Connect with us

Sports

ലാറ്റിനമേരിക്കന്‍ ഗോളില്‍ മുംബൈ

Published

|

Last Updated

മുംബൈ സിറ്റിയുടെ ഡിയഗോ ഫോര്‍ലാന്റെ മുന്നേറ്റംമുംബൈ സിറ്റിയുടെ ഡിയഗോ ഫോര്‍ലാന്റെ മുന്നേറ്റം

പൂനെ: ഉറുഗ്വെയുടെ ലോകകപ്പ് ഹീറോ ഡിയഗോ ഫോര്‍ലാന്റെ ക്ലാസിക് പാസില്‍ മാത്യാസ് ഡെഫെഡെറികോയുടെ സൂപ്പര്‍ ഗോള്‍ ! ഐ എസ് എല്ലിലെ മഹാരാഷ്ട്ര ഡെര്‍ബിയില്‍ എഫ് സി പൂനെ സിറ്റിക്കെതിരെ മുംബൈ സിറ്റി എഫ് സിക്ക് ജയം (1-0). അറുപത്തൊമ്പതാം മിനുട്ടിലാണ് വിജയഗോള്‍. ഇതോടെ, ആദ്യ കളിയില്‍ തന്നെ മൂന്ന് പോയിന്റ് സ്വന്തമാക്കി മുംബൈ ലീഗ് ടേബിളില്‍ മുന്‍നിരയില്‍.
കിക്കോഫിന് മുമ്പുള്ള ആവേശമൊന്നും കളിതുടങ്ങിയപ്പോള്‍ കണ്ടില്ല. രണ്ട് ടീമുകളും ജാഗ്രതയോടെ കളിച്ചപ്പോള്‍ മികച്ച നീക്കങ്ങള്‍ പലതും മധ്യഭാഗത്ത് വെച്ച് തകര്‍ന്നു. ഗോളിലേക്ക് ആദ്യമായി ഉന്നം വെച്ചത് ഹോം ടീമായ എഫ് സി പൂനെ സിറ്റിയാണ്. പത്താം മിനുട്ടില്‍ അരാറ്റ ഇസുമിയുടെ തകര്‍പ്പന്‍ ഹെഡര്‍. മുംബൈയുടെ ബ്രസീലിയന്‍ ഗോളി റോബര്‍ട്ടോക്ക് മുന്നില്‍ അത് വിലപോയില്ല. പ്രത്യാക്രമണത്തിന് മുംബൈ പദ്ധതിയിടും മുമ്പെ പൂനെ രണ്ടാം നീക്കം നടത്തി.
പൂനെ ക്യാപ്റ്റന്‍ ബ്രൂണോ ഹെരേരയുടെ ഡയറക്ട് കിക്ക് ജൊനാഥന്‍ ലൂകക്ക് ഗോളവസരം സൃഷ്ടിച്ചു. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫസ്റ്റ് ടൈം ഷോട്ടില്‍ വല കുലുക്കാന്‍ തുനിഞ്ഞെങ്കിലും മുംബൈക്ക് വീണ്ടും ഗോളി റോബര്‍ട് രക്ഷാകവചം തീര്‍ത്തു. മുപ്പത്തെട്ടാം മിനുട്ടില്‍ പൂനെ മൂന്നാം അവസരം കണ്ടെത്തി. പ്രതിരോധത്തെ ഉലച്ച് കളയുന്ന പാസിംഗിലൂടെ ഗുസ്താവോ ഒബെര്‍മാന്‍ മുംബൈ ഗോളിക്ക് മുഖാമുഖം എത്തി. ഒബെര്‍മാന്റെ ഷോട്ട് തകര്‍പ്പന്‍ ഡൈവിലൂടെ ഗോളി റോബര്‍ട് തട്ടിമാറ്റി.
മുംബൈയുടെ മികച്ച അവസരം ഡിയഗോ ഫോര്‍ലാന്റെ പാസിലായിരുന്നു. ഇടത് വിംഗിലൂടെ പന്തുമായി കയറിയ ഫോര്‍ലാന്‍ മികച്ചൊരു ഗ്രൗണ്ടര്‍ ക്രോസ് ബോള്‍ നല്‍കി. ബോക്‌സിനുള്ളില്‍ ക്രിസ്റ്റ്യന്‍ വഡോസിന്റെ കാലില്‍ പന്തെത്തി.
ഹംഗേറിയന്‍ സ്‌ട്രൈക്കര്‍ ലക്ഷ്യത്തിലേക്ക് ആഞ്ഞ് വരുമ്പോഴേക്കും പൂനെയുടെ ഇന്ത്യന്‍ ഡിഫന്‍ഡര്‍ ഗൗരമാംഗി സിംഗ് ബ്ലോക്കിട്ടു. രണ്ടാം പകുതിയില്‍ കുറേക്കൂടി ആവേശം കണ്ടു. പൂനെയുടെ ഹോംഗ്രൗണ്ടില്‍ ഐ എസ് എല്ലില്‍ ഇതുവരെ ജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് മുംബൈക്കുണ്ട്. അത് മാറ്റിയെടുക്കുവാനുള്ള ദൗത്യമാണ് ഫോര്‍ലാന്‍ ഏറ്റെടുത്തത്. വലത് വിംഗില്‍ നിന്നുള്ള ക്രോസ് ബോള്‍ ഫോര്‍ലാന്‍ ഫസ്റ്റ് ടചില്‍ വളരെ വിദഗ്ധമായി അര്‍ജന്റൈന്‍ വിംഗര്‍ ഡെഫെഡെറികോയുടെ മുന്നിലേക്ക് തള്ളിക്കൊടുത്തു. പെനല്‍റ്റി മേഖലയില്‍ നിന്ന് ഡെഫെഡെറികോ തൊടുത്ത ഷോട്ട് പൂനെയുടെ കാമറൂണ്‍ ഗോളി എദെല്‍ അപോലക്ക് തടയാനായില്ല. ഡെഫെഡെറികോയാണ് ഹീറോ ഓഫ് ദ മാച്ച്.

Latest