Connect with us

Malappuram

ജില്ലാ പഞ്ചായത്തിന്റെ 114 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. 114 കോടി രൂപയാണ് പദ്ധതി അടങ്കല്‍. സ്പില്‍ ഓവര്‍, ബഹുവര്‍ഷം അടക്കം 965 പ്രോജക്റ്റുകളാണ് 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
തെരുവ് നായ ഭീഷണിയെ നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് പ്രകാരം മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം കൂടി ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പൊതു വികസന ഫണ്ട് 38.31 കോടി രൂപയും പട്ടികജാതി വികസന ഫണ്ട് 17.52 കോടി രൂപയും പട്ടികവര്‍ഗ വികസന ഫണ്ട് ഒരു കോടി രൂപയും ആസ്തി പരിപാലന – പുനരുദ്ധാരണത്തിനായി 30.11 കോടി രൂപയും സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ക്കായി പ്രതീക്ഷിക്കുന്ന രണ്ട് കോടിയും ഗുണഭോക്താക്കളുടെ വിഹിതമായി 61 ലക്ഷവും സ്വയാര്‍ജ്ജിത വരുമാനമായി 3.30 കോടിയും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു കോടി രൂപയുമാണ് ആകെ വരവായി കണക്കാക്കിയിട്ടുള്ളത്.
മുന്‍ വര്‍ഷത്തെ പദ്ധതിയില്‍ ചിലവഴിച്ചത് കഴിച്ച് ബാക്കി ക്യാരി ഓവറായി 21 കോടി രൂപയും പ്രതീക്ഷിക്കുന്നുണ്ട്. ഉല്‍പ്പാദന മേഖലക്ക് 7.87 കോടിയും മാലിന്യ നിര്‍മാര്‍ജനത്തിന് 3.92 കോടിയും വനിതകള്‍ക്ക് 5.68 കോടി രൂപയും കുട്ടികള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് 2.84 കോടിയും വയോജന ക്ഷേമത്തിനായി 1.96 കോടിയും വകയിരുത്തിയിട്ടുണ്ട്.
സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.69 കോടി രൂപയുടെ പദ്ധതികളുണ്ട്. 32 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഓരോ മാതൃകാ അംഗന്‍വാടികള്‍, 50 പട്ടികജാതി സങ്കേതങ്ങളില്‍ സൗരോര്‍ജ്ജ വിളക്കുമാടങ്ങള്‍, 120 പട്ടികജാതി സങ്കേതങ്ങളില്‍ മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ 50 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ശുചിത്വ മുറികള്‍, കാര്‍ഷിക മേഖലയില്‍ നെല്‍ കൃഷി, പച്ചക്കറി കൃഷി പ്രോത്സാഹനം, വിത്തുല്‍പ്പാദന കേന്ദ്രങ്ങളുടെ ആധുനിക വത്കരണം, പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കുന്നതിനുള്ള ഒരു മാതൃകാ യൂനിറ്റ്, മര വ്യവസായികള്‍ക്കുള്ള പൊതു സേവന കേന്ദ്രത്തിന്റെ പൂര്‍ത്തീകരണം, ആതവനാട് ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ശേഷി വര്‍ധിപ്പിച്ച് കൊണ്ടുള്ള വിപുലീകരണം, സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബുകളിലേക്ക് കമ്പ്യൂട്ടര്‍, പട്ടികജാതി സങ്കേതങ്ങളിലെ മണ്ണൊലിപ്പ് തടഞ്ഞ് ഭൂമിയും പുരയിടവും സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍, കുടുംബശ്രീ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നിങ്ങനെ നിരവധി പ്രോജക്റ്റുകള്‍ വാര്‍ഷിക പദ്ധതിയിലുണ്ട്. ഭവന നിര്‍മാണ പദ്ധതിക്ക് സഹായം നല്‍കുന്നതിന് മാത്രം 14 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.