Connect with us

Malappuram

മുസ്‌ലിം വ്യക്തി നിയമത്തില്‍ മാറ്റം വരുത്തേണ്ടത് സംഘ്പരിവാര്‍ ശക്തികളല്ല: മണിശങ്കര്‍ അയ്യര്‍

Published

|

Last Updated

മലപ്പുറം: മുസ്‌ലിം വ്യക്തി നിയമം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെങ്കില്‍ അത് നിര്‍വഹിക്കേണ്ടത് മുസ്‌ലിംകള്‍ തന്നെയാണെന്നും ഭൂരിപക്ഷത്തിന്റെ പേരില്‍ ഇതില്‍ ഇടപെടല്‍ നടത്താന്‍ ബി ജെ പിക്കോ സംഘ്പരിവാര്‍ ശക്തികള്‍ക്കോ അവകാശമില്ലെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. എം എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്‌ലിംകളെ സംസ്‌കരിക്കണമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയില്‍ നിന്ന് കേരളത്തെയാണ് ശുദ്ധീകരിക്കേണ്ടത്. സമിശ്ര മൂല്യഘടനയില്‍ നിന്നാണ് ഇന്ത്യയുടെ മഹത്തായ സംസ്‌കാരം രൂപപ്പെടുന്നതെന്ന് മോദിയും സംഘപരിവാര്‍ ശക്തികളും മനസിലാക്കണം. വിഭജനത്തിന്റെ കറുത്ത ദിനങ്ങളില്‍ ഉത്തരേന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ ശേഷിയുള്ള നേതാക്കളുണ്ടായിരുന്നില്ല. ഇതാണ് ഇവരെ ഇന്നും പിന്നിലാക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷത്തിന്റെ ഔന്നിത്യത്തിന്റെ വേരുകള്‍ തേടിയാല്‍ അവിടെ സി എച്ചിനെ പ്പോലുള്ളവരെ കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബു പോള്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബശീര്‍ എം പി, കെ പി എ മജീദ്, എം പി അബ്ദുസമദ് സമദാനി, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജില്ലാ പ്രസിഡന്റ് ടി പി ഹാരിസ്, നിസാജ് എടപ്പറ്റ എന്നിവര്‍ സംസാരിച്ചു. സത്രീ ദളിത് ന്യൂനപക്ഷം ഇന്ത്യ എന്നവിഷയത്തില്‍ നടന്ന ചര്‍ച്ച എം പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ എന്‍ എ ഖാദര്‍ അധ്യക്ഷത വഹിച്ചു. എം കെ മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. ബിനോയ് വിശ്വം, സി പി ജോണ്‍, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി, ഡോ. പി ഗീത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, നൗഷാദ് മണ്ണിശ്ശേരി, ഉസ്മാന്‍ താമരത്ത്, എം പി നവാസ്, യൂസുഫ് വല്ലാഞ്ചിറ, വി പി അഹമ്മദ് സഹീര്‍, ജുനൈദ് പാമ്പലത്ത് പ്രസംഗിച്ചു.