Connect with us

National

പടയൊരുക്കം ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയെ നിരന്തരമായി ലക്ഷ്യമിടുന്ന ഭീകരര്‍ക്കും ഭീകര അനുകൂല നിലപാട് സ്വീകരിക്കുന്ന പാക്കിസ്ഥാന്‍ സര്‍ക്കാറിനും കനത്ത മറുപടി നല്‍കിക്കൊണ്ട് ഇന്ത്യന്‍ സൈന്യം പാക്കധീന കശ്മീരില്‍ നിയന്ത്രണ രേഖ മറികടന്ന് നടത്തിയ മിന്നലാക്രമണം വ്യക്തമായ ആസൂത്രണത്തോടെ. ഭീകരര്‍ നുഴഞ്ഞു കയറാന്‍ ഒരുക്കം കൂട്ടുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യ മിന്നലാക്രമണം നടത്തിയത്.
കനത്ത ജാഗ്രതയില്‍ ഒരാഴ്ചക്കാലം നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ആക്രമണം ആസൂത്രണം ചെയ്യുന്നതിന് മുമ്പ്, പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുകശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളിലെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ഒപ്പം സൈനിക നടപടിയുണ്ടാകുമെന്ന് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തേ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക നടപടിയെക്കുറിച്ച് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരെ ടെലിഫോണിലൂടെ നേരത്തെ അറിയിക്കുകയും ചെയ്തു.
പര്‍വത പ്രദേശങ്ങളില്‍ പോലും താഴ്ന്നു പറക്കാന്‍ കഴിവുള്ള എം 17 ഹെലികോപ്ടറുകളാണ് ദൗത്യത്തിനായി സൈന്യം ഉപയോഗിച്ചത്. പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് രണ്ട് കിലോമീറ്റര്‍ അകലെ നിയന്ത്രണ രേഖക്കപ്പുറമുള്ള പര്‍വത പ്രദേശങ്ങളായ ഭിംബര്‍, ഹോട്‌സപ്രിംഗ്, കേല്‍ ലിപ സെക്ടറുകളിലെ തീവ്രവാദി ക്യാമ്പുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ12.30ന് സൈനിക നടപടി ആരംഭിച്ചു. നാല് മണിക്കൂര്‍ മാത്രം നീണ്ടു നിന്ന ദൗത്യം പൂര്‍ത്തിയാക്കി തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൈന്യം വിജയകരമായി പിന്‍വാങ്ങി. പ്രദേശങ്ങളിലെ എട്ട് ഭീകരതാവളങ്ങളും ഒരാഴ്ചയായി ഇന്ത്യന്‍ സൈന്യത്തിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. ഇതാണ് ഓപറേഷന്‍ സുഗമമാക്കിയത്.
30 മുതല്‍ 40 വരെ തീവ്രവാദികള്‍ ഉള്‍പ്പെടുന്ന കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ സൈനികര്‍ പൊടുന്നനെ ആക്രമണം ആരംഭിക്കുകയായിരുന്നു. തിരിച്ചടിക്ക് സമയം നല്‍കാതെ സൈനികരും പാരാ കമാന്‍ഡോകളും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികളെ പൂര്‍ണമായും കീഴ്‌പ്പെടുത്തുകയായിരുന്നു. 38 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പലരെയും ജീവനോടെ പിടികൂടിയിട്ടുമുണ്ട്. ആക്രമണത്തിനൊടുവില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ഭീകര താവളങ്ങളില്‍ നിന്ന് നിരവധി ആയുധങ്ങള്‍ പിടിെച്ചടുക്കുകയും ചെയ്തിട്ടുണ്ട്. മിന്നല്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ കരസേനയുടെ ഭാഗമായ പാരാട്രൂപ്പ് വിഭാഗത്തിന് പൂര്‍ണ പിന്തുണയുമായി അടിയന്തര ഇടപെടലിന് സജ്ജമായി മറ്റു സേനാവിഭാഗങ്ങളും രംഗത്തുണ്ടായിരുന്നു.