Connect with us

Kannur

ഉടന്‍ വരും, കെ എസ് ആര്‍ ടി സി യുടെ സി എന്‍ ജി ബസുകള്‍

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ നിരത്തുകളില്‍ ഇനി വരാനിരിക്കുന്നത് സി എന്‍ ജി ബസുകളുടെ കാലം.വാഹനപ്പെരുപ്പം മൂലമുള്ള അന്തരീക്ഷമലിനീകരണം ഒഴിവാക്കാന്‍ കെ എസ് ആര്‍ ടി സി നേരത്തെ പ്രഖ്യാപിച്ച സി എന്‍ ജി ബസുകള്‍ ആറ് മാസത്തിനകം സര്‍വീസ് തുടങ്ങും. ആദ്യഘട്ടം കൊച്ചിയിലും പിന്നീട് കണ്ണൂര്‍,തൃശ്ശൂര്‍,തിരുവനന്തപുരം,കോഴിക്കോട്,കൊല്ലം ജില്ലകളിലും സര്‍വ്വീസ് നടത്തുന്നതിനുള്ള പദ്ധതികള്‍ക്കാണ് ഗതാഗത വകുപ്പ് രൂപം നല്‍കുന്നത്. കെ എസ് ആര്‍ ടി സിയുടെ നഷ്ടം കുറക്കുകയെന്ന ലക്ഷ്യം കൂടി മനസ്സില്‍കണ്ടാണ് ഡല്‍ഹി, പുനെ,ബംഗളൂരു എന്നിവിടങ്ങളിലുള്ളതു പോലെ സി എന്‍ ജി ബസുകള്‍ നിരത്തിലിറക്കാന്‍ ഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കിയത്.കൊച്ചി കേന്ദ്രമാക്കി 1000 സി എന്‍ ജി ബസുകള്‍ വാങ്ങുന്നതിന്‌കെഎസ്ആര്‍ടിസിക്ക് 300 കോടി രൂപ വായ്പ നല്‍കാന്‍ കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും നടപ്പുവര്‍ഷം ഇതിനായി 50 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ആവശ്യമായ സി എന്‍ ജി, ഫില്ലിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായും വിവിധ എണ്ണക്കമ്പനികളുമായും ഇതിനകം ചര്‍ച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് എല്ലാ ബസുകളും സി എന്‍ ജിയിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ആലോചന. അന്തരീക്ഷ മലീനികരണം ഉണ്ടാകില്ലെന്നതിന് പുറമെ ഡീസലിനേക്കാള്‍ ലാഭകരമാണെന്ന തിരിച്ചറിവാണ് സംസ്ഥാനത്തേക്ക് സി എന്‍ ജി ബസ്സുകള്‍ വാങ്ങാന്‍ ഗതാഗതവകുപ്പിനെ പ്രേരിപ്പിക്കുന്നത്. സി എന്‍ ജി ബസുകള്‍ ഡീസല്‍ ബസുകളേക്കാള്‍ ഏറെ ലാഭകരമാണെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഡീസല്‍ ബസുകള്‍ക്ക് 39 ലക്ഷം രൂപ ചെലവാകുമ്പോള്‍ സി എന്‍ ജി ബസുകള്‍ക്ക് 42 ലക്ഷം രൂപയാണ് ചെലവാകുന്നത്. എന്നാല്‍, സര്‍വീസ് നടത്തുമ്പോള്‍ സി എന്‍ ജി ബസുകള്‍ ലാഭകരമായിരിക്കുമത്രെ. ദീര്‍ഘദൂര യാത്രകളില്‍ ചെലവ് കുറയ്ക്കാനും സി എന്‍ ജി ബസുകള്‍ കെഎസ് ആര്‍ ടി സിയെ സഹായിക്കുമെന്നാണ് കരുതുന്നത്. ദിവസം 220 കിലോമീറ്റര്‍ ദൂരം വീതം 500 ബസ്സുകള്‍ 335 ദിവസം ഓടുകയാണെങ്കില്‍ ഒരു വര്‍ഷം 2.02 കോടി രൂപ ലാഭിക്കാമെന്ന് ബംഗഌരുവില്‍ കഴിഞ്ഞ വര്‍ഷം ഇത്തരമൊരു സര്‍വ്വീസ് തുടങ്ങുന്നതിനുമുന്‍പ് നടത്തിയ നിരീക്ഷണത്തില്‍ വ്യക്തമയിരുന്നു.
പ്രത്യേക സ്റ്റീല്‍ ഉത്പന്നങ്ങള്‍കൊണ്ട് സുരക്ഷിതമായിട്ടാണ് സി എന്‍ ജി സിലിണ്ടറുകളുടെ നിര്‍മാണം. 835 മില്ലിമീറ്റര്‍ നീളവും 316 മില്ലീമീറ്റര്‍ ഡയമീറ്ററുമടക്കം വലിപ്പത്തില്‍ ഹ്രസ്വമായി നിര്‍മിക്കുന്ന സി എന്‍ ജി സിലിണ്ടറുകള്‍ ചെറുകാറുകളില്‍പോലും ഘടിപ്പിക്കാം. അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സിലിണ്ടറുകള്‍ നിര്‍മിക്കുക. അതിസമ്മര്‍ദവും ഉയര്‍ന്ന താപനിലയുമൊക്കെ നേരിടാനായി സുരക്ഷാ സ്‌ഫോടക ഡിസ്‌കുകളും സിലിണ്ടറുകളിലുണ്ടാവും.വായുവിനേക്കാള്‍ നേര്‍ത്തതാണ് ഈപ്രകൃതിവാതകം. ഇക്കാരണത്താല്‍ ചോര്‍ന്നാലും പെട്ടെന്ന് മുകളിലേക്കുയര്‍ന്ന് വായുവില്‍ ലയിച്ചുചേരുന്നതിനാല്‍ അപകടം കുറയുന്നു.
പെട്രോളും ഡീസലുമൊക്കെ വായുവിനേക്കാള്‍ കനമേറിയതു കൊണ്ടാണ് ചോര്‍ച്ച വന്‍ അപകടങ്ങളിലേക്ക് നയിക്കുന്നത്. ദ്രവീകൃത വാതകങ്ങളെ അപേക്ഷിച്ച് സി എന്‍ ജി, കാര്‍ബണ്‍ ഡയോക്‌സൈഡും മറ്റും വളരെ കുറച്ചുമാത്രമേ ബഹിര്‍ഗമിപ്പിക്കൂവെന്നതിനാല്‍ ഏറെ പരിസ്ഥിതി സൗഹാര്‍ദമാണ്. യൂറോപ്പ്, കാനഡ, ന്യൂസീലന്‍ഡ്, ആസ്‌ത്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലൊക്കെ സി എന്‍ ജി വിജയകരമായി നടപ്പാക്കി.ഡല്‍ഹിയിലും മുംബൈയിലും പൊതുഗതാഗതത്തില്‍ സി എന്‍ ജി ഇന്ധനം നിര്‍ബന്ധമാക്കിയത് അടുത്ത കാലത്തായിരുന്നു. ജീവനുവരെ ഭീഷണിയായ അന്തരീക്ഷമലിനീകരണം മറികടക്കാനായിരുന്നു ഈ ഇന്ധനമാറ്റം.

 

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest