Connect with us

Gulf

ഖത്വറിന് ഏഷ്യന്‍ ഫുട്‌ബോള്‍ ലോകത്തിന്റെ പിന്തുണ

Published

|

Last Updated

ദോഹ: ഫിഫ കൗണ്‍സിലിലേക്കു മല്‍സരിക്കുന്നതില്‍ നിന്ന് ഖത്വര്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ക്യു എഫ് എ) വൈസ് ചെയര്‍മാന്‍ സൗദ് അല്‍ മുഹന്നദിയെ വിലക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഗോവയില്‍ ചേര്‍ന്ന ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എ എഫ് സി) യോഗം തിരഞ്ഞെടുപ്പു നീട്ടിവെച്ചു. ഫിഫ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തീരുമാനം ഖത്വറിനുള്ള എ എഫ് സിയുടെ പിന്തുണയാണ് വ്യക്തമാക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അജന്‍ഡ അംഗീകരിക്കാത്തതിനെ തുടര്‍ന്നു 27 മിനിറ്റിനു ശേഷം യോഗം പിരിച്ചു വിടുകയായിരുന്നു.
യോഗത്തില്‍ പങ്കെടുത്തവരില്‍ രണ്ടു പേരൊഴികെ 42 പേരും അജന്‍ഡ അംഗീകരിച്ചില്ല. ഇതോടെ ഫിഫ കൗണ്‍സിലിലെ രണ്ടു സ്ഥാനങ്ങളിലേക്കു നടത്താനിരുന്ന തിരഞ്ഞെടുപ്പ് നീട്ടി വെക്കേണ്ടി വന്നു. ഫിഫ എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തുന്നതിനാല്‍ അല്‍ മുഹന്നദിയെ മത്സരിക്കുന്നതില്‍ നിന്നു വിലക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മുമ്പു മാത്രമാണു ഫിഫ പുറത്തിറക്കിയത്. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പു സ്ഥാനാര്‍ഥിയെ വിലക്കിയതാണ് അംഗങ്ങളെ പ്രകോപിപ്പിച്ചത്. എ എഫ ്‌സിയും ഏഷ്യന്‍ ഫുട്‌ബോളും ഒത്തൊരുമ കാണിച്ചതായി എ എഫ് സി പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്‌റാഹിം അല്‍ ഖലീഫ പറഞ്ഞു. ഏറ്റവും കുറഞ്ഞ സമയം മാത്രം ചേര്‍ന്ന എ എഫ് സി യോഗമാണിത്. ഏഷ്യയിലും പുറത്തുമുള്ളവര്‍ക്കു വ്യക്തമായ സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ 30നകം തിരഞ്ഞെടുപ്പു നടത്തണമെന്നായിരുന്നു ഫിഫ നിബന്ധന. ഇനി ഫിഫയുമായി ആലോചിച്ചു പുതിയ തിരഞ്ഞെടുപ്പു നടത്തണം. അല്‍ മുഹന്നദിക്കു ഫുട്‌ബോളുമായി ബന്ധപ്പെട്ട മേഖലയില്‍ രണ്ടര വര്‍ഷത്തേക്കു ഫിഫ വിലക്ക് ഏര്‍പ്പെടുത്തണമെന്നു നേരത്തേ എത്തിക്‌സ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. 74,422 ഖത്വര്‍ റിയാല്‍ പിഴയും നിര്‍ദേശിച്ചു. എന്നാല്‍ നിര്‍ദേശത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും മുമ്പേ അല്‍ മുഹന്നദിയുടെ സ്ഥാനാര്‍ഥിത്വം വിലക്കിയ നടപടിക്കെതിരെയുള്ള പ്രതിഷേധമാണ് ഗോവയില്‍ പ്രതിഫലിച്ചത്.
ഫിഫയുടെ വിലക്ക് ഏഷ്യന്‍ ഫുട്‌ബോള്‍ പ്രതിനിധികള്‍ അംഗീകരിച്ചില്ല എന്നു വ്യക്തമാക്കുന്ന അസാധാരണ സംഭവമാണു ഗോവയില്‍ നടന്നത്. മുഹന്നദി ഉള്‍പ്പെടെ രണ്ടു സ്ഥാനത്തേക്ക് നാലു പേരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഇന്ത്യന്‍ കായിക മന്ത്രി വിജയ് ഗോയല്‍, എ ഐ എഫ് ഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. ഫിഫയുമായി ബന്ധപ്പെട്ട മറ്റൊരു അന്വേഷണത്തില്‍ സഹകരിച്ചില്ല, അന്വേഷണ സമിതിക്കു ശരിയായ വിവരം കൈമാറിയില്ല എന്നതാണ് എത്തിക്‌സ് കമ്മിറ്റി അല്‍ മുഹന്നദിക്കെതിരെ കണ്ടെത്തിയ കുറ്റം. എന്നാല്‍, ഏതന്വേഷണമാണെന്ന് വ്യക്തമാക്കിയിട്ടില്ല. 2022 ലോകപ്പ് ഖത്വറിന് അനുവദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണമല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

Latest