Connect with us

Kerala

കൈക്കൂലി: ടാക്‌സ് ഇന്റലിജന്റ് ഓഫീസര്‍ക്കെതിരെ വിജിലന്‍സ് കേസ്‌

Published

|

Last Updated

മൂവാറ്റുപുഴ: ഹോട്ടല്‍ ഉടമയോട് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് കാക്കനാട് കൊമേഴ്‌സ്യല്‍ ടാക്‌സ് സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ഓഫീസര്‍ക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ജഡ്ജി പി മാധവന്‍ എഫ് ഐ ആര്‍ ഫയലില്‍ സ്വീകരിച്ചു. ഓണം സ്‌പെഷ്യല്‍ ഓഫീസറായിരുന്ന എം രാജേഷ് പാലമറ്റം, താത്കാലിക ഡ്രൈവര്‍ കെ എ ജോയി എന്നിവര്‍ക്കെതിരെയാണ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്തത്.
പുതുവൈപ്പ് പി ജെ ഫ്രാന്‍സിസ് റീജന്‍സി ഉടമ ജോണ്‍സണ്‍ മാഞ്ഞൂരാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. വിജിലന്‍സ് ഡയരക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡി വൈ എസ് പി നടത്തിയ ത്വരിതാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പി ജെ ഫ്രാന്‍സിസ് റീജിയന്‍സിയിലേക്ക് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങള്‍ വിട്ടു നല്‍കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഏലൂരിലെ ഫാല്‍ക്കണ്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തി കസ്റ്റംസ് ക്ലിയറന്‍സ് നടത്തിയ സാമഗ്രികള്‍ക്ക് കൊമേഴ്‌സ്യല്‍ ക്ലിയറന്‍സ് ലഭിക്കുന്നതിനായി ഏലൂരിലെ കൊമേഴ്‌സ്യല്‍ ടാക്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
ഇന്റലിജന്‍സ് ഓഫീസര്‍ സ്ഥലത്തെത്തി ആവശ്യമായ രേഖകള്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് 200 രൂപ മുദ്രപത്രത്തില്‍ സത്യവാങ്ങ്മൂലം തയ്യാറാക്കി നോട്ടറി അറ്റസ്റ്റ് ചെയ്ത് നല്‍കുകയും ചെയ്തു. ഇതിനു ശേഷവും സാധനങ്ങള്‍ വിട്ട് നല്‍കിയില്ല. പിന്നീട് ഇതേ ഓഫീസറുടെ ഡ്രൈവറുമായി ഹോട്ടലിലെ ജീവനക്കാരനായ മാര്‍ട്ടിന്‍ സംസാരിച്ചതിനെത്തുടര്‍ന്ന് 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും 50000 രൂപ നല്‍കിയെന്നുമാണ് കേസ്.
ഹോട്ടലിന്റെ നവീകരണത്തിനും വിവാഹ വേദി അലങ്കരിക്കാനുമായി ചൈനയില്‍ നിന്ന് കപ്പല്‍ മാര്‍ഗം ആഗസ്ത് 17 ന് ഇറക്കുമതി ചെയ്ത അലങ്കാര പുഷ്പങ്ങളും അടുക്കള സാമഗ്രികളും വിട്ടു നല്‍കാന്‍ ആറ് ലക്ഷം രൂപ പിഴ അടക്കണമെന്നറിയിച്ചു. തുടര്‍ന്നാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും 50,000 രൂപ നല്‍കിയതിനെത്തുടര്‍ന്നാണ് സാധനങ്ങള്‍ വിട്ടുകൊടുത്തതെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് കേസ്.

Latest