Connect with us

Sports

ഐഎസ്എല്‍: ചാമ്പ്യന്‍മാര്‍ക്ക് ആവേശ സമനില

Published

|

Last Updated

കൊല്‍ക്കത്ത: ഐ എസ് എല്ലിലെ ചാമ്പ്യന്‍മാരുടെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. പ്രഥമ എഡിഷനിലെ ജേതാക്കളായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിയും തമ്മില്‍ രണ്ട് ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. 86ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂമാണ് കൊല്‍ക്കത്തയുടെ സമനില ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ഹ്യൂമിന്റെ ഗോള്‍.
അവസാന നിമിഷം വരെ വിജയ ഗോള്‍ നേടാന്‍ ഇരു ടീമുകളും മത്സരിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. കൊല്‍ക്കത്ത ടീമിന്റെ പുതിയ ഹോം ഗ്രൗണ്ടായ രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഏറെക്കുറെ വിരസമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. 59ാം മിനുട്ടില്‍ സമീഗ് ഡൗട്ടിയിലൂടെ കൊല്‍ക്കത്തയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. പോസ്റ്റിഗയുടെ പാസില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കൊല്‍ക്കത്ത മുന്നേറുന്നതിടെ 66ാം മിനുട്ടില്‍ ചെന്നൈയിന്‍ ഗോള്‍ മടക്കി. ലാല്‍ പെഖുലയുടെ പാസില്‍ നിന്ന് ജയേഷ് റാണയാണ് സമനില ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ ഡുഡു നല്‍കിയ പാസ് ലക്ഷ്യത്തിലെത്തിച്ച് ഹാന്‍സ് മള്‍ഡര്‍ ചെന്നൈയിനെ മുന്നിലെത്തിച്ചു. 86ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹ്യൂം കൈവിട്ടുപോകുമായിരുന്ന മത്സരം സമനിലയിലേക്കെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ ജെറി ലാല്‍റിന്‍സുആലയുടെ ഫൗളാണ് ചെന്നെയിന് വിനയായത്. സൗമീഗ് ഡൗട്ടിയെ ബോക്‌സില്‍ വെച്ച് വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു.

Latest