Connect with us

International

ഒബാമയുടെ വീറ്റോ അമേരിക്കന്‍ സെനറ്റ് തള്ളി

Published

|

Last Updated

വാഷിംഗ്ണ്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് സഊദിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള ബില്ല് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വീറ്റോ ചെയ്ത നടപടിയെ സെനറ്റ് തള്ളി. ഒന്നിനെതിരെ 97 വോട്ടുകള്‍ക്ക് ഒബാമയുടെ വീറ്റൊ സെനറ്റ് തള്ളിയപ്പോള്‍ ജനപ്രതിനിധി സഭയില്‍ 77നെതിരെ 348 വോട്ടുകള്‍ക്കാണ് വീറ്റോയെ തള്ളിയത്. ബില്‍ തിരികെ ഒബാമക്ക് മുമ്പിലേക്ക് വന്നതോടെ ഒപ്പുവെക്കുകയല്ലാതെ പോംവഴി ഒബാമക്ക് മുന്നിലില്ല. ഇതാദ്യമായാണ് ഒബാമ വീറ്റൊ ചെയ്ത ബില്‍ തിരികെ അയക്കുന്നത്.
ബില്‍ തിരച്ചയച്ച നടപടിയില്‍ നിരാശ പ്രകടിപ്പിച്ച പ്രസിഡന്റ് ബരാക് ഒബാമ സഊദിക്ക് അനുകൂലമായിട്ടോ ഭീകരാക്രമണത്തില്‍ ഇരയായവരുടെ കുടുംബങ്ങളുടെ വികാരത്തിന് എതിരായിട്ടോ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തെറ്റായ കാര്യമാണ് ചെയ്തത്. ശരിയായ സമയത്തല്ല ഈ നടപടിയുണ്ടായത്. ബില്‍ അംഗീകരിക്കുകയാണെങ്കില്‍ ലോകത്തെമ്പാടും അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന നടപടികളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിരവധി പേര്‍ വരും- ഒബാമ പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളില്‍ പ്രസിഡന്റ് എന്ന നിലയില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ഇതാണ് താന്‍ ചെയ്തതെന്നും കോണ്‍ഗ്രസിന്റെ അടുത്ത് നിന്നും ഇത്തരം നടപടി പ്രതീക്ഷിച്ചില്ലെന്നും ഒബാമ സി എന്‍ എന്നിനോടു പറഞ്ഞു. ബില്ല് പ്രകാരം അമേരിക്കയില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നഷ്ടം സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അതത് രാജ്യത്തെ കോടതികളില്‍ സമീപിക്കാന്‍ വ്യവസ്ഥയുണ്ട്. 2011ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത സംഭവത്തില്‍ സഊദി അറേബ്യയാണ് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നിരുന്നത്. വിമാനം റാഞ്ചിയ 19 ഭീകരരില്‍ 15 പേര്‍ സഊദി പൗരന്‍മാര്‍ ആയിരുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാല്‍ സഊദി ഭരണകൂടത്തിനോ ഉദ്യോഗസ്ഥര്‍ക്കോ ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്ന് സഊദി അധികൃതര്‍ വ്യക്തമാക്കുന്നു.
ബില്‍ സെനറ്റും ജനപ്രതിനിധി സഭയും കഴിഞ്ഞ മെയില്‍ പാസ്സാക്കിയിരുന്നു. എന്നാല്‍ ഇതിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒബാമ വീറ്റോ ചെയ്തത്. ജസ്റ്റിസ് എഗെയിന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസിംഗ് ആക്ട്( ജി എ എസ് ടി എ) ബില്‍ റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള ഇരു ചേംബറുകളും പാസ്സാക്കിയതാണെങ്കിലും ഇത് ദീര്‍ഘകാലമായുള്ള അന്താരാഷ്ട്ര തത്വങ്ങളെയും പരമാധികാരത്തേയും അപകടത്തിലാക്കുകയും അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് എതിരായ ആഘാതമുണ്ടാക്കുകയും വിദേശത്തുള്ള പൗരന്‍മാരെ ബാധിക്കുകയും ചെയ്യുമെന്നതിനാലാണ് ബില്‍ വീറ്റോ ചെയ്യുന്നതെന്ന് ഒബാമ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. വീറ്റോ ചെയ്ത നടപടിക്കെതിരെ നിരവധി സെനറ്റര്‍മാരും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു.

Latest