Connect with us

Gulf

ഹൈപ്പര്‍ ലൂപ് സംഘം ദുബൈയിലെത്തി

Published

|

Last Updated

ദുബൈ: അതിവേഗ യാത്രാ സംവിധാനമായ ഹൈപ്പര്‍ ലൂപ് ദുബൈയില്‍ സംവിധാനിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈപ്പര്‍ ലൂപ് സംഘം എത്തി. ദുബൈയുടെ ഭാവി കുതിപ്പിന്റെ വേഗതക്കായി ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ നടത്തുന്ന 12 ആഴ്ച നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ ലോസ് ആഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ ലൂപ് വണ്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുക്കും.
വായുശൂന്യമായ കുഴലിലൂടെ മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഗുളിക രൂപത്തിലുള്ള വാഹനമാണ് സംഘം വിഭാവനം ചെയ്യുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചതായുള്ള ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സംഘം യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ദുബൈയുടെ ഗതാഗത മേഖലയുടെ മുഖച്ഛായ മാറ്റുന്ന ഹൈപ്പര്‍ ലൂപ് ശൃംഖല യാഥാര്‍ഥ്യമാക്കാന്‍ ഹൈപ്പര്‍ ലൂപ് വണ്‍ കമ്പനിയും ഗവണ്‍മെന്റ് ഔദ്യോഗിക പങ്കാളികളായ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ അതോറിറ്റി (ആര്‍ ടി എ)യും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു.
ദുബൈയുടെ ഭാവി കെട്ടിപ്പടുക്കുന്നതിനായി ഏഴ് ഗവണ്‍മെന്റ് അതോറിറ്റികളുമായി ചേര്‍ന്ന് 30 കമ്പനികളാണ് പ്രവര്‍ത്തനരംഗത്തുള്ളത്. ഭാവി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും സാമ്പത്തിക വെല്ലുവിളി മറികടക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് ഗവണ്‍മെന്റ് അതോറിറ്റികളും കമ്പനികളും ചേര്‍ന്ന് നടത്തുന്നത്.
വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, അടിസ്ഥാന സൗകര്യ, ഊര്‍ജ രംഗത്ത് ആഗോള മാതൃക സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ദുബൈയെന്ന് യു എ ഇ ഭാവികാര്യ മന്ത്രിയും ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest