Connect with us

Malappuram

സ്വഫ്‌വാന്‍ കനകമലയിലേക്ക് പോയത് ടൂറിനെന്ന് മാതാവ്

Published

|

Last Updated

തിരൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പെരിങ്ങത്തൂരിനടുത്ത കനകമലയിലേക്ക് ടൂറിനാണെന്ന് പറഞ്ഞായിരുന്നു സ്വഫ്‌വാന്‍ പോയതെന്ന് മാതാവ്. എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച വൈകിട്ടാണ് പൊന്മുണ്ടം സ്വദേശി പൂക്കാട്ടില്‍ വീട്ടില്‍ സ്വഫ്‌വാനെ (30)യും കൂട്ടുകാരെയും പിടികൂടിയത്. രാജ്യദ്രോഹക്കുറ്റം അടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് സ്വഫ്‌വാനെയും മറ്റു അഞ്ച് പേരെയും എന്‍ ഐ എ അറസ്റ്റ് ചെയ്തത്. 2007ല്‍ കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലും സ്വഫ്‌വാന്‍ പ്രതിയാണ്. ആഗോള ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റു (ഐ എസ്) മായുള്ള ബന്ധം കണ്ടെത്തിയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്.
എന്നാല്‍ സംശയകരമായ രീതിയിലുള്ള പെരുമാറ്റം ഇതുവരെയും സ്വഫ്‌വാനില്‍ നിന്ന് ഉണ്ടായിരുന്നില്ലെന്ന് മാതാവ് പറഞ്ഞു. അറസ്റ്റ് ചെയ്ത വിവരം കേട്ടപ്പോള്‍ എല്ലാം പടച്ചോനില്‍ അര്‍പ്പിക്കുകയാണ്; പടച്ചോന്റെ വിധിപോലെയാണ് എല്ലാം നടക്കുകയെന്നും മാതാവ് പറഞ്ഞു.
മകനെ അറസ്റ്റ് ചെയ്‌തെന്ന വിവരം ഞായറാഴ്ച രാത്രി പോലീസുകാര്‍ റെയ്ഡിന് എത്തിയപ്പോയാണ് അറിഞ്ഞതെന്നും വീട്ടില്‍ പോലീസുകാര്‍ പരിശോധന നടത്തിയതായും മാതാവ് പറഞ്ഞു. സ്വഫ്‌വാന്റെ പിതാവ് ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു. മാതാവും ഏക സഹോദരി, ‘ഭാര്യ ചെറിയ രണ്ട് കുട്ടികള്‍ എന്നിവര്‍ക്കൊപ്പം വൈലത്തൂര്‍ പൊന്‍മുണ്ടത്താണ് സ്വഫ്‌വാന്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോഴിക്കോട് ഒരു പത്രം ഓഫീസില്‍ ഡിസൈനറായി ജോലിചെയ്തു വരികയാണ്.
ജോലി സ്ഥലത്ത് നിന്ന് ആഴ്ചയിലൊരിക്കലാണ് സ്വഫ്‌വാന്‍ വീട്ടില്‍ വന്നിരുന്നത്. തിങ്കളാഴ്ച അവധിയെടുത്ത് ഞായറാഴ്ചയാണ് അധികവും വരാറുള്ളത്. കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ വരില്ലെന്നും കനകമലയില്‍ കൂട്ടുകാരോടൊപ്പം ടൂര്‍ പോകുകയാണെന്നും സ്വഫ്‌വാന്‍ ഉമ്മയെ വിളിച്ചറിയിച്ചിരുന്നു. സ്വഫ്‌വാനോടൊപ്പം പിടിക്കപ്പെട്ട കൂട്ടുകാരെ അറിയില്ലെന്നും സുഹൃത്തുക്കളായി ആരും ഇവിടെ വന്നിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി പോലീസിന്റെ സഹായത്തോടെ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ സ്വഫ്‌വാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ചില രേഖകള്‍ പിടിച്ചെടുത്തു. സ്വഫ്‌വാന്‍ ഉപയോഗിച്ചിരുന്ന പെട്ടി, അലമാര എന്നിവയും ടാബ്‌ലെറ്റും പുസ്തകങ്ങളും പരിശോധിച്ചു. ഇന്നലെ രാവിലെ കല്‍പകഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ നിന്ന് പോലീസുകാര്‍ വന്ന് വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയതായും മാതാവ് പറഞ്ഞു.
2007 മാര്‍ച്ചില്‍ കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന്‍ എന്‍ ഡി എഫുകാരുടെ നേതൃത്വത്തില്‍ ആക്രമിച്ച കേസില്‍ ഇയാള്‍ പതിനൊന്നാം പ്രതിയാണ്.