Connect with us

National

പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ പ്രശംസകൊണ്ടുമൂടി സോഷ്യല്‍മീഡിയ

Published

|

Last Updated

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ പ്രശംസകൊണ്ട് മൂടുകയാണ് രാജ്യം. സോഷ്യല്‍ മീഡിയകളില്‍ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ച സന്ദേശങ്ങള്‍ നിറഞ്ഞുകഴിഞ്ഞു. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ചു.
ഇന്നലെ രാത്രി 1.30നാണ് കരസേന മിന്നലാക്രമണം തുടങ്ങിയത്. അതിര്‍ത്തി വഴി രണ്ടു കിലോമീറ്ററോളം പാക്കിസ്ഥാനില്‍ കടന്നായിരുന്നു സൈന്യത്തിന്റെ മിന്നലാക്രമണം. എട്ട് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൈന്യം നടത്തിയ പോരാട്ടം പുലര്‍ച്ച 4.30 വരെ നീണ്ടുനിന്നുവെന്നും കരസേന വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

38 ഭീകരരെയും 10 പാക് സൈനികരെയും വധിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ആക്രമണം ചെറുക്കാന്‍ പാക് സൈന്യവും വെടിവച്ചു. ഭീകര ക്യാമ്പുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി ഭീകരര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി സൈന്യം അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പുലര്‍ത്തി വ്യക്തമായ പദ്ധതി തയാറാക്കിയ ശേഷമാണ് മിന്നലാക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.