Connect with us

Gulf

പിരിച്ചുവിട്ട തൊഴിലാളിക്ക് 86000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

Published

|

Last Updated

ദോഹ: പന്ത്രണ്ടു വര്‍ഷം തൊഴിലെടുത്ത ജീവനക്കാരനെ കമ്പനി അന്യായമായി പിരിച്ചുവിട്ടുവെന്ന കേസില്‍ തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 86,785 ഖത്വര്‍ റിയാലും നാട്ടിലേക്കുള്ള മടക്ക വിമാന ടിക്കറ്റും നല്‍കണമെന്ന് അഡ്മിനിസ്‌ട്രേറ്റിവ് അപ്പീല്‍ കോടതിയാണ് വിധിച്ചത്. ന്യായമായ കാരണം പറയാതെയാണ് പ്രവാസിയെ പിരിച്ചുവിട്ടതെന്ന് പ്രാദേശിക അറബി പത്രം അര്‍റായ റിപ്പോര്‍ട്ടു ചെയ്തു.
പന്ത്രണ്ടു വര്‍ഷം സര്‍വീസുള്ള ജീവനക്കാരനെ കമ്പനി ദിവസങ്ങളോളം സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം കമ്പനിക്കെതിരെ കോടതിയില്‍ കേസ് നല്‍കിയത്. പിരിച്ചുവിടല്‍ നോട്ടീസിനുള്ള നിയമപരമായ കാലാവധിയായ രണ്ടു മാസത്തെ ശമ്പളം, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 17 ദിവസത്തെ ശമ്പളം, റിട്ടേണ്‍ വിമാന ടിക്കറ്റ് നിരക്ക്, കാരണമില്ലാതെ പിരിച്ചുവിട്ടതിനുള്ള നഷ്ടപരിഹാരം, എടുക്കാത്ത ലീവ് ദിവസത്തെ സാമ്പത്തിക മൂല്യം എന്നിവ ഉള്‍പ്പെടെ അനുവദിച്ചു കിട്ടാന്‍ കമ്പനിയോടാവശ്യപ്പെടണമെന്ന് അഭ്യര്‍ഥിച്ചാണ് ഇദ്ദേഹം അഭിഭാഷകന്‍ മുഖേനെ കോടതിയെ സമീപിച്ചത്. ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കണമെന്നും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിനും കോടതി നടപടികള്‍ക്കും ചെലവായ തുക കമ്പനി ഒടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.ജീവനക്കാരന് 42,218 റിയാല്‍ നല്‍കണമെന്നായിരുന്നു പ്രാഥമിക കോടതി (കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ്) വിധിച്ചത്. എന്നാല്‍ വിധി ചോദ്യം ചെയ്ത് കമ്പനി മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. മേല്‍ക്കോടതി നിയോഗിച്ച വിദഗ്ധന്റെ കണ്ടെത്തലുകളെ തുടര്‍ന്ന് പ്രാഥമിക കോടതി വിധിച്ചതിന്റെ ഇരട്ടിയിലേറെ തുകയും മറ്റ് ആനുകൂല്യങ്ങളും കമ്പനി നല്‍കണമെന്ന് അപ്പീല്‍ കോടതി വിധിക്കുകയായിരുന്നു.

Latest