ സഹികെട്ട ഷോപ്പ് ഉടമയാണ് മരത്തിനോടു ചേര്‍ന്ന് ബോര്‍ഡ് സ്ഥാപിച്ചത്. പുകവലിക്കു ശേഷം സിഗരറ്റുകുറ്റി നിറഞ്ഞ ചെടിത്തടങ്ങള്‍ ഇവിടെയും സമീപങ്ങളിലെയും സ്ഥിരം കാഴ്ചയാണ്. തങ്ങള്‍ വളവും വെള്ളവും വലിച്ചെടുക്കുന്ന മണ്‍തടത്തിലേക്ക് സിഗരറ്റു കുറ്റികള്‍ വലിച്ചെറിയെരുതെന്നാണ് ഭംഗിയുള്ള ഒലിവു മരങ്ങള്‍ ദയനീയമായി അപേക്ഷിക്കുന്നത്. കടയുടമയുടെ ചെടികളോടുള്ള സ്‌നേഹമാണ് ഈ ഒലിവു മരങ്ങള്‍ക്കു പിന്നിലും. പ്രതികൂല കാലാവസ്ഥയിലും ചെടിനട്ടുവളര്‍ത്തിയത് ഇദ്ദേഹത്തിന്റെ പച്ചപ്പിനോടുള്ള ഭ്രമമായിരുന്നു. ചെടികളെയും പച്ചപ്പിനെയും ഇഷ്ടപ്പെടുന്ന ഷോപ്പ് ഉടമ പുകവലിച്ച് ചാരവും കുറ്റിയും തള്ളുന്നവരോട് അപേക്ഷിക്കുന്നു, ഈ ഭംഗിയുള്ള പച്ചപ്പ് നശിപ്പിക്കരുത്.
പുകവലിക്കാരുടെ പരിസരം നോക്കാത്ത വലിയില്‍ മനം മടുത്താണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് കടയിലെ വില്പനക്കാരനും പറയുന്നു. ഷോപ്പിലെ സന്ദര്‍ശകരെയോ ജീവനക്കാരെയോ കടക്കുള്ളില്‍ പുകവലിക്കാന്‍ അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ വഴിയാത്രക്കാരും സന്ദര്‍ശകരും പുറത്തു നിന്ന് വലിച്ച് സിഗരറ്റ് കുറ്റികള്‍ ചെടിത്തടത്തില്‍ നിക്ഷേപിക്കുകയാണ്. പലപ്പോഴും ചെടിത്തടം സിഗരറ്റുകുറ്റികളുടെ കുപ്പത്തൊട്ടി പോലെയാകുന്നു. ഇതേത്തുടര്‍ന്ന് ഇതിനുസമീപത്ത് ചാരം നിക്ഷേപിക്കാന്‍ ഒരു പാത്രം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ വലിക്കാര്‍ പുകക്കുറ്റികള്‍ വീണ്ടും ചെടിയുടെ തടത്തില്‍ വലിച്ചെറിയുന്നത് തുടര്‍ന്നതാണ് ഒലിവു ചെടികളെ പരിചരിക്കുന്ന കടക്കാരനെ വിഷമിപ്പിക്കുന്നത്.
2002ലെ നിയമം 20 പ്രകാരം അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിരോധിച്ചതാണ്. പൊതുഗതാഗത സൗകര്യം, സ്‌കൂള്‍, വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ഈ വിഭാഗത്തില്‍ പെടും. കൂടാതെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍, സൊസൈറ്റികള്‍, പൊതുസ്ഥലങ്ങള്‍, ലിഫ്റ്റ്, വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, സിനിമ തിയേറ്ററുകള്‍ എന്നിവടങ്ങളിലും പുകവലിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇത്തരം അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് 500 റിയാല്‍ പിഴ ചുമത്താമെന്ന് നിലവിലുള്ള നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിനിടെ കര്‍ശന ശിക്ഷകളും പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ പുകവലിവിരുദ്ധ നിയമം നിര്‍മാണ ഘട്ടത്തിലാണ്. അതേസമയം റോഡുകള്‍, കാല്‍നട യാത്രാ വഴികള്‍, പാര്‍ക്കുകള്‍, ബസ് വെയ്റ്റിംഗ് ഷെഡ് എന്നിവിടങ്ങളില്‍ പുകലവിക്കാരുടെ പുകച്ചുരുളുകള്‍ കൊണ്ട് നിറയുന്നതും പതിവു കാഴ്ചയാണ്. തുറന്ന പൊതു സ്ഥലങ്ങളില്‍ കൂടി പുകവലി ശിക്ഷാര്‍ഹമാക്കണമെന്ന് ഷോപ്പിലെ കച്ചവടക്കാര്‍ പറഞ്ഞതായി ദ് പെനിന്‍സുല റിപ്പോര്‍ട്ടു ചെയ്തു. പുകവലിക്കാന്‍ ആഗ്രഹമുള്ളവര്‍ തങ്ങളുടെ അടച്ചിട്ട സ്വകാര്യ ഇടങ്ങള്‍ ഉപയോഗിക്കട്ടെ എന്നാണ് പുകവലിവിരുദ്ധര്‍ പറയുന്നത്. സൂഖ് വാഖിഫ് പോലുള്ള സ്ഥലങ്ങളിലെ കോഫി ഷോപ്പുകളിലെ ശീഷെ വലിക്കാരും പുകവലിക്കാത്തവര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടത്തെ സീറ്റുകളില്‍ പകുതി പുകവലിക്കാത്തവര്‍ക്ക് നീക്കിവെക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും എല്ലാ മേശകളിലും ശീഷെ വലിക്കാരെ കാണാമെന്ന് ഈജിപ്ഷ്യന്‍ സ്വദേശി പറയുന്നു. ജനസംഖ്യയുടെ 37 ശതമാനം പുകവലിക്കുന്നുണ്ടെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കണക്ക്.

---- facebook comment plugin here -----

Latest