Connect with us

Gulf

വിനോദസഞ്ചാര രംഗത്ത് വികസനക്കുതിപ്പിന് ജനറല്‍ ശൈഖ് മുഹമ്മദിന്റെ നിര്‍ദേശം

Published

|

Last Updated

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അല്‍ ഐനില്‍ ഹിലി കോട്ട സന്ദര്‍ശിക്കുന്നു. അബുദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സൈഫ് ഗൊബാഷ് സമീപം

അല്‍ ഐന്‍: അല്‍ ഐന്‍ ഒയാസിസും ചരിത്ര സ്ഥലങ്ങളും പുരാവസ്തുക്കളുമെല്ലാം സംരക്ഷിച്ച് വിനോദസഞ്ചാര രംഗത്ത് അല്‍ ഐനില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഉത്തരവ്. ഇതിനായി അബുദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ അതോറിറ്റിയുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ടിന് ജനറല്‍ ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി.
സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അല്‍ ഐന്‍ ചരിത്ര-വിനോദ സ്ഥലങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താനുള്ള കാര്യങ്ങള്‍ ഒരുക്കണമെന്നാണ് ജനറല്‍ ശൈഖ് മുഹമ്മദിന്റെ നിര്‍ദേശം.
അല്‍ ഐനിലെ വിവിധ കോട്ടകളും അതിനോടനുബന്ധിച്ചുള്ള ചരിത്രസ്ഥലങ്ങളും ഇതില്‍ ഉള്‍പെടും.
3,000 ഏക്കറിലധികം വരുന്ന ഈന്തപ്പനമരങ്ങളും മറ്റു ഫലവൃക്ഷങ്ങളും ഉള്‍പെടുന്ന ഹീലി ഒയാസിസ് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു.
147,000 ഈന്തപ്പനമരങ്ങളാണ് ഇവിടെയുള്ളത്. 19-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബിന്‍ റബീഹ് ഗോപുരവും സന്ദര്‍ശിച്ചു. 1980ലാണ് അവസാനമായി ഇത് പുതുക്കിപ്പണിതത്. മണ്‍കട്ടകളും കളിമണ്ണും ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിട്ടുള്ളത്.
ഭരണാധികാരിയുടെ കിഴക്കന്‍ മേഖലാ പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
അല്‍ ഐന്‍ ഒയാസിസടക്കമുള്ളവ വിനോദസഞ്ചാര മേഖലക്ക് വലിയ മുതല്‍കൂട്ടാണെന്നും രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കല്‍ വിഷന്‍ അബുദാബി 2030 പദ്ധതിയുടെ ഭാഗമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.