Connect with us

Kerala

ഇസില്‍ ബന്ധം: നാല് പേര്‍ കൂടി എന്‍ ഐ എ കസ്റ്റഡിയില്‍

Published

|

Last Updated

കൊച്ചി: ഇസില്‍ ബന്ധത്തിന്റെ പേരില്‍ നാല് പേര്‍ കൂടി എന്‍ ഐ എ കസ്റ്റഡിയില്‍. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് പിടിയിലായ ആറ് പേരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള നാല് പേരെ കൂടി പിടികൂടിയത്. ആറ് പേരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയതെന്നും നാല് പേരെ ചോദ്യം ചെയ്തുവരികയാണെന്നും എന്‍ ഐ എ അറിയിച്ചു. അറസ്റ്റിലായ ആറ് പേരെ ഇന്നലെ എറണാകുളത്തെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി. വിശദമായ ചോദ്യം ചെയ്യലിനായി പന്ത്രണ്ട് ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു.
ഇന്നലെ വൈകീട്ട് കോടതി സമയം കഴിയുന്നതിന് തൊട്ടുമുമ്പാണ് പ്രതികളെ എന്‍ ഐ എ ഹാജരാക്കിയത്. മുഖം മറച്ചാണ് ഇവരെ കോടതിയിലെത്തിച്ചതും തിരിച്ചു കൊണ്ടുപോയതും. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ മുഖം മറച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകുന്നതിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് കോടതി ആരാഞ്ഞു. കൈപ്പത്തിയില്‍ ശസ്ത്രക്രിയ നടത്തിയ റംഷാദ്, നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ട ജാസിം എന്നിവര്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ എന്‍ ഐ എക്ക് കോടതി നിര്‍ദേശം നല്‍കി.
പത്ത് പേരെ പ്രതിയാക്കിയാണ് എന്‍ ഐ എ കോടതിയില്‍ എഫ് ഐ ആര്‍ നല്‍കിയത്. ഇതില്‍ ഒന്നു മുതല്‍ നാല് വരെ പ്രതികളെയും ഒമ്പതും പത്തും പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കുമെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ സൂചന നല്‍കി. കോടതി കസ്റ്റഡിയില്‍ വിട്ടുനല്‍കിയ ആറ് പേരെയും തമിഴ്‌നാട്ടില്‍ നിന്നടക്കം കസ്റ്റഡിയിലെടുത്ത നാല് പേരെയും അജ്ഞാത കേന്ദ്രത്തിലാണ് എന്‍ ഐ എ ചോദ്യം ചെയ്യുന്നത്.
കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ എന്‍ ഐ എ തയ്യാറായിട്ടില്ല. കോടതിയില്‍ നല്‍കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലെ ഉള്ളടക്കം പോലും മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കാന്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.
കേരളത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഒരു ജഡ്ജിയും രാഷ്ട്രീയ പ്രവര്‍ത്തകനും ഉള്‍പ്പെടെ അഞ്ച് പേരെ ആക്രമിക്കുന്നതിനും ഏഴിടത്ത് ആക്രമണം നടത്തുന്നതിനും പ്രതികള്‍ പദ്ധതിയിട്ടുവെന്നാണ് എന്‍ ഐ എയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജമാഅത്തെ ഇസ്‌ലാമി കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ ലോറി ഇടിച്ചുകയറ്റി ആക്രമണം നടത്താന്‍ ഇവര്‍ ആലോചിച്ചുവെന്നും രാഹുല്‍ ഈശ്വര്‍ പങ്കെടുക്കാനിരുന്ന ഈ യോഗം ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

---- facebook comment plugin here -----

Latest