Connect with us

Ongoing News

ഐഎസ്എല്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു

Published

|

Last Updated

കൊച്ചി : അടുത്ത മാസം അഞ്ചിന് എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഐഎസ്എല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില്‍പന തുടങ്ങി. സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജെയ്ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൈപ് ഫീല്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.ഭാസ്‌കരന്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
കഴിഞ്ഞ രണ്ട് സീസണുകളിലും 100 രൂപയുണ്ടായിരുന്ന ഗാലറി ടിക്കറ്റിന്റെ നിരക്ക് ഇത്തവണ ഇരട്ടിയാക്കിയിട്ടുണ്ട്. എന്നാല്‍ ചെയര്‍ (300) എക്‌സിക്യൂട്ടീവ് ചെയര്‍ (500) ടിക്കറ്റുകളുടെ നിരക്കുകളില്‍ മാറ്റമില്ല. ടിക്കറ്റിന്‍ മേലുള്ള 35 ശതമാനം വിനോദ നികുതിയില്‍ കോര്‍പറേഷന്‍ ഇത്തവണയും ഇളവ് അനുവദിച്ചിട്ടുണ്ട്. ഗാലറി ടിക്കറ്റിന്റെ നിരക്ക് വര്‍ധനവ് ഒഴിവാക്കണമെന്ന് കെ.എഫ്.എ ടീം മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ടിക്കറ്റ് വില്‍പനക്ക് ലഭിക്കുന്ന പ്രതികരണം മോശമാണെങ്കില്‍ നിരക്ക് വര്‍ധനവ് ടീം മാനേജ്‌മെന്റ് പിന്‍വലിച്ചേക്കും.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 62,500 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണ് സ്‌റ്റേഡിയത്തിലുള്ളത്. ഫെഡറല്‍ ബാങ്കിന്റെ എറണാകുളം ബ്രോഡ്‌വേ, പാലാരിവട്ടം, വൈറ്റില, തോപ്പുംപടി, ലുലുമാള്‍ എന്നിവിടങ്ങളില്‍ ടിക്കറ്റ് 30-ാം തീയതി മുതല്‍ നേരിട്ട് ലഭിക്കും.
ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് മാവൂര്‍ റോഡ്, മലപ്പുറം, കോട്ടയം, ആലപ്പുഴ, മൂവാറ്റുപുഴ, തൊടുപുഴ, പെരുമ്പാവൂര്‍, തോട്ടക്കാട്ടുകര എന്നീ ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 850 ശാഖകളില്‍ നിന്നും ടിക്കറ്റ് ലഭിക്കുമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജി.എന്‍.രേണുക അറിയിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ വില്‍പന നേരത്തെ തന്നെ തുടങ്ങിയിരുന്നു. ംംം.യീീസാ്യവെീം.രീാ വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭിക്കുക. ടീം ഇതാദ്യമായി നടപ്പാക്കിയ സീസണ്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.