Connect with us

National

കാവേരി: കര്‍ണാടക വീണ്ടും സുപ്രീംകോടതിയെ സമീപിക്കും

Published

|

Last Updated

ബെംഗളൂരു: തമിഴ്‌നാടിന് വെള്ളം കൊടുക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് കര്‍ണാടക. കാവേരി മാനേജ്‌മെന്റ് ബോര്‍ഡില്‍ പങ്കാളിയാവേണ്ടെന്നും ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും പുനഃപരിശോധനാ ഹരജി നല്‍കാനും തീരുമാനമായി. ഹരജി നാളെ സമര്‍പ്പിക്കും.
ഈ മാസം ആറ് വരെ ആറായിരം ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇത് ഉള്‍പ്പെടെ സെപ്തംബര്‍ 20 നും 30 നും ഇടയിലായി സുപ്രീംകോടതി ഇറക്കിയ ഉത്തരവുകളില്‍ ഭേഗദതി വരുത്തണമെന്നതാണ് കര്‍ണാടകയുടെ ആവശ്യം. കോടതി ഉത്തരവ് നടപ്പാക്കാന്‍ കര്‍ണാടകക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് കര്‍ണാടകയെന്നും ജസ്റ്റീസ് ദീപക് മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കര്‍ണാടകയില്‍ കുടിക്കാന്‍ വെള്ളമില്ലെന്നും വെള്ളം വിട്ടുകൊടുത്താല്‍ ജനങ്ങളുടെ കൂട്ടമരണമായിരിക്കും സംഭവിക്കുകയെന്നുമുള്ള അഭിപ്രായമാണ് ഇന്നലെ സര്‍വ കക്ഷിയോഗത്തില്‍ ഉയര്‍ന്നത്. തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണാന്‍ ഒക്‌ടോബര്‍ നാലിനകം കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബോര്‍ഡ് രൂപവത്കരണത്തിന് കര്‍ണാടകയില്‍ നിന്നും പ്രതിനിധിയെ കൊടുക്കേണ്ടതില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കേരളം, തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി സര്‍ക്കാറുകളുടെ രണ്ട് പ്രതിനിധികളെ വീതം ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും ഇവരുടെ പേര് വിവരങ്ങള്‍ ഇന്നലെ വൈകീട്ട് നാല് മണിക്കുള്ളില്‍ അറ്റോര്‍ണി ജനറലിനെ അറിയിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. ഒക്‌ടോബര്‍ അഞ്ചിന് ബോര്‍ഡിലെ പ്രതിനിധികള്‍ അണക്കെട്ടുകള്‍ പരിശോധിക്കണമെന്നും ഇതിന്റെ റിപ്പോര്‍ട്ട് ആറിന് ഹാജരാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗവും സര്‍വ കക്ഷിയോഗത്തിലെടുത്ത തീരുമാനം അംഗീകരിച്ചു.