Connect with us

Ongoing News

സീക്കോയുടെ ഗോവയിറങ്ങുന്നു

Published

|

Last Updated

ഗുവാഹത്തി: ഐ എസ് എല്ലില്‍ തുടര്‍ ജയം ലക്ഷ്യമിട്ട് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഇന്ന് എഫ് സി ഗോവക്കെതിരെ. ഹോംഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയ നോര്‍ത്ത് ഈസ്റ്റ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എഫ് സി ഗോവ ബ്രസീലിയന്‍ കോച്ച് സീക്കോയുടെ കീഴില്‍ തന്നെയാണ് ഇത്തവണയും കളത്തിലിറങ്ങുന്നത്.
ടീം എത്രത്തോളം സജ്ജമായെന്ന് ഇന്നറിയാം. ഗോവന്‍ ടീമിന് ഐ എസ് എല്‍ നേടിക്കൊടുത്തേ അടങ്ങൂ എന്ന വാശിയിലാണ് മൂന്നാം സീസണിലും സീക്കോ ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറായത്. കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റതും, അതിനെ തുടര്‍ന്ന് ടീം ഉടമകളും ചെന്നൈയിന്‍ എഫ് സി താരങ്ങളും തമ്മിലുണ്ടായ അടിപിടിയുമെല്ലാം എഫ് സി ഗോവയുടെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്‍പ്പിച്ചു.
വിലക്ക് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഗോവന്‍ ടീം മൂന്നാം സീസണിന് ഇറങ്ങുന്നത്. ടീമിനുള്ളില്‍ നിന്ന് പൊട്ടലും ചീറ്റലും കേള്‍ക്കുന്നു. മികച്ചൊരു പരിശീലന ഗ്രൗണ്ട് ലഭ്യമാക്കാത്തതില്‍ കോച്ച് സീക്കോ ക്ലബ്ബ് ഒഫിഷ്യല്‍സുമായി കൊമ്പുകോര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഡി എസ് കെ ശിവാജിയന്‍സ്, ഇന്ത്യ അണ്ടര്‍ 19 ടീം എന്നിവരുമായി നിശ്ചയിച്ചിരുന്ന പരിശീലന മത്സരങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ഇത് ടീമിന്റെ ഒരുക്കത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സീക്കോ ദേഷ്യപ്പെട്ടത്. ഒരു വിദേശ ഗോള്‍കീപ്പറെ ഉടനടി സീക്കോ ടീമിലെത്തിക്കും. ഇന്ന് ലക്ഷ്മികാന്ത് കട്ടിമണിയാകും വല കാക്കുക.
മാര്‍ക്വു താരം ലൂസിയോക്കൊപ്പം റാഫേല്‍ ഡുമാസ് പ്രതിരോധത്തിലുണ്ടാകും. പ്രതിരോധത്തിലെ മൂന്നാമന്‍ കീനന്‍ അല്‍മെയ്‌ഡോയോ രാജുവോ എന്നത് സീക്കോയുടെ തന്ത്രം അനുസരിച്ചിരിക്കും വിംഗ് ബാക്കുകളായി റോമിയോ ഫെര്‍നാണ്ടസും മന്ദര്‍ റാവു ദേശായിയും.
മിഡ്ഫീല്‍ഡില്‍ റിചാല്‍ലിസന്‍ ബര്‍ബോസയും പ്രതേഷ് ശിരോദ്കറും. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി ജോഫ്രെ മാറ്റിയു. റെയ്‌നാള്‍ഡോയും റാഫേല്‍ കോയ്‌ലൊയും സ്‌ട്രൈക്കിംഗ് പാര്‍ട്ണര്‍മാര്‍. മുപ്പത്താറുകാരനായ മുന്‍ ലോക്കോമോട്ടീവ് മോസ്‌കോ മിഡ്ഫീല്‍ഡര്‍ ജൂലിയോ സീസറിനെ സീക്കോ സൂപ്പര്‍ സബ് ആക്കിയേക്കും. ഇടങ്കാല്‍ കൊണ്ട് ഫ്രീകിക്ക് എടുക്കുന്നതില്‍ വിദഗ്ധനാണ് സീസര്‍.
കഴിഞ്ഞ രണ്ട് സീസണിലും എവിടെയും എത്താതെ പോയ നോര്‍ത്ത് ഈസ്റ്റ് പുതിയ കോച്ച് നെവോ വിംഗാദയുടെ നിര്‍ദേശങ്ങളനുസരിച്ച് ചിട്ടയോടെ ഒത്തിണക്കമുള്ള ഗെയിം കാഴ്ചവെക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിനെതിരെ അത് പ്രകടമായി. ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുക്കുവാനും അവര്‍ കഠിനാധ്വാനം ചെയ്യുന്നു.

Latest