Connect with us

International

മതനിന്ദ: സിംഗപ്പൂര്‍ യുവ ബ്ലോഗര്‍ക്ക് തടവ്

Published

|

Last Updated

സിംഗപ്പൂര്‍ സിറ്റി: സാമൂഹിക മാധ്യമങ്ങളില്‍ മതവികാരം വ്രണപ്പെടുത്തും വിധം പോസ്റ്റുകളിട്ട സിംഗപ്പൂര്‍ ബ്ലോഗറെ ജയിലിലടച്ചു. 17കാരനായ അമോസ് യീ ആണ് ശിക്ഷിക്കപ്പെട്ടത്. എട്ട് കുറ്റങ്ങളാണ് യീക്കെതിരെ ചുമത്തിയത്. ഇതില്‍ ആറും മതവികാരം വ്രണപ്പെടുത്തിയതിനാണ്. പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നല്‍കിയ സമന്‍സ് ലംഘിച്ചതിനാണ് മറ്റ് രണ്ട് കുറ്റങ്ങള്‍. സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത പദാവലികള്‍ ഉപയോഗിച്ച് ക്രിസ്ത്യന്‍ മുസ്‌ലിം സമൂഹത്തിന് കനത്ത മാനസിക വ്യഥയാണ് അമോസ് യീ ഉണ്ടാക്കിയതെന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജ് ഓംഗ് ഹിയാന്‍ സണ്‍ കോടതിയില്‍ വ്യക്തമാക്കി.
ആറാഴ്ചത്തെ തടവാണ് യുവ ബ്ലോഗര്‍ക്ക് കോടതി വിധിച്ചത്. 2000 സിംഗപ്പൂര്‍ ഡോളര്‍ പിഴയടക്കുകയും വേണം. തടവ് ശിക്ഷ കുറഞ്ഞു പോയെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷന്‍ ഈ ശിക്ഷ യുവ ബ്ലോഗറുടെ നിലപാടില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്നും വ്യ.ക്തമാക്കി. സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ കുവാന്‍ അന്തരിച്ചപ്പോള്‍ അതില്‍ സന്തോഷം പ്രകടിപ്പിച്ച് യൂട്യൂബില്‍ പോസ്റ്റിട്ടതിന് യീയെ 53 ദിവസം ജയിലിലടച്ചിരുന്നു. ലീ കുവാന്‍ സ്വേച്ഛാധിപതിയാണെന്നായിരുന്നു യീയുടെ പരാമര്‍ശം. 2015 ജൂലൈയിലായിരുന്നു അത്. സിംഗപ്പൂരില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു വിലയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് യീയുടെ അറസ്റ്റെന്ന് സന്നദ്ധ സംഘടനകള്‍ ആരോപിച്ചു. ശിക്ഷക്കെതിരെ അപ്പീല്‍ പോകുന്നില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി ജയില്‍വാസത്തെ കാണുമെന്നും യീയുടെ അഭിഭാഷകന്‍ പറഞ്ഞു.

Latest