Connect with us

Sports

ലോകകപ്പില്‍ 48 ടീമുകളെ പങ്കെടുപ്പിക്കാന്‍ ഫിഫ

Published

|

Last Updated

ബൊഗോട്ട: ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം നാല്‍പ്പത്തെട്ടിലേക്ക് ഉയര്‍ത്തണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ജനുവരിയില്‍ ചേരുന്ന ഫിഫ കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. കൊളംബിയയിലെ ബഗോട്ടയിലെ സെര്‍ജിയോ അര്‍ബൊലെഡ സര്‍വ്വകലാശാലയില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഇന്‍ഫാന്റിനോ.
ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലോകകപ്പ് ഫൈനല്‍സില്‍ നാല്‍പത് ടീമുകളെ ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനമായിരുന്നു ഇന്‍ഫാന്റിനോ നല്‍കിയത്.
അധികാരത്തിലേറി ഒരു വര്‍ഷം തികയും മുമ്പെ ഇന്‍ഫാന്റിനോ കൂടുതല്‍ ലോകരാഷ്ട്രങ്ങള്‍ക്ക് അനുകൂലമായ നടപടിയാണ് കൈക്കൊള്ളുന്നത്.
നിലവില്‍ മുപ്പത്തിരണ്ട് ടീമുകളാണ് ഗ്രൂപ്പ് ഘട്ടം മുതല്‍ ലോകകപ്പില്‍ മത്സരിക്കുന്നത്. പുതിയ നിര്‍ദേശപ്രകാരം പതിനാറ് ടീമുകള്‍ അധികം വരും. ഇന്‍ഫാന്റിനോയുടെ പദ്ധതിപ്രകാരം ആദ്യ ഘട്ടം പതിനാറ് ടീമുകള്‍ ഒറ്റയടിക്ക് പുറത്താകുന്ന നോക്കൗട്ട് റൗണ്ടാണ്. അതിന് ശേഷം 32 ടീമുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പ് ഘട്ടം ആരംഭിക്കും.
ഫുട്‌ബോളിനെ ലോകം മുഴുവന്‍ വ്യാപിപ്പിക്കുക എന്ന ആശയമാണ് ഇതിന് പിറകില്‍. ഫിഫ ലോകകപ്പ് ഈ ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായി മാറേണ്ടതുണ്ട്. ഇത് വെറുമൊരു ചാമ്പ്യന്‍ഷിപ്പല്ല, സമൂഹങ്ങളുടെ ഒത്തുചേരലാണ് – ഇന്‍ഫാന്റിനോ പറഞ്ഞു.
എന്നാല്‍, ടീമുകളുടെ എണ്ണം നാല്‍പതിലേക്ക് ഉയര്‍ത്തുന്നതിനെ വിമര്‍ശിച്ചവര്‍ പുതിയ നിര്‍ദേശത്തോട് അതിലും രൂക്ഷമായിട്ടാകും പ്രതികരിക്കുക. ജര്‍മന്‍ കോച്ച് ജോക്വം ലോ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ടൂര്‍ണമെന്റിന്റെ മഹത്വം കുറയ്ക്കുമെന്ന അഭിപ്രായക്കാരനാണ്. യൂറോപ്യന്‍ ക്ലബ്ബുകളും ഇതിനെതിരെ ശക്തമായി രംഗത്തുണ്ട്. ഫെബ്രുവരി 26നാണ് ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Latest